Connect with us

Kerala

വിജയ ബേങ്കില്‍ നിന്ന് കൊള്ളയടിച്ച സ്വര്‍ണവും പണവും പൊട്ടക്കിണറ്റില്‍

Published

|

Last Updated

കാസര്‍കോട്: ചെറുവത്തൂരിലെ വിജയ ബേങ്കില്‍ നിന്ന് കൊള്ളയടിച്ച സ്വര്‍ണവും പണവും ചെര്‍ക്കളയിലെ ആള്‍താമസമില്ലാത്ത വീടിനു സമീപത്തെ പൊട്ടക്കിണറ്റില്‍ കണ്ടെത്തി. കിണറ്റില്‍ ചാക്കില്‍ കെട്ടിത്താഴ്ത്തിയ നിലയിലാണ് സ്വര്‍ണവും പണവും പോലീസ് കണ്ടെടുത്തത്. ബേങ്ക് കൊള്ളയുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള കല്ലഞ്ചിറ സ്വദേശി അബ്ദുല്ലത്വീഫിനെ ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണവും പണവും കിണറ്റില്‍ ചാക്കില്‍ക്കെട്ടി താഴ്ത്തിയതായി സമ്മതിച്ചത്.
ലത്വീഫിനു പുറമെ കുടക് സ്വദേശി മുസ്തഫ, അജാനൂരിലെ അബ്ദുല്‍ ഖാദര്‍, കാസര്‍കോട് സ്വദേശി മുബശിര്‍ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഈ സംഘത്തില്‍പ്പെട്ട ലത്വീഫ് എന്നയാളാണ് ബേങ്ക് കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തറ തുരന്ന് കവര്‍ച്ചക്കുള്ള വഴിയൊരുക്കിയതെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് ചെറുവത്തൂര്‍ ടൗണിലെ വിജയ ബേങ്ക് കെട്ടിടത്തില്‍ നിന്ന് ഇരുപത് കിലോ സ്വര്‍ണവും മൂന്ന് ലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. റെയില്‍വേപ്പാലം റോഡില്‍ മത്സ്യമാര്‍ക്കറ്റ് പരിസരത്തെ ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബേങ്കിലാണ് കവര്‍ച്ച നടന്നത്.

Latest