Connect with us

Gulf

പുസ്തകമേളയുടെ കേളികൊട്ടുണരുമ്പോള്‍

Published

|

Last Updated

ഷാര്‍ജ പുസ്തകമേളയില്‍ ഡോ.എ പി ജെ അബ്ദുല്‍കലാം അഥിതിയായെത്തിയപ്പോള്‍ (ഫയല്‍)

ഷാര്‍ജ രാജ്യാന്തര പുസ്തകമേളക്ക് ഇനി അധികം ദിവസങ്ങളില്ല. വലിയ ഒരുക്കമാണ് അധികൃതര്‍ നടത്തുന്നത്. കാര്യപരിപാടികള്‍ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും. നവംബര്‍ നാല് മുതല്‍ 14 വരെ എക്‌സ്‌പോ സെന്റര്‍, അക്ഷരസ്‌നേഹികളുടെ നിലക്കാത്ത ഒഴുക്കിന് സാക്ഷ്യം വഹിക്കും. ഇത്തവണയും മലയാളത്തിന്റെ കൊടിക്കൂറ ഉയരത്തില്‍ തന്നെയായിരിക്കും.
റഷ്യക്കാണ് ഇത്തവണ പ്രാധാന്യം നല്‍കിയിരിക്കുന്നതെങ്കിലും ഇന്ത്യയുടെ പങ്കാളിത്തത്തിന് യാതൊരു കുറവും ഉണ്ടായിരിക്കില്ല. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍, വിശേഷിച്ച് മലയാളികള്‍ സ്വന്തം മേളപോലെ കണക്കാക്കുന്ന ഷാര്‍ജ പുസ്തകോത്സവത്തിന് പതിവുപോലെ നിരവധി പ്രസാധകരും എഴുത്തുകാരും ഇന്ത്യയില്‍ നിന്ന് എത്തും. കഥാകൃത്ത് ടി പത്മനാഭന്‍, നടനും എഴുത്തുകാരനുമായ മോഹന്‍ലാല്‍ തുടങ്ങിയവരെ അണിനിരത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
രാജ്യാന്തരതലത്തില്‍ നിന്ന് ബുക്കര്‍ പ്രൈസ് ജേതാവ് നൈജീരിയന്‍ എഴുത്തുകാരന്‍ ബെന്‍ ഓക്‌റിയുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. കഥപറച്ചിലിന്റെ ജാലവിദ്യ എന്ന വിഷയത്തില്‍ ബെന്‍ ഓക്‌റി ക്ലാസെടുക്കും. എം ടി വാസുദേവന്‍ നായര്‍, ചേതന്‍ ഭഗത് തുടങ്ങിയവര്‍ ഇത്തരത്തില്‍ നേരത്തെ ക്ലാസെടുത്തിരുന്നു. അത് പുതിയ എഴുത്തുകാര്‍ക്ക് പ്രചോദനവും വെളിച്ചവുമായി. പുസ്തകമേള ലക്ഷ്യമാക്കി പുസ്തകം ഇറക്കുന്നവരുണ്ട്. സാഹിത്യത്തിന്റെ മഹാസാഗരത്തില്‍ തന്റേതായ ഒരു കുഞ്ഞുകളിവള്ളം ഇറക്കാനുള്ള ഉല്‍ക്കടമായ ആഗ്രഹം കൊണ്ടാണ് പലരും അങ്ങനെ ചെയ്യുന്നത്. അത്തരം ശ്രമങ്ങളെ തീര്‍ച്ചയായും അനുമോദിക്കണം. സൃഷ്ടികള്‍ കതിരാണോ പതിരാണോ എന്നത് രണ്ടാമത്തെ കാര്യം. അത് വായനക്കാര്‍ പിന്നീട് തീരുമാനിക്കും.
ഭാവി തലമുറയില്‍ വായനാശീലം വളര്‍ത്തുക എന്നാണ് പരമപ്രധാനമെന്ന് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ചൂണ്ടിക്കാട്ടുന്നു. 34 വര്‍ഷത്തെ നിരന്തര അധ്വാനമാണ് ഷാര്‍ജ പുസ്തകമേളയുടെ വിജയത്തിന്റെ പ്രധാന രഹസ്യം. എല്ലാ ഭാഷകളെയും സംസ്‌കാരങ്ങളെയും ആദരവോടെ കാണുന്ന സമീപനവും ഗുണകരമായി. 400ഓളം സെമിനാറുകളും ശില്‍പശാലകളുമാണ് നടക്കുന്നത്. ഇതോടൊപ്പം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പവലിയനുകളും എത്തുന്നു. ലക്ഷക്കണക്കിന് കൃതികള്‍ വായനക്കാരെ പുഞ്ചിരിയോടെ സ്വീകരിക്കുന്നു. 22,000 ചതുരശ്രമീറ്ററിലാണ് പുസ്തകമേളാ കേന്ദ്രം. ഇതില്‍ 16,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ പവലിയനുകളാണ്. ഈ വര്‍ഷം ആദ്യം തന്നെ 90 ശതമാനം പവലിയനുകള്‍ക്കും ബുക്കിംഗ് പൂര്‍ത്തിയായി.
ലോകത്തിന്റെ ഏറ്റവും ജനപങ്കാളിത്തമുള്ള പുസ്തകമേളയായി ഷാര്‍ജയിലേത് മാറിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കദ് അല്‍ ആമിരി പറയുന്നു.
പുസ്തക വില്‍പനക്കും ചര്‍ച്ചക്കും പുറമെ നിരവധി പുരസ്‌കാരങ്ങളും മേളയില്‍ നല്‍കുന്നുണ്ട്. മികച്ച സാംസ്‌കാരിക വ്യക്തിത്വം, മികച്ച പുസ്തകം എന്നിങ്ങനെയുള്ള പുരസ്‌കാരങ്ങള്‍ എഴുത്തുകാര്‍ക്ക് ആവേശമാണ്.
കേരളത്തില്‍ നിന്ന് ഡി സി ബുക്‌സ്, സിറാജ്, മാതൃഭൂമി, ഗ്രീന്‍ ബുക്‌സ്, ലിപി തുടങ്ങിയ പ്രസാധകര്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. മലയാള പുസ്തകങ്ങള്‍ക്ക് ധാരാളം ആവശ്യക്കാരുള്ളതാണ് കാരണം. കൂടാതെ, കുട്ടികള്‍ക്ക് ചിത്രരചനാ മത്സരം, സ്ത്രീകള്‍ക്ക് പാചക പരിചയം എന്നിങ്ങനെ അനുബന്ധ കാര്യപരിപാടികള്‍ വേറെ.

Latest