Connect with us

Idukki

വിട്ടുവീഴ്ച ചെയ്യാതെ തോട്ടം ഉടമകള്‍; പ്ലാന്റേഷന്‍ യോഗം തീരുമാനമാകാതെ പിരിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധന സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന നിര്‍ണായകമായ മൂന്നാമത് പി എല്‍ സി യോഗവും പരാജയപ്പെട്ടു. ഒരാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്. തോട്ടം ഉടമകള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ തൊഴിലാളി യൂനിയനുകള്‍ തള്ളിയതോടെയാണ് യോഗം അലസിപ്പിരിഞ്ഞത്. യോഗം പിരിയുന്നതിന് മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇരു വിഭാഗവുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞില്ല. രാവിലെ 10.30ന് ആരംഭിച്ച എട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് കൂലി വര്‍ധനയില്‍ തീരുമാനമാകാതെ പിരിഞ്ഞത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീണ്ടും യോഗം ചേരും.
യോഗത്തിന്റെ വിശദാംശങ്ങളും വ്യവസായ സെക്രട്ടറി കെ എം എബ്രഹാം ചെയര്‍മാനായ സമിതിയുടെ റിപ്പോര്‍ട്ടും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് നടക്കുന്ന പി എല്‍ സി യോഗത്തില്‍ അനുകൂല തീരുമാവുമെന്നാണ് പ്രതീക്ഷയെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. പ്രശ്‌നം ഇത്ര സങ്കിര്‍ണമായിട്ടും ഇതുവരെ സര്‍ക്കാര്‍ ഒരു പാക്കേജും മുന്നോട്ടുവെക്കാത്തത് ദുരൂഹതയുണര്‍ത്തുന്നതായി തൊഴിലാളികള്‍ ആരോപിച്ചു.
പ്ലാന്റേഷന്‍ നികുതിയും കാര്‍ഷിക നികുതിയും കുറക്കണമെന്നാണ് തോട്ടമുടകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് ലഭിച്ചാല്‍ പോലും കൂലി വര്‍ധന വരുത്താന്‍ കഴിയില്ലെന്ന് അസോസിയേഷന്‍ ഓഫ് പ്ലാന്റേഷന്‍ ഓഫ് കേരള ചെയര്‍മാന്‍ സി വിനയരാഘവന്‍ വ്യക്തമാക്കി.
തോട്ടം തൊഴിലാളി സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ ഇടപെടേണ്ട സര്‍ക്കാര്‍ മാനേജ്‌മെന്റുമായി ഒത്തുകളിക്കുകയാണെന്നും വി എസ് ആരോപിച്ചു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.