Connect with us

Malappuram

വേങ്ങര ബ്ലോക്ക് പിടിക്കാന്‍ ഇരുപക്ഷവും

Published

|

Last Updated

വേങ്ങര: കണ്ണമംഗലം, എ ആര്‍ നഗര്‍, തെന്നല, എടരിക്കോട്, പറപ്പൂര്‍ എന്നീ ഏഴ് ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് വേങ്ങര ബ്ലോക്ക്. 1963 മെയ് ഒന്നിനാണ് ബ്ലോക്ക് രൂപവത്കരിച്ചത്.
1994ല്‍ ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വന്നപ്പോള്‍ എടരിക്കോടിനെ കൂട്ടിച്ചേര്‍ത്തും തേഞ്ഞിപ്പലത്തിന്റെ ഭാഗത്തെ ഒഴിവാക്കിയും പുനഃനിര്‍ണയിച്ചു. വേങ്ങര ഗ്രാമപഞ്ചായത്തിനെ വിഭജിച്ച് കണ്ണണംഗലം രൂപപ്പെട്ടപ്പോള്‍ കണ്ണമംഗലവും ഭാഗമായി. 2010ല്‍ ഒതുക്കുങ്ങലിനെ മലപ്പുറം ബ്ലോക്കിലേക്ക് നല്‍കിയും മലപ്പുറം ബ്ലോക്കിലെ ഊരകത്തെ വേങ്ങരയിലേക്ക് കൂട്ടിച്ചേര്‍ത്തും പുനര്‍നിര്‍ണയം നടത്തി. ഈ പരിധിയില്‍ നിന്നുള്ള തിരഞ്ഞെടുത്തവരാണ് ഇപ്പോള്‍ ഭരണ സമിതിയിലുള്ളത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഒതുക്കുങ്ങലിനെ വീണ്ടും കൂട്ടിച്ചേര്‍ത്തും എടരിക്കോടിനെയും തെന്നലയെയും തിരൂരങ്ങാടിയിലേക്ക് നല്‍കിയുമാണ് ക്രമീകരിച്ചിരിക്കുന്നത്.
ജലസ്രോതസുകളുടെ സംരക്ഷണവും കാര്‍ഷിക ഉത്പാദനവും ലക്ഷ്യമാക്കിയുള്ള കേന്ദ്രാവിഷ്‌കൃത സംയോജിത നീര്‍ത്തട പദ്ധതി നിലവില്‍ ബ്ലോക്കില്‍ നടപ്പിലാക്കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള വേങ്ങര കമ്യൂനിറ്റി ഹെല്‍ത്ത് സെന്ററില്‍ കാര്യമായ വികസനങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്ഷേപം. നിലവില്‍ പല പദ്ധതികള്‍ അവതാളത്തിലാണ്. വീണ്ടും പുനഃനിര്‍ണയിച്ച് പഞ്ചായത്തുകളെ കൊണ്ടും കൊടുത്തുമാണ് അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതെങ്കിലും അംഗബലത്തില്‍ കാര്യമായ മാറ്റങ്ങളോ വിള്ളലുകളോ തെല്ലും പ്രതീക്ഷയുമില്ല.

കാര്‍ഷിക രംഗത്ത് മുന്നേറ്റം

പരിമിതമായ ഫണ്ടുകളും പദ്ധതികളുമാണ് ബ്ലോക്ക് പഞ്ചായത്തിനുള്ളതെങ്കിലും ഏറെ ശ്രദ്ധേയമായ കാര്‍ഷിക വികസന പദ്ധതികളും സ്‌കൂളുകള്‍ക്കുള്ള വിവിധ സാമഗ്രികളുടെ വിതരണവുമടക്കം ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ ഈ ഭരണത്തില്‍ കഴിഞ്ഞിട്ടുണ്ട്. പാര്‍പ്പിടം, കുടിവെള്ളം എന്നിവയുടെ കാര്യത്തിലും മുന്തിയ പരിഗണനയാണ് ഭരണ സമിതി നല്‍കിയിട്ടുള്ളത്. സ്‌കൂളുകളിലേക്ക് ആവശ്യമായ പാചക പാത്രങ്ങള്‍ നല്‍കുകയും സ്‌കൂളുകളില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പച്ചക്കറി കൃഷിയെ പരിപോഷിപ്പിക്കാന്‍ ഹൈടെക് പോളി നഴ്‌സറി ആരംഭിച്ചു.
കവുങ്ങില്‍ സുലൈഖ(ബ്ലോക്ക് പ്രസിഡന്റ് )

വികസനത്തില്‍ പിന്നോട്ട്
എടുത്തു പറയത്തക്ക ഒരു നേട്ടവും അവകാശപ്പെടാനില്ലാത്തതാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ യു ഡി എഫിന്റെ ബ്ലോക്ക് പഞ്ചായത്ത് ഭരണം. അനുകൂലകരമായ കേന്ദ്ര-സംസ്ഥാന ഭരണങ്ങള്‍ ഉണ്ടായിട്ടുപോലും വികസനങ്ങള്‍ കൊണ്ടുവരുന്നതിന് ഈ ഭരണ സമിതിക്കായിട്ടില്ല. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വേങ്ങര സാമൂഹികാരോഗ്യം കേന്ദ്രം വികസിപ്പിക്കുന്നതിനോ പ്രസവ ശുശ്രൂഷക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോ ഇവര്‍ക്കായിട്ടില്ല.
ഒരു ഫാര്‍മസിസ്റ്റിനെ കൂടുതല്‍ നിയമിക്കാനെന്ന പേരില്‍ ഒ പി ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിന്നാണ് ഇവര്‍ ശ്രമിച്ചത്. ശക്തമായ പ്രതിഷേധം ഉടലെടുത്തപ്പോഴാണ് ഈ ജനദ്രോഹ നടപടിയില്‍ നിന്നും ഇവര്‍ പിന്മാറിയത്. കാര്‍ഷിക മേഖലയെ സംബന്ധിച്ച് വീമ്പു വറയുന്നവര്‍ ആ മേഖല സംരക്ഷിക്കുന്നതിന് ഒന്നും തന്നെ ചെയ്തിട്ടില്ല. നെല്‍കൃഷി വികസനത്തിനും നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കുന്നതിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
(കെ കെ രാമകൃഷ്ണന്‍)സി പി എം ഏരിയാ കമ്മിറ്റി അംഗം

Latest