Connect with us

Gulf

ജീവകാരുണ്യ പദ്ധതികള്‍ക്ക് ശൈഖ് മുഹമ്മദ് പുതിയ ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചു

Published

|

Last Updated

ഗ്ലോബല്‍ ഇനീഷ്യേറ്റീവ് ഉദ്ഘാടന ചടങ്ങില്‍ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം  (ഫോട്ടോ: എ എഫ് പി)

ഗ്ലോബല്‍ ഇനീഷ്യേറ്റീവ് ഉദ്ഘാടന ചടങ്ങില്‍ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം
(ഫോട്ടോ: എ എഫ് പി)

ദുബൈ: ജീവകാരുണ്യ പദ്ധതികള്‍ ഏകീകരിക്കാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പുതിയ ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചു. 27 കോടി ഡോളര്‍ വാര്‍ഷിക പദ്ധതിയോടുകൂടിയാണ് പുതിയ ഫൗണ്ടേഷന്‍. മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ് എന്ന പേരിലാണ് ഇത് അറിയപ്പെടുക. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും മറ്റു സഹായങ്ങളെയും നാല് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
116 രാജ്യങ്ങളിലെ 13 കോടി ജനങ്ങളുടെ ദുരിതമകറ്റാന്‍ ഫൗണ്ടേഷന് ലക്ഷ്യമുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അറബ് മേഖലയിലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക. ആരോഗ്യ ഗവേഷണ മേഖല, ആശുപത്രി തുടങ്ങിയവക്ക് 200 കോടി ദിര്‍ഹം ചെലവ് ചെയ്യും. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ 50 കോടിയാണ് നീക്കിവെക്കുക. 32 ലക്ഷം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. 2,126 വിദ്യാലയങ്ങള്‍ നിര്‍മിക്കും. 3,000ത്തോളം കമ്പനികളെ 1.6 ലക്ഷം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. 2.3 കോടി ആളുകളുടെ അന്ധതാ നിവാരണത്തിന് സഹായം നല്‍കും. 8.1 കോടി പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും. വിരശല്യമുള്ള 36 ലക്ഷം കുട്ടികള്‍ക്ക് ചികിത്സ നല്‍കും. ഏഴ് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ കേന്ദ്രം നിര്‍മിക്കും. 65 ലക്ഷം ആളുകള്‍ക്ക് കുടിവെള്ളമെത്തിക്കും.
ദുബൈ കെയര്‍ എന്ന പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്ക് ശൈഖ് മുഹമ്മദ് നേരത്തെ സഹായം പ്രഖ്യാപിച്ചിരുന്നു.
പട്ടിണിയകറ്റാനും വിദ്യപകരാനും സമൂഹ ശാക്തീകരണത്തിനുമായി പ്രവര്‍ത്തിക്കുക. ഫൗണ്ടേഷന് കീഴില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ വിവിധ സംഘടനകളെ ഏകോപിപ്പിക്കും. എല്ലാ വര്‍ഷവും ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തിന് 100 കോടി ദിര്‍ഹം വീതമായിരിക്കും നീക്കിവെക്കുക.
28 സംഘടനകളെയാണ് ഫൗണ്ടേഷന്‍ പ്രതിനിധീകരിക്കുക. പ്രധാനമായും അറബ് രാജ്യങ്ങളിലാവും ഫൗണ്ടേഷന്‍ ശ്രദ്ധകേന്ദ്രീകരിക്കുക. മനുഷ്യ വിഭവ വികസനവുമായി ബന്ധപ്പെട്ട 1,400 പരിപാടികള്‍ക്കായാവും അനുവദിച്ച തുക ചെലവഴിക്കുക. അറബ് രാജ്യങ്ങള്‍ കടന്നുപോകുന്നത് നാളിതുവരെ ഇല്ലാത്ത പ്രതിസന്ധികളിലൂടെയാണെന്ന് ഫൗണ്ടേഷന്‍ രൂപീകരണത്തെക്കുറിച്ച് പ്രതികരിക്കവേ ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ഈ പ്രതിസന്ധിയെ യു എ ഇക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. യുവാക്കളില്‍ പ്രതീക്ഷ വളര്‍ത്താനാണ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുക. എല്ലാ അര്‍ഥത്തിലും ലോകം കടുത്ത പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. ഭീകരവാദം, യുദ്ധം, കൂട്ടപലായനം തുടങ്ങിയവക്കെല്ലാമുള്ള പരിഹാരം മനുഷ്യ വികസനം ഒന്നു മാത്രമാണ്. ഇത് സാധ്യമാക്കാന്‍ ജനങ്ങള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസവും ബോധവത്കരണവും ഉറപ്പാക്കണം. അതോടൊപ്പം ഭാവി കെട്ടിപ്പടുക്കാനും അവരെ സഹായിക്കണം. 13 കോടി ജനങ്ങളിലേക്ക് ഫൗണ്ടേഷന്റെ പദ്ധതികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറബ് മേഖലയില്‍ നടപ്പാക്കുന്ന ഏറ്റവും വലിയ മനുഷ്യ വിഭവ വികസന പദ്ധതികളില്‍ ഒന്നായി ഇതു മാറും. ഭാവിയെ ലാക്കാക്കി പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് പ്രചോദനം നല്‍കലും പദ്ധതികളില്‍ ഉള്‍പെടും. രണ്ടു കോടി കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കും. മൂന്നു കോടി ആളുകള്‍ക്ക് അന്ധതക്കും മറ്റ് നേത്രരോഗങ്ങള്‍ക്കുമെതിരായി പ്രതിരോധവും ചികിത്സയും ഉറപ്പാക്കും. 2025നകം ലക്ഷ്യം പൂര്‍ത്തീകരിക്കും. അറബ് മേഖലയില്‍ ആശുപത്രികളും ഗവേഷണ കേന്ദ്രങ്ങളും സജ്ജമാക്കാന്‍ 200 കോടിയോളം ദിര്‍ഹവും ഈ കാലയളവില്‍ ചെലവഴിക്കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

Latest