Connect with us

Articles

ഇസിലോ, ബശറോ?

Published

|

Last Updated

സിറിയയില്‍ താത്പര്യങ്ങളുടെ സംഘട്ടനം അപകടകരമായ പുതിയ വഴികളിലേക്ക് നീങ്ങുകയാണ്. രാജ്യം അക്ഷരാര്‍ഥത്തില്‍ പങ്കുവെക്കപ്പെട്ടിരിക്കുന്നു. ബശര്‍ അല്‍ അസദ് സര്‍ക്കാറിന് പരിമിതമായ ഇടങ്ങളിലേ യഥാര്‍ഥ നിയന്ത്രണമുള്ളൂ. വലിയൊരു ഭാഗം ഇസില്‍ സംഘത്തിന്റെ വരുതിയിലാണ്. ഇനിയൊരു ഭാഗം കുര്‍ദുകളുടെ ആധിപത്യത്തിലാണ്. മറ്റൊരു ഭാഗം വിമത സൈന്യത്തിന്റെയും. അങ്ങേയറ്റം മാരകമായ ആയുധങ്ങളാണ് ഭരണകൂടം പ്രയോഗിക്കുന്നത്. ബാരല്‍ ബോംബുകളും രാസായുധങ്ങളുമുണ്ട് കൂട്ടത്തില്‍. ഇസില്‍ സംഘം പ്രയോഗിക്കുന്ന ആയുധങ്ങളും ഉഗ്രസംഹാര ശേഷിയുള്ളവയാണ്. അമേരിക്ക ഇറക്കികൊടുത്ത ആയുധങ്ങളും സന്നാഹങ്ങളുമായി വിമതരും. അവര്‍ക്ക് സി ഐ എ നേരിട്ട് പരിശീലനം നല്‍കിയിരിക്കുന്നു. ഇതിനിടയില്‍ ജീവിതം അസാധ്യമായതോടെ ജനങ്ങള്‍ക്ക് മുന്നില്‍ പലായനമല്ലാതെ മറ്റ് വഴികളില്ല. 2011ല്‍ തുടങ്ങിയ ബശര്‍ വിരുദ്ധ സായുധ കലാപത്തിലും പിന്നീട് നടന്ന ഇസില്‍ ഭീകരാധിനിവേശത്തിലും ഇവ രണ്ടിനുമെതിരെ നടക്കുന്ന സൈനിക നടപടികളിലുമായി രണ്ടര ലക്ഷം പേര്‍ ഇതിനകം മരിച്ചു വീണുവെന്നാണ് കണക്ക്. ഈ കൂട്ടക്കുഴപ്പത്തിലേക്ക് വന്‍ ശക്തികള്‍ എല്ലാതരം നാട്യങ്ങളും മാറ്റിവെച്ച് അത്യന്തം ഭീകരമായ നിലയില്‍ എടുത്തു ചാടുന്നുവെന്നതാണ് ഏറ്റവും പുതിയ കാര്യം. യു എന്നിന്റെ അനുമതിയെന്ന നാടകാന്തത്തിലെത്താനേ ഇനിയുള്ളൂ. ഇവിടെ സിറിയയുടെ ഭാവിയെക്കുറിച്ചുള്ള ഏത് ചോദ്യവും ചെന്നെത്തുക യുദ്ധവിമാനങ്ങളും ആയുധക്കൂമ്പാരവുമായി ഈ മണ്ണില്‍ പറന്നിറങ്ങിയവരുടെ താത്പര്യങ്ങളിലാണ്.
ബശര്‍ അല്‍ അസദിനെ അധികാരത്തില്‍ സംരക്ഷിച്ചു നിര്‍ത്തുകയെന്നത് റഷ്യയുടെ പ്രഖ്യാപിത നയമാണ്. ബശറിനെ സ്ഥാനഭ്രഷ്ടനാക്കുന്നത് പ്രശ്‌നത്തിന്റെ പരിഹാരമല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദമീര്‍ പുടിന്‍ ആവര്‍ത്തിക്കുന്നു. ഇന്നത്തെ സ്ഥിതി വിശേഷത്തില്‍ ഉയര്‍ന്നു വന്നതല്ല ഈ നയം. ബശറിന്റെ പിതാവ് ഹാഫിസ് അല്‍ അസദിന്റെ കാലത്തെ മോസ്‌കോ ഈ നയം തന്നെയാണ് തുടര്‍ന്നത്. ഒരര്‍ഥത്തില്‍ അത് ശീത സമര ചരിത്രത്തിന്റെ തടര്‍ച്ചയാണ്. സിറിയയില്‍ ന്യൂനാല്‍ ന്യൂനപക്ഷമായ അല്‍വൈറ്റ് ശിയാ വിഭാഗത്തില്‍ പെട്ട അസദ് കുടുംബത്തിന് അധികാരത്തില്‍ തുടരാന്‍ സാധിച്ചത് ഇത്തരം ബാഹ്യ സംരക്ഷണം കൊണ്ടായിരുന്നു. ലബനാന്‍ നേതാവ് റഫീക്ക് അല്‍ ഹരീരി കൊല്ലപ്പെട്ടപ്പോഴും ഇസ്‌റാഈലുമായി പലവട്ടം കൊമ്പു കോര്‍ത്തപ്പോഴുമെല്ലാം റഷ്യ അസദ് കുടുംബത്തിനൊപ്പമായിരുന്നു. നേരെ എതിര്‍വശത്ത് ഉണ്ടായിരുന്നത് അമേരിക്കയും കൂട്ടാളികളുമായിരുന്നു. “ഇന്റര്‍നാഷനല്‍ ആക്‌ടേഴ്‌സ്”, “ഇന്റര്‍നാഷനല്‍ പ്ലെയേഴ്‌സ്” എന്നൊക്കെയാണല്ലോ പാശ്ചാത്യ മാധ്യമങ്ങള്‍ സൃഷ്ടിച്ചുവെച്ച പദാവലികള്‍. അങ്ങനെ ഒരു കളിയായി ഈ കുതന്ത്രങ്ങളെ ലളിതവത്കരിച്ചാല്‍ (മഹാപാതകമാണ് ചെയ്യുന്നത്) ടീം വ്യക്തമാണ്. ഇസ്‌റാഈലും ഫ്രാന്‍സും ബ്രിട്ടനും അമേരിക്കയും ഒരു ഭാഗത്ത്. റഷ്യയും ചൈനയും ഇറാനും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും മറുഭാഗത്ത്. യു എന്നടക്കമുള്ള എല്ലാ വേദികളിലും ഈ ചേരികള്‍ വ്യക്തമായിരുന്നു. എപ്പോഴൊക്കെ അസദിനെ ശിക്ഷിക്കാനുള്ള പ്രമേയങ്ങള്‍ വന്നോ അപ്പോഴൊക്കെ റഷ്യയും ചൈനയും അതിനെ വീറ്റോ ചെയ്യുകയോ നേര്‍പ്പിക്കുകയോ ചെയ്തു.
2011ല്‍ അറബ് മേഖലയിലാകെ വൈകാരിക പ്രക്ഷോഭങ്ങള്‍ അരങ്ങേറിയപ്പോള്‍ സിറിയയിലും അതിന്റെ അനുരണനങ്ങള്‍ ഉണ്ടായി. അന്ന് തന്നെ റഷ്യന്‍ ചാരന്‍മാര്‍ക്ക് അപകടം മണത്തു. അമേരിക്ക ഇവിടെ കളിക്കിറങ്ങും. അതിന് അനുവദിക്കരുത്. അങ്ങനെയാണ് ചര്‍ച്ചക്ക് തയ്യാറായിക്കൊള്ളാന്‍ ബിഗ് ബ്രോ അസദിനെ ഉപദേശിച്ചത്. അദ്ദേഹം ചില ജനാധിപത്യ വിട്ടുവീഴ്ചകള്‍ മുന്നോട്ട് വെക്കുകയും ചെയ്തു. പക്ഷേ അമേരിക്കയും പാശ്ചാത്യ ശക്തികളും ഏറെ മുന്നോട്ട് പോയിരുന്നു. അവര്‍ വിമത ഗ്രൂപ്പുകളെ വിലക്കെടുത്തു. ബ്രദര്‍ഹുഡ് അടക്കമുള്ള അധികാരമോഹികളായ ഇസ്‌ലാമിസ്റ്റുകള്‍ യു എസ് താളത്തിനനുസരിച്ച് തുള്ളി. എല്ലാ ഗ്രൂപ്പുകളെയും ആയുധമണിയിക്കാന്‍ അമേരിക്കക്ക് സാധിച്ചു. ആജന്മ ശത്രുവെന്ന് അവര്‍ പറയുന്ന അല്‍ ഖാഇദക്ക് പോലും ആയുധങ്ങള്‍ ലഭിച്ചു. സി ഐ എ നേരിട്ടിറങ്ങി പരീശീലനം നല്‍കി. ഇതോടെ റഷ്യ കൃത്യമായി അസദിനൊപ്പം നിന്നു. ആയുധമായും പണമായും ഉപദേശമായും റഷ്യന്‍ സൗഹൃദം ദമസ്‌കസിലേക്ക് ഒഴുകി. പക്ഷേ അത്‌കൊണ്ടൊന്നും അസദ് ഭരണകൂടത്തിന് പിടിച്ചു നില്‍ക്കാനായില്ല. അത് ചിതറിപ്പോകുക തന്നെ ചെയ്തു. സിറിയന്‍ സൈന്യത്തിന് ഒരു നിയന്ത്രണവുമില്ലാത്ത അതിര്‍ത്തികളിലൂടെയാണ് ഇസില്‍ സംഘം കടന്ന് വന്നതും അവര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ വേരുറപ്പിക്കാനുള്ള മണ്ണായി സിറിയ മാറിയതും. ഇന്ന് സിറിയയില്‍ റഷ്യ വ്യോമാക്രമണം തുടങ്ങുമ്പോള്‍ അവര്‍ മുന്നോട്ട് വെക്കുന്ന ലക്ഷ്യം ഇസില്‍ ഉന്മൂലനമാണ്. പക്ഷേ, പ്രയോഗത്തില്‍ അതല്ല കാണുന്നത്. അവരുടെ മുന്‍ഗണന അസദിനെ സംരക്ഷിക്കലാണെന്ന് ആക്രമണത്തിന്റെ ദിശ നോക്കിയാലറിയാം. ഹംസ്, സലാമിയ, ഹമ എന്നവിടങ്ങളിലാണ് റഷ്യ കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമായും ആക്രമിച്ചത്. ഈ മേഖല ഇസിലിന് സ്വാധീനമുള്ളവയല്ല. മറിച്ച് ബശര്‍ വിരുദ്ധ സായുധ സംഘമായ ഫ്രീ സിറിയന്‍ ആര്‍മിയുടെ ശക്തി കേന്ദ്രമാണ്.
ഇനി അമേരിക്കയുടെ താത്പര്യം നോക്കാം. ശീതസമരം അവസാനിച്ചുവെന്നൊക്കെ പ്രസംഗിക്കും. ഇന്നും റഷ്യ നില്‍ക്കുന്നതിന്റെ വിപരീതത്തില്‍ തന്നെയാണ് യു എസ്. ഒബാമ വന്നാലും ഹിലാരി വന്നാലും അതില്‍ മാറ്റമില്ല. സിറിയയില്‍ യു എസ് ആദ്യമേ നിശ്ചയിച്ചതാണ് ബശറിനെ പുറത്താക്കണമെന്ന്. ജൂലാന്‍ കുന്നുകളെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇടപെട്ട് ഇസ്‌റഈലിന് നല്‍കിയ വാക്കാണ് അത്. നാല് വര്‍ഷം മുമ്പ് തുടങ്ങിയതാണ് പിന്നില്‍ നിന്ന് കരുക്കള്‍ നീക്കാന്‍. ഇനിയിപ്പോള്‍ മുന്നില്‍ നിന്ന് കളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. റഷ്യന്‍ ഇടപെടലിനെ അമേരിക്ക ശക്തിയുക്തം എതിര്‍ക്കുന്നതിന്റെ പൊരുള്‍ വ്യക്തമാണ്. തങ്ങള്‍ ഇക്കാലം വരെ നട്ടു നനച്ച് വളര്‍ത്തിയ ബശര്‍വിരുദ്ധ താവളങ്ങള്‍ മുഴുവന്‍ റഷ്യ മുടിക്കും. ബശര്‍ അല്‍ അസദിന് ചില്ലറ ആത്മവിശ്വാസമല്ല അത് പകരുക. മാത്രമല്ല, യു എന്നില്‍ റഷ്യ കൊണ്ടുവരാന്‍ പോകുന്ന പ്രമേയത്തിന് ഇരുതല മൂര്‍ച്ചയുണ്ടെന്നും അമേരിക്ക കാണുന്നു. സിറിയന്‍ സമ്മതമില്ലാതെ ആരും അവിടെ ഇടപെടരുതെന്നാണ് പ്രമേയത്തിന്റെ അന്തസ്സത്ത. സിറിയയിലെ നിയമാനുസൃത ഭരണ നേതൃത്വമായ അസദ് ക്ഷണിച്ചിട്ടാണ് തങ്ങള്‍ ഇടപെട്ടതെന്ന് റഷ്യ വാദിക്കും. അത്‌കൊണ്ട് സ്വന്തം ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഒരു ഭരണകൂടത്തെ വാഴിക്കാതെ അമേരിക്കന്‍ ഇംഗിതം(സയണിസ്റ്റ് ഇംഗിതം) നടക്കാന്‍ പോകുന്നില്ല. ഇസില്‍ ദൗത്യത്തിന്റെ മറവില്‍ ബശറിനെ തന്നെയാണ് അവരും ലക്ഷ്യമിടുന്നതെന്ന് ചുരുക്കം.
ഇനി ഇറാനിലേക്ക് വരാം. അവര്‍ ഇന്ന് യു എസിന്റെ മുന്നില്‍ നല്ലപിള്ളമാരാണ്. പാശ്ചാത്യര്‍ക്ക് ഇറാനോട് പിരിശം കൂടിക്കൂടി വരുന്നു. ആണവ ശക്തിയാകാനുള്ള അവകാശം അടിയറവെച്ചതോടെ ഇസ്‌റാഈലിനും പഴയ ശത്രുതയില്ല. അറബ് രാജ്യങ്ങളുടെ ഇറാന്‍ പേടി അല്‍പ്പം ശമിച്ചിട്ടുമുണ്ട്. ഈ ഘട്ടത്തില്‍ വന്‍ ശക്തികളുടെ കൈയാളായി മാറിയിരിക്കുന്നു ഇറാന്‍. ഇസിലുകളെ നേരിടാനെന്ന പേരില്‍ അവരും സിറിയയിലേക്ക് സൈന്യത്തെ അയക്കുകയാണ്. തികഞ്ഞ വംശീയപ്രേരിത സമീപനമാണ് ആ രാജ്യത്തിന്റെത്. ശിയാ ആയ ബശറിനെ സംരക്ഷിക്കണം. അതിന് റഷ്യയോടൊപ്പം ചേരാം. നേരത്തേ തന്നെ ഉപദേശികളുടെ കുപ്പായത്തില്‍ നിരവധി ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ സിറിയയിലുണ്ട്. ഇസിലിന്റെ നാശത്തിനായി നോമ്പു നോല്‍ക്കുന്നു തങ്ങളെന്ന് ഇറാനും ആക്രോശിക്കുന്നുണ്ട്. എന്നാല്‍ സത്യം നേര്‍ വിപരീതമാണ്. ഇസില്‍ ഭീഷണിയായിരിക്കുന്നത് ശിയേതരമായ രാഷ്ട്രങ്ങള്‍ക്കാണ്. തത്കാലം അതങ്ങനെ തുടരുന്നതില്‍ ഇറാന് വേദനയൊന്നുമില്ല.
ചിത്രം വളരെ വ്യക്തമാണ്. സിറിയയില്‍ ഇപ്പോള്‍ നടക്കുന്നത് ഇസില്‍വിരുദ്ധ ദൗത്യമല്ല. ഈ സംഘത്തെ തൂത്തെറിയുകയെന്ന ലക്ഷ്യം അമേരിക്കക്കില്ല, റഷ്യക്കും. അവരൊക്കെ വളര്‍ത്തിയെടുത്ത പ്രസ്ഥാനമാണ് ഇസില്‍. ഇസ്‌ലാമിന്റെ പേരും ചരിത്രവും ഉപയോഗിക്കുന്ന എല്ലാ തരം വ്യതിയാനങ്ങളെയും സാമ്രാജ്യത്വം അതത് കാലങ്ങളില്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. മതരാഷ്ട്രവാദ പ്രസ്ഥാനങ്ങളും കേവല പരിഷ്‌കരണ നാട്യങ്ങളും മതത്തെ ഭീകരവാദത്തിന്റെ മരത്തില്‍ കെട്ടിയിടുകയാണ് ചെയ്തത്. എല്ലാ കോണില്‍ നിന്നും ആക്രമണം നേരിട്ട് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന മതത്തെയാണല്ലോ സയണിസത്തിനും സാമ്രാജ്യത്വത്തിനും വേണ്ടത്. ഈ ദൗത്യം ഭംഗിയായി നിര്‍വഹിക്കുന്ന ഇസിലിനെ എന്തിന് അവര്‍ തകര്‍ക്കണം? ചരിത്ര ശേഷിപ്പുകള്‍ക്കും പുണ്യ കേന്ദ്രങ്ങള്‍ക്കും നേരെ ഇസില്‍ സംഘം നടത്തുന്ന കടന്നാക്രമണങ്ങളും അവര്‍ കാട്ടിക്കൂട്ടുന്ന ക്രൂരതകളും മാത്രം മതി ഇതിന് തെളിവ്. ഏതെങ്കിലും ഒരു രാജ്യത്തിന്റെ ഭരണ നേതൃത്വം ആത്യന്തികമായി ഇസില്‍ സംഘം പിടിച്ചെടുത്താല്‍ അവരുമായി ആദ്യം നയതന്ത്ര ബന്ധം പുലര്‍ത്തുന്ന രാജ്യം അമേരിക്കയായിരിക്കും. രണ്ടാമത് ഇസ്‌റാഈലും.
അസദിനെ നിലനിര്‍ത്താന്‍ റഷ്യന്‍ ചേരി. താഴെയിറക്കാന്‍ യു എസ് ചേരി. ഇത് മാത്രമാണ് സിറിയയില്‍ നടക്കുന്നത്. പ്രശ്‌നപരിഹാരത്തിന് ആര്‍ക്കും താത്പര്യമില്ല. സിറിയയുടെ ഭാവി ആരേയും അലട്ടുന്നില്ല. ഒടുവില്‍ രംഗപ്രവേശം ചെയ്ത് ഭരണം പിടിച്ചെടുക്കാമെന്ന് കണക്കുകൂട്ടി തിരശ്ശീലക്ക് പിന്നില്‍ നില്‍ക്കുന്ന ബ്രദര്‍ഹുഡ് പോലുള്ള കക്ഷികളും സാമ്രാജ്യത്വ ശക്തികളുടെ ചരടനുസരിച്ചാണ് ആടുന്നത്. സ്വന്തം രാജ്യത്തോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ അവര്‍ക്ക് നട്ടെല്ലില്ല. മുല്ലപ്പൂ മണം പടര്‍ന്ന ലിബിയയുടെ അനുഭവം മുന്നിലുണ്ട്. അതിനേക്കാള്‍ മോശമായ നിലയിലേക്കാണ് സിറിയ സഞ്ചരിക്കുന്നത്. ബശര്‍ വീഴുകയോ വാഴുകയോ ചെയ്യട്ടെ. പുറത്തു നിന്നുള്ള ഇടപെടലില്‍ നിന്ന് മോചിതമാകുന്ന ഭരണ സ്ഥിരതയിലേക്ക് ഈ രാജ്യത്തെ നയിക്കും? അത്തരമൊരു ഭരണസംവിധാനത്തിന് മാത്രമേ ഇസിലിനോട് നിരുപാധികം പൊരുതാനാകൂ.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest