Connect with us

International

സിറിയയിലെ റഷ്യന്‍ ഇടപെടല്‍ ഭീമാബദ്ധം: ഉര്‍ദുഗാന്‍

Published

|

Last Updated

അങ്കാറ: സിറിയയില്‍ റഷ്യ നടത്തുന്ന വ്യോമാക്രമണം വലിയ അബദ്ധമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. സിറിയന്‍ സൈന്യത്തിന് നല്‍കുന്ന റഷ്യന്‍ പിന്തുണ ചരിത്രം വിലയിരുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
റഷ്യ സിറിയയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ബോംബാക്രമണങ്ങള്‍ തുര്‍ക്കിക്ക് അസ്വീകാര്യമാണ്. നിര്‍ഭാഗ്യവശാല്‍ റഷ്യ വലിയ അബദ്ധമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. തുര്‍ക്കിയുമായി സൗഹൃദത്തില്‍ പോകുന്ന റഷ്യയുടെ നിലപാട് ഉള്ളപ്പോള്‍ തന്നെ സിറിയയിലെ നടപടി ആശങ്കയുണ്ടാക്കുന്നതും പ്രയാസപ്പെടുത്തുന്നതുമാണ്. ഈ നീക്കം റഷ്യയെ ഒറ്റപ്പെടുത്തും. എന്താണ് റഷ്യ സിറിയയില്‍ നിന്ന് നേടിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമല്ല. റഷ്യ മാത്രമല്ല, ഇറാനെതിരെയും ഇതേ നിലപാടാണ് തുര്‍ക്കിക്കുള്ളത്. സിറിയയിലെ ആഭ്യന്തര ഭീകരത വര്‍ധിപ്പിക്കുകയും അസദിനെ പ്രതിരോധിക്കുകയുമാണ് രണ്ട് രാജ്യങ്ങളും ചെയ്യുന്നത്. സിറിയയുമായി സഹകരിച്ച് യുദ്ധം നടത്തുന്ന രാജ്യങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. സിറിയയിലെ അഭയാര്‍ഥികള്‍ക്ക് തുര്‍ക്കി ഇതുവരെ 7.5 ബില്യന്‍ ഡോളര്‍ ചെലവഴിച്ചു. വലിയൊരു ഭാരമാണ് അതെങ്കിലും തുര്‍ക്കിയുടെ ധാര്‍മികതയുടെ ഭാഗമായാണ് ഇതിനെ കണക്കാക്കുന്നതെന്നും ഉര്‍ദുഗാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് റഷ്യയും സിറിയയില്‍ വ്യോമാക്രമണം ആരംഭിച്ചത്. സിറിയയിലെ ഇസില്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നിരവധി ആക്രമണങ്ങള്‍ റഷ്യ നടത്തിയിരുന്നു. എന്നാല്‍ റഷ്യ നടത്തിയ വ്യോമാക്രമണങ്ങള്‍ വിമതര്‍ക്കെതിരെയായിരുന്നുവെന്നും വ്യോമാക്രമണങ്ങളില്‍ അഞ്ച് ശതമാനം മാത്രമാണ് ഇസില്‍ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടന്നിരുന്നുള്ളൂ എന്നും അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു. സിറിയയിലെ റഷ്യന്‍ ഇടപെടലിനെ തുടക്കം മുതലേ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ എതിര്‍ത്തുവരികയാണ്.