Connect with us

National

സന്യാസിമാരുടെ പ്രതിഷേധം അക്രമാസക്തം; വരാണസിയില്‍ കര്‍ഫ്യൂ

Published

|

Last Updated

വാരാണസിയില്‍ പ്രതിഷേധക്കാര്‍ കടകള്‍ക്ക് തീയിട്ടപ്പോള്‍

വാരാണസിയില്‍ പ്രതിഷേധക്കാര്‍ കടകള്‍ക്ക് തീയിട്ടപ്പോള്‍

വരാണസി: ഒരു സംഘം സന്യാസിമാരും ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരും നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് വരാണസിയില്‍ കര്‍ഫ്യൂ. പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. പോലീസ് പിക്കറ്റുകള്‍ തകര്‍ക്കുകയും നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു.
ഗംഗയില്‍ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നത് പോലീസ് നേരത്തേ തടഞ്ഞിരുന്നു. അന്ന് പോലീസ് ബലംപ്രയോഗിച്ചുവെന്നാരോപിച്ച് കഴിഞ്ഞ മാസം 21ന് ഒരു സംഘം സന്യാസിമാര്‍ ധര്‍ണ ആരംഭിച്ചു. എന്നാല്‍ പോലീസെത്തി ധര്‍ണാ പന്തല്‍ പൊളിക്കുകയും സന്യാസിമാരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
അതോടെ സംഘടിച്ചെത്തിയവരെ പിരിച്ചു വിടാന്‍ ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഇന്നലത്തെ മാര്‍ച്ച്. ടൗണ്‍ ഹാളില്‍ നിന്ന് ദശാശ്വമേധിലേക്കായിരുന്നു മാര്‍ച്ച്.
മാര്‍ച്ചില്‍ പങ്കെടുത്തവര്‍ കല്ലേറ് തുടങ്ങിയതോടെയാണ് സംഘര്‍ഷം പൊട്ടുപ്പുറപ്പെട്ടതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രതിഷേധക്കാര്‍ പോലീസിനെ ആക്രമിച്ചതോടെ ലാത്തിച്ചാര്‍ജ് തുടങ്ങി. പ്രതിഷേധക്കാര്‍ പോലീസ് വാഹനം കത്തിച്ചു. നിരവധി കടകള്‍ തകര്‍ത്തിട്ടുണ്ട്. നഗരത്തിലെ കോട്‌വാലി, ദശാശ്വമേധ്, ചൗക്, ലുക്‌സാ മേഖലയിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
ഗംഗയിലും യമുനയിലും വിഗ്രഹങ്ങള്‍ ഒഴുക്കുന്നതിന് 2013ല്‍ അലഹാബാദ് ഹൈക്കോടതി പൂര്‍ണമായി നിരോധം ഏര്‍പ്പെടുത്തിയിരുന്നു. മലിനീകരണം തടയുന്നതിന്റെ ഭാഗമായിരുന്നു വിധി. എന്നാല്‍ ജില്ലാ അധികകരികളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് വിധിയില്‍ ചില ഇളവുകള്‍ക്ക് ഹൈക്കോടതി ബഞ്ച് തയ്യാറായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമാണ് വരാണസി.