Connect with us

Gulf

മാതാപിതാക്കള്‍ പോയതറിയാതെ

Published

|

Last Updated

അല്‍ ഐന്‍: പിതാവും മാതാവും നഷ്ടമായതറിയാതെ ആശുപത്രി കിടക്കയിലാണ് ഏഴ് മാസം പ്രായമായ വിപിന്‍. അല്‍ ഐനിലെ വാഹനാപകടത്തില്‍ മരിച്ച വിപിന്റെ മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ ഇതിനിടെ നാട്ടിലെത്തിച്ചു. അനുകമ്പയോടെ നിരവധി പേരാണ് വിപിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തുന്നത്.
അല്‍ ഐന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഈദ് ആഘോഷിക്കാന്‍ പോയ സംഘത്തിലെ അംഗങ്ങളായിരുന്നു വിപിന്റെ മാതാവും പിതാവും. കഴിഞ്ഞ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിലാണ് വിപിന്‍ അനാഥനായത്. പിതാവ് പൃഥ്വി രാജനും ഗര്‍ഭിണിയായ ഭാര്യ വിനീഷയും കുടുംബ സുഹൃത്ത് കോഷി ദാമോദരനും അപകടത്തില്‍ മരിച്ചു.
ഇവര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് അപകടത്തില്‍ പെട്ടാണ് ദുരന്തമുണ്ടായത്. ബസിലുണ്ടായിരുന്ന മറ്റ് 22 പേര്‍ക്കൊപ്പം വിപിനും രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ചത്. തമിഴ്‌നാട്ടിലെ നാമക്കല്‍ സ്വദേശികളാണ് രാജനും കുടുംബവും.
വിപിനെ പരിചരിക്കാനായി രാജന്റെ അയല്‍വാസിയായ ഒരു സ്ത്രീയെ അല്‍ ഐനിലെത്തിച്ചിരുന്നു. ഈ സ്ത്രീക്കൊപ്പം രാജന്റെ ബന്ധുവും അല്‍ ഐനിലെത്തിയിരുന്നെങ്കിലും മൃതദേഹങ്ങള്‍ക്കൊപ്പം അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങിയിരുന്നു. ഇതിനിടെ വിപിനെ ദത്തെടുക്കാനായി ചിലര്‍ രംഗത്തെത്തി. രാജന്റെ സുഹൃത്തുക്കളായ ദമ്പതികള്‍ വിപിനെ ദത്തെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് കുട്ടികളില്ല. എന്നാല്‍ രാജന്റെ പിതാവ് കുട്ടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്ന അഭിപ്രായക്കാരുമുണ്ട്.
അല്‍ ഐന്‍ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ എമിറേറ്റ്‌സിലെ പുരോഹിതര്‍ തുടങ്ങി നിരവധി പ്രമുഖര്‍ വിപിനെ സന്ദര്‍ശിച്ച് ക്ഷേമാന്വേഷണം നടത്തി.

Latest