Connect with us

National

ഗുജറാത്തില്‍ സംവരണം ആവശ്യപ്പെട്ട് ബ്രാഹ്മണരും

Published

|

Last Updated

അഹമ്മദാബാദ്: സംവരണം ആവശ്യപ്പെട്ട് ഗുജറാത്തില്‍ പട്ടേല്‍ സമുദായം സമരമാരംഭിച്ചതിന് പിന്നാലെ ഇതേ ആവശ്യങ്ങളുന്നയിച്ച് ബ്രാഹ്മണ സമൂഹവും രംഗത്തെത്തി. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമടക്കം സംവരണം അനുവദിക്കണമെന്നാണ് ബ്രാഹ്മണ സമൂഹത്തിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പ്രമേയവും പാസാക്കി. ഗുജറാത്തിലെ ബി ജെ പി സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാറിനെ മാതൃകയാക്കി പൂജാരിമാര്‍ക്ക് ശമ്പളം നല്‍കണമെന്ന് സംഘടന പ്രസിഡന്റ് ശൈലേഷ് ജോഷി പറഞ്ഞു. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സമരവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്ന് സമര നേതാവായ ജോഷി പറഞ്ഞു.
ജാതിയുടെ അടിസ്ഥാനത്തിലല്ലാതെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ സംവരണം നല്‍കണമെന്നും നിലവിലുള്ള വ്യവസ്ഥ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രാഹ്മണ്‍ വികാസ് ബോര്‍ഡ് രൂപവത്കരിക്കണമെന്നും സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായം നടത്തുന്ന സമരം തുടരുന്നതിനിടെയാണ് ഇപ്പോള്‍ ബ്രാഹ്മണ സമുദായവും രംഗത്തെത്തിയത്.
നിലവിലെ സംവരണ രീതി മാറ്റുന്നതിന് സര്‍ക്കാര്‍ തയ്യാറാകണം. മതാടിസ്ഥാനത്തിലല്ല, സാമ്പത്തികം നോക്കിയാകണം സംവരണം. ബ്രാഹ്മണര്‍ ഉള്‍പ്പടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാവര്‍ക്കും സംവരണം അനുവദിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് പറഞ്ഞു. നിലവിലെ സംവരണമനുസരിച്ച് തങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസമോ മികച്ച ജോലിയോ ലഭിക്കുന്നില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

Latest