Connect with us

Alappuzha

രാഷ്ട്രീയ കേരളത്തിന്റെ എല്ലാ കണ്ണുകളും ആലപ്പുഴയിലേക്ക്‌

Published

|

Last Updated

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളത്തിന്റെ എല്ലാ കണ്ണുകളും ആലപ്പുഴയിലേക്കാണ്. കേരളത്തിലെ പ്രബല സമുദായ സംഘടനയായ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ബി ജെ പി ബാന്ധവം തദ്ദേശ തിരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. എസ് എന്‍ ഡി പിയും സി പി എമ്മും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ അതിന് ചുക്കാന്‍ പിടിക്കുന്ന വെള്ളപ്പാള്ളിയും വി എസും ആലപ്പുഴക്കാരാണെന്നതിനാല്‍ തന്നെ, ജില്ലയിലെ വിജയം ഇരു കൂട്ടര്‍ക്കും അഭിമാനപ്രശ്‌നമായിരിക്കുകയാണ്. ജില്ലയില്‍ വിപുലമായ അടിത്തറയുള്ള എസ് എന്‍ ഡി പി യോഗത്തിന് താഴേ തട്ടിലുള്ള സ്വാധീനം ഒരു പരിധി വരെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെ ആശങ്കയിലാക്കുന്നുണ്ട്. ഇടതു, വലതു മുന്നണികളിലെ പ്രമുഖ പാര്‍ട്ടികളുടെ അംഗബലം കാക്കുന്നത് എസ് എന്‍ ഡി പിയെ കൊണ്ടാണെന്നിരിക്കെ, ഇവര്‍ ബി ജെ പിയുമായി ചങ്ങാത്തത്തിലാകുന്നതും പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച് രംഗത്തിറങ്ങുന്നതും ഏത് നിലക്ക് തങ്ങളെ ബാധിക്കുമെന്ന ചിന്തയിലാണ് ഈ പാര്‍ട്ടികള്‍. എസ് എന്‍ ഡി പി യോഗം ഇതിനകം തന്നെ സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്ക് തുടക്കം കുറിച്ചു. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ തട്ടകമായ കണിച്ചുകുളങ്ങര യൂനിയന് കീഴില്‍ വരുന്ന അഞ്ച് പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചു. ജില്ലയിലുടനീളം എല്ലാ പഞ്ചായത്തുകളിലും നഗരസഭാ, ബ്ലോക്ക് തലങ്ങളിലും ജില്ലാ പഞ്ചായത്തിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന ഉറച്ച നിലപാടിലാണ് യോഗ നേതൃത്വം. എന്നാല്‍ ഇടതു വലതു മുന്നണികള്‍ സീറ്റുകള്‍ നല്‍കുന്ന പക്ഷം അവിടങ്ങളില്‍ യോഗം സ്ഥാനാര്‍ഥികളുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കും. മറ്റിടങ്ങളില്‍ ബി ജെ പിയുമായി ചേര്‍ന്ന് മുന്നണികളെ പരാജയപ്പെടുത്താന്‍ വേണ്ടിയുള്ള പ്രവര്‍ത്തനമായിരിക്കും നടത്തുകയെന്നറിയുന്നു. എന്തിനെയും രാഷ്ട്രീയത്തിന്റെ കണ്ണുകളിലൂടെ മാത്രം നോക്കിക്കാണാന്‍ പരിചയിച്ചിട്ടുള്ള ആലപ്പുഴയുടെ മണ്ണില്‍ ഏതെങ്കിലും സാമുദായിക സംഘടനയുടെ വെല്ലുവിളികള്‍ക്ക് അത്ര പ്രസക്തിയുണ്ടെന്ന് കരുതാനാകില്ലെന്ന് ചിന്തിക്കുന്നവര്‍ കുറവല്ല. എന്തായാലും നവംബര്‍ അഞ്ചിനു വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ യു ഡി എഫിന്റെയും എല്‍ ഡി എഫിന്റെയും മാത്രമല്ല, ഇക്കുറി ബി ജെ പിയുടെയും എസ്എന്‍ ഡി പിയുടെയും ഉള്‍പ്പെടെയുള്ളവരുടെ നെഞ്ചിടിപ്പ് ഉയരും. പഞ്ചായത്ത്‌രാജ്, നഗരപാലിക നിയമം പ്രാബല്യത്തില്‍ വന്നത് മുതല്‍ നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പുകള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് അനുഭവപ്പെട്ടിട്ടുള്ളത്. 2000ലും 2005ലും തുടര്‍ന്ന് 2010ലും നടന്ന തദ്ദേശതിരഞ്ഞെടുപ്പുകള്‍ ഇത് തെളിയിച്ചിട്ടുള്ളതാണ്. ഭരണമാറ്റത്തിന്റെ ശംഖൊലികളായി തദ്ദേശതിരഞ്ഞെടുപ്പുകള്‍ മാറിയതായി മുന്‍ അനുഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നു. അത് കൊണ്ട് തന്നെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാന്‍ എല്ലാ തന്ത്രങ്ങളും ഇരു മുന്നണികളും പയറ്റുന്നുണ്ട്. സംഘ്പരിവാര്‍ ബന്ധത്തിന്റെ പേരില്‍ വെറുക്കപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടവരെ പോലും ഒപ്പം കൂട്ടാന്‍ ഇടതു-വലതു മുന്നണികള്‍ ശ്രമം നടത്തുന്നുണ്ട്. 72 ഗ്രാമപഞ്ചായത്തുകളും 12 ബ്ലോക്ക് പഞ്ചായത്തുകളും ആറ് നഗരസഭകളുമാണ് ഇക്കുറി വോട്ടര്‍മാരുടെ വിധി തേടുന്നത്. 73 പഞ്ചായത്തുകളുണ്ടായിരുന്നതില്‍ ഹരിപ്പാട് ഇക്കുറി നഗരസഭയായി. ഇതോടെ ജില്ലയിലെ നഗരസഭകളുടെ എണ്ണം ആറായി. നഗരസഭകളില്‍ ചേര്‍ത്തല, ചെങ്ങന്നൂര്‍, കായംകുളം എന്നിവ യു ഡി എഫിനൊപ്പമാണ്. ആലപ്പുഴ മാത്രമാണ് എല്‍ ഡി എഫിനൊപ്പമുണ്ടായിരുന്നത്. കഴിഞ്ഞ ജനുവരിയില്‍ മാവേലിക്കര നഗരസഭയില്‍ അവിശ്വാസത്തിലൂടെ യു ഡി എഫിനെ താഴെയിറക്കി ഭരണം പിടിച്ചെടുത്തതോടെ എല്‍ ഡി എഫിനൊപ്പമുള്ള നഗരസഭകള്‍ രണ്ടായി.ഗ്രാമപഞ്ചായത്തുകളില്‍ നഗരസഭയായി ഉയര്‍ത്തപ്പെട്ട ഹരിപ്പാട് ഉള്‍പ്പടെ 37 പഞ്ചായത്തുകളുടെ ഭരണം എല്‍ ഡി എഫിനാണ്.36 എണ്ണത്തില്‍ യു ഡി എഫും.പട്ടികജാതി സ്ത്രീക്ക് പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്യപ്പെട്ട എടത്വയില്‍ യു ഡി എഫിനും ബുധനൂരില്‍ എല്‍ ഡി എഫിനും പ്രസിഡന്റ് സ്ഥാനാര്‍ഥി ജയിക്കാത്തതിനാല്‍ ഭരണം എതിര്‍വിഭാഗത്തിനു കൈമാറേണ്ടി വന്നു. ജില്ലാ പഞ്ചായത്ത് രൂപവത്കൃതമായ കാലം മുതല്‍ തന്നെ ഇടതുപക്ഷത്തിന്റെ കൈകളില്‍ ഭദ്രമാണ്. ആകെയുള്ള 23 ഡിവിഷനുകളില്‍ 19ഉം എല്‍ ഡി എഫിനൊപ്പമാണ് നിലവില്‍. ശേഷിക്കുന്ന പതിനാല് യു ഡി എഫിനും. ബ്ലോക്ക് പഞ്ചായത്തുകളില്‍ പക്ഷെ, യു ഡി എഫിനാണ് മേല്‍ക്കൈ. ആകെയുള്ള 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏഴെണ്ണം യു ഡി എഫിനൊപ്പമാണ്. തൈക്കാട്ടുശ്ശേരി, പട്ടണക്കാട്, അമ്പലപ്പുഴ, ചമ്പക്കുളം, ചെങ്ങന്നൂര്‍, ഹരിപ്പാട്, മുതുകുളം എന്നിവയുടെ ഭരണസാരഥ്യം യു ഡി എഫിനും കഞ്ഞിക്കുഴി, ആര്യാട്, വെളിയനാട്, മാവേലിക്കര, ഭരണിക്കാവ് ബ്ലോക്കുകളുടെ ഭരണം എല്‍ ഡി എഫിനുമാണ് നിലവില്‍. ബി ജെ പിക്ക് ജില്ലയില്‍ ഒരിടത്തും ഭരണ സാരഥ്യമില്ലെങ്കിലും ചിലയിടങ്ങളിലെങ്കിലും നിര്‍ണായക ഘടകമാണ്.സ്വതന്ത്രന്മാരുടെ സ്ഥിതിയും ഭിന്നമല്ല. 2010ലെ തിരഞ്ഞെടുപ്പില്‍ നഗരസഭകളിലേക്ക് ബി ജെ പി മത്സരിച്ചത് 63 സീറ്റുകളിലാണ്.ഇതില്‍ അഞ്ചിടത്ത് വിജയം നേടി. 89 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലേക്ക് മത്സരിച്ചതില്‍ ഒരിടത്ത് പോലും വിജയിക്കാനായില്ല. ഗ്രാമപഞ്ചായത്തുകളില്‍ 470 സീറ്റുകളിലേക്കാണ് മത്സരിച്ചത്. ഇതില്‍ 37 ഇടത്ത് വിജയിച്ചു. ഇക്കുറി എസ് എന്‍ ഡി പിയുടെ പിന്തുണയോടെ കൂടുതല്‍ സീറ്റുകള്‍ നേടാമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ ഒതുങ്ങിയ യു ഡി എഫ്, സംസ്ഥാന സര്‍ക്കാറിന്റെ ഭരണനേട്ടവും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും മുന്‍ നിര്‍ത്തിയാകും തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് തേടുക. ഓണാഘോഷത്തിന്റെ പേരിലെ സി പി എമ്മിന്റെ ഗുരുനിന്ദ വിവാദം ഒരു പരിധിവരെ തങ്ങള്‍ക്കനകൂലമായി മാറുമെന്നും അവര്‍ കരുതുന്നു. അതേസമയം, സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളും അഴിമതിയും വേണ്ട രീതിയില്‍ പ്രചരിപ്പിച്ചാല്‍ തങ്ങള്‍ക്ക് അനുകൂലമായ വോട്ടാക്കി മാറ്റാമെന്ന കണക്കുകൂട്ടലിലാണ് എല്‍ ഡി എഫ്. തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന വികസന പ്രവര്‍ത്തനങ്ങളും പദ്ധതികളും പലതും സംസ്ഥാനത്തിന് തന്നെ മാതൃകയായതും ഇവിടങ്ങളില്‍ തുടര്‍ഭരണത്തിന് അവസരമൊരുങ്ങുമെന്നും എല്‍ ഡി എഫ് വിലയിരുത്തുന്നു. എസ് എന്‍ ഡി പിയുടേതടക്കമുള്ള എതിര്‍പ്പുകളെ അവഗണിക്കാനാകില്ലെങ്കിലും ഇതിനെ നേരിടാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന ആത്മവിശ്വാസം മുന്നണി നേതൃത്വത്തിനുണ്ട്. ഇരുമുന്നണികളെയും വെല്ലുവിളിച്ച് പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് തന്നെ രൂപം നല്‍കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന എസ് എന്‍ ഡി പി സംഘ്പരിവാര്‍ സംഘടനകളോട് ചേര്‍ന്ന് വര്‍ഗീയ കാര്‍ഡിറക്കി വോട്ട് തേടാനാണ് ശ്രമം.
ഹൈന്ദവ ഏകീകരണത്തിന്റെ പേരു പറഞ്ഞ് പരമാവധി വോട്ട് തങ്ങളുടെ പെട്ടിയില്‍ വീഴ്ത്താമെന്നാണ് എസ് എന്‍ ഡി പി കണക്കുകൂട്ടുന്നത്.

 

---- facebook comment plugin here -----

Latest