Connect with us

Wayanad

അനിശ്ചിതകാല പണിമുടക്ക് ആറാം ദിനവും പൂര്‍ണം

Published

|

Last Updated

കല്‍പ്പറ്റ: വേതന വര്‍ധനവ് ആവശ്യപ്പെട്ട് തോട്ടം തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ആറാം ദിനവും ജില്ലയില്‍ പൂര്‍ണം. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാത്ത സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തൊഴിലാളികള്‍ തെരുവിലേക്ക് സമരം വ്യാപിച്ചു. മൂന്നിടങ്ങളില്‍ തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു.
തൊഴിലാളികളോടുള്ള സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും നിഷേധാത്മക സമീപനങ്ങളില്‍ പ്രതിഷേധിച്ചും കൂലിവര്‍ധയും 20 ശതമാനം ബോണസും ആവശ്യപ്പെട്ടുമാണ് തൊഴിലാളി സംഘടനകള്‍ 28 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.പണിമുടക്ക് ആരംഭിച്ചതോടെ ജില്ലയിലെ തോട്ടംമേഖല നിശ്ചലമാണ്. സമരത്തിന്റെ മുന്നാം ദിനംവരെ തൊഴിലാളികള്‍ എസ്‌റ്റേറ്റ് ഓഫീസുകള്‍ക്ക് മുമ്പിലായിരുന്നു പ്രതിഷേധിച്ചിരുന്നത്. ആറാംദിനം മുതല്‍ ബഹുജന പിന്തുണയോടെ ടൗണുകളിലേക്ക് സമരം വ്യാപിച്ച് സമരം കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്. ചുണ്ടേലില്‍ ദേശീയപാതയും അരപ്പറ്റ, തലപ്പുഴ എന്നിവിടങ്ങളിലാണ് രണ്ടു മണികൂറോളം അന്തര്‍സംസ്ഥാന പാതയുമാണ് തൊഴിലാളികള്‍ ഉപരോധിച്ചത്.
ഹാരിസണ്‍ മലയാളം കമ്പനിയുടെ അച്ചൂര്‍, അരപ്പറ്റ, സെന്റിനല്‍ റോക്ക്, ചുണ്ടേല്‍ എന്നീ തോട്ടങ്ങളിലും മറ്റുതോട്ടങ്ങളായ പോഡാര്‍, എ വി ടി, പാരിസണ്‍, എല്‍സ്റ്റണ്‍, ആഇശ പ്ലാന്റേഷന്‍, ചേലോട് എസ്‌റ്റേറ്റ്, കുറിച്യര്‍മല പ്ലാന്റേഷന്‍ എന്നീ തോട്ടങ്ങളും നിശ്ചലമായി. ചെറുകിട തോട്ടങ്ങളിലെ തൊഴിലാളികളും പണിമുടക്കിലാണ്. തൊഴിലാളികളുടെ മിനിമം കൂലി 500 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ട്രേഡ് യൂണിയനുകള്‍ പ്രധാനമായും ആവശ്യപ്പെടുന്നത്..
ചുണ്ടേലില്‍ നടന്ന റോഡ് ഉപരോധം വയനാട് എസ്‌റ്റേറ്റ് ലേബര്‍ യൂണിയന്‍ (സി ഐ ടി യു) ജില്ലാ ജനറല്‍ സെക്രട്ടറി പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു.
പി ടി വര്‍ഗീസ് അധ്യക്ഷനായി. സുരേഷ് ബാബു, എന്‍ ഒ ദേവസ്യ, മൊയ്തീന്‍കുട്ടി, എന്നിവര്‍ സംസാരിച്ചു. കെ തോമസ് സ്വാഗതം പറഞ്ഞു. അരപ്പറ്റയില്‍ കെ ടി ബാലകൃഷ്ണന്‍, പി സി ഹരിദാസ്, വി പി ശങ്കരന്‍ നമ്പ്യാര്‍, വി കേശവന്‍, സിജി റോഡ്രിഗസ്, കെ സാബു, ഷംസുദ്ദീന്‍, ഹംസകുട്ടി,കെ വി ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.സെന്ററിനല്‍റോക്കില്‍ നടന്ന സത്യഗ്രഹ സമരത്തില്‍ യു കരുണന്‍, പി വി സുരേഷ്, സ്മിത, ജയേഷ് എന്നിവര്‍ സംസാരിച്ചു.
കോട്ടനാടില്‍ നടന്ന പ്രതിഷേധ യോഗം കെ ടി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.കെ വി വര്‍ഗീസ് അധ്യക്ഷനായി. സുരേഷ് ബാബു, കാസിം, മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.പണിമുടക്കിയ തൊഴിലാളികള്‍ തലപ്പുഴയില്‍ റോഡ് ഉപരോധിച്ചു. കൂലി വര്‍ദ്ധന ആവശ്യപ്പെട്ട് അനിശ്ചിതകാലത്തെ പണിമുടക്ക് സമരത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികളാണ് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചത്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരും തോട്ടം ഉടമകളും തയ്യാറാകാത്തതിനെ തുടര്‍ന്നാണ് തൊഴിലാളി സമരം തോട്ടങ്ങളില്‍ നിന്നും പുറത്തേക്ക് വ്യാപിച്ചത്.
മാനന്തവാടി തവിഞ്ഞാല്‍ തൊണ്ടര്‍നാട് പഞ്ചായത്തുകളിലെ വിവിധ തോട്ടങ്ങളിലെ നൂറുകണക്കിന് തൊഴിലാളികള്‍ സമരത്തില്‍ അണിചേര്‍ന്നു. സമരം നോര്‍ത്ത് വയനാട് എസ്‌റ്റേറ്റ് ,ലേബര്‍യൂണിയന്‍ സി ഐ ടി യു ജനറല്‍ സെക്രട്ടറി കെ വി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഡി യേശുദാസ്, പി വാസു, സി എച്ച് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകാത്ത പക്ഷം ബഹുജനങ്ങളുടെ പിന്തുണയോടെ കൂടുതല്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കാനാണ് സംയുക്ത തൊഴിലാളി യൂണിയന്റെ തീരുമാനം. തിങ്കളാഴ്ച നടക്കുന്ന പിഎല്‍സി യോഗത്തിലും തീരമാനമാകാത്ത പക്ഷം ചൊവ്വാാഴ്ച തൊഴിലാളികള്‍ ആര്‍ഡിഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും.

Latest