Connect with us

International

അഫ്ഗാനില്‍ ആശുപത്രിക്ക് നേരെ യു എസ് വ്യോമാക്രമണം: ഒമ്പത് സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കാബൂള്‍: അഫ്ഗാനിലെ കുന്ദുസ് നഗരത്തില്‍ അമേരിക്കന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് ആശുപത്രി ജീവനക്കാര്‍ കൊല്ലപ്പെട്ടു. ആശുപത്രിക്ക് നേരെ നടന്ന വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് സന്നദ്ധപ്രവര്‍ത്തകരായെത്തുന്ന ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്- മെഡസിന്‍സ് സാന്‍സ് ഫ്രോന്റിയേഴ്‌സ് (എം എസ് എഫ്) അധികൃതര്‍ അറിയിച്ചു. 19 എം എസ് എഫ് സ്റ്റാഫുകള്‍ ഉള്‍പ്പെടെ 37 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അര്‍ധരാത്രിയായിരുന്നു ആക്രമണം. സന്നദ്ധ സംഘടന നടത്തുന്ന ആശുപത്രിക്ക് നേരെ യു എസ് വ്യോമാക്രമണം നടന്നതായി നാറ്റോ സ്ഥിരീകരിച്ചു. വലിയ അപകടത്തിന് ഇത് കാരണമായിട്ടുണ്ടെന്നും നാറ്റോ കൂട്ടിച്ചേര്‍ത്തു.
കുന്ദുസിലെ പ്രധാനപ്പെട്ട എം എസ് എഫ് ആശുപത്രിയായിരുന്നു ആക്രമണത്തിനിരയായത്. താലിബാന്‍ നഗരം പിടിച്ചെടുത്തതോടെ ആശുപത്രി മുന്നോട്ടുകൊണ്ടുപോകാനാകാതെ പ്രയാസം നേരിടുകയായിരുന്നു. പ്രധാന പരുക്കുകള്‍ പറ്റുന്നവരെ ചികിത്സിക്കാനുള്ള ഏക പ്രധാന ആശുപത്രിയും ഇതായിരുന്നു. നിരവധി തവണ ആശുപത്രിക്ക് നേരെ വ്യോമാക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. 30 മിനിറ്റിലധികം ഇവിടെ വ്യോമാക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആക്രമണം നടക്കുന്ന സമയത്ത് ഇവിടെ 105 രോഗികളും 80ലധികം എം എസ് എഫ് സ്റ്റാഫുകളും ഉണ്ടായിരുന്നതായി ഒരു പ്രസ്താവനയില്‍ സംഘടന അറിയിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് നാറ്റോ വ്യക്തമാക്കി. യു എസ് സൈന്യത്തിനും അഫ്ഗാന്‍ സൈന്യത്തിനും തങ്ങളുടെ പ്രവര്‍ത്തന മേഖലകളെ കുറിച്ച് നിരവധി തവണ അറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് എം എസ് എഫ് പറയുന്നു. എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് വിശദവും വ്യക്തവുമായ വിവരം ബന്ധപ്പെട്ടവരോട് തേടിയിട്ടുണ്ടെന്ന് എം എസ് എഫ് അറിയിച്ചു. ആക്രമണം നടക്കുന്ന സമയത്ത് ആശുപത്രിയില്‍ ഒറ്റ താലിബാന്‍കാരനും ഉണ്ടായിരുന്നില്ലെന്നും വര്‍ഷങ്ങളായി അഫ്ഗാനില്‍ അധിനിവേശം നടത്തുന്നവരുടെ തനിനിറം തുറന്നുകാട്ടുന്നതാണ് ഈ ആക്രമണമെന്നും വര്‍ഷങ്ങളായി ഇത്തരം സംഭവങ്ങള്‍ പതിവാണെന്നും താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് ചൂണ്ടിക്കാട്ടി.
ആക്രമണ സമയത്ത് ഇവിടെ നിരവധി കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്നു. അവരില്‍ പലര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ആശുപത്രി കെട്ടിടത്തിന് തീപ്പിടിച്ചപ്പോള്‍ കുട്ടികളുടെയും സ്ത്രീകളുടെ നിലവിളി കേട്ടിരുന്നതായി ഇവിടുത്തെ ജോലിക്കാരന്‍ അബ്ദുല്‍ മനാര്‍ സാക്ഷ്യപ്പെടുത്തി. കുന്ദുസ് പിടിച്ചെടുത്തെന്ന് അവകാശപ്പെട്ട് അഫ്ഗാന്‍ സൈന്യം നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ നഗരം ഇപ്പോഴും തങ്ങളുടെ കൈവശമാണെന്നാണ് താലിബാനുകള്‍ പറയുന്നത്.

Latest