Connect with us

Kerala

മൂന്നാര്‍ സമരം; പെമ്പിളൈ ഒരുമൈയും നിരാഹാരത്തില്‍; പരിഹരിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും

Published

|

Last Updated

തൊടുപുഴ: മൂന്നാറില്‍ പെമ്പിളൈ ഒരുമൈയും ഇന്നലെ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. സംയുക്ത ട്രേഡ് യൂനിയന്റെ അനിശ്ചിതകാല നിരാഹാരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കും. ഇ എസ് ബിജിമോള്‍ എം എല്‍ എക്ക് ഇന്നലെയും പെമ്പിളൈ ഒരുമൈ സമരവേദിയില്‍ ഊഷ്മള സ്വീകരണം ലഭിച്ചു. എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രനും ബി എം എസ് വനിതാ നേതാക്കളും പെമ്പിളൈ ഒരുമൈ സമരവേദിയിലെത്തി. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനാണ് ഒരുമൈയുടെ തീരുമാനം.
ഇരുവിഭാഗങ്ങളും രാത്രി സമരം ആരംഭിച്ചതോടെ പോലീസ് സുരക്ഷ കര്‍ശനമാക്കി. ലിസി സണ്ണി, ഗോമതി അഗസ്റ്റിന്‍, രാജേശ്വരി, ശ്രീലത, കൗസല്യ എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്ന പെമ്പിളൈ ഒരുമൈ നേതാക്കള്‍. ആദ്യം അനുമതി നിഷേധിച്ച പോലീസ് പിന്നീട് നിരാഹാരസമരം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ സ്ത്രീ തൊഴിലാളികള്‍ ഇന്നലെ ഒരുമൈ വേദിയിലെത്തി.
ഇ എസ് ബിജിമോള്‍ ഏറെ സമയവും ചെലവഴിച്ചത് പെമ്പിളൈ ഒരുമൈ വേദിയിലായിരുന്നു. ഇവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളോട് കേരളത്തില്‍ ആര്‍ക്കും വിയോജിപ്പില്ല. എല്ലാ പിന്തുണയും ഇവര്‍ക്കുമുണ്ട് കൂട്ടായി നീങ്ങിയാലേ പോരാട്ടം വിജയിക്കൂ ബിജിമോളും കെ പി രാജേന്ദ്രനും പറഞ്ഞു. ഡി സി സി പ്രസിഡന്റ് റോയ് കെ പൗലോസ്, റോഷി അഗസ്റ്റിന്‍ എം എല്‍ എ എന്നിവര്‍ ട്രേഡ് യൂനിയന്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
ബി എം എസ് സംസ്ഥാന സെക്രട്ടറി ടി പി സിന്ധുമോള്‍, വൈസ്പ്രസിഡന്റ് അഡ്വ. ആശ, എറണാകുളം ജില്ല ജോയിന്റ് സെക്രട്ടറി സതി ഹരിദാസ് എന്നിവരാണ് പെമ്പിളൈ ഒരുമൈ വേദിയിലിരുന്നത്. പി എല്‍ സി യോഗത്തില്‍ പെമ്പിളൈ ഒരുമൈയുടെ പ്രതിനിധിയെയും പങ്കെടുപ്പിക്കണമെന്ന് ബി എം എസ് ആവശ്യപ്പെടും. യോഗത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ബി എം എസ് നിരാഹാര സമരം ആരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

---- facebook comment plugin here -----

Latest