Connect with us

Malappuram

മഞ്ചേരിയിലെ ഗതാഗത പരിഷ്‌ക്കരണം: ജനം തെരുവിലിറങ്ങി; അധികൃതര്‍ മുട്ടു മടക്കി

Published

|

Last Updated

മഞ്ചേരി: ഇക്കഴിഞ്ഞ ഒന്നു മുതല്‍ ട്രാഫിക് റഗുലേറ്ററി കമ്മറ്റി നടപ്പില്‍ വരുത്തിയ ഗതാഗത പരിഷ്‌ക്കരണം യാത്രാ ക്ലേശമുണ്ടാക്കുന്നുവെന്നാരോപിച്ച് ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി.
വണ്ടൂര്‍, അരീക്കോട്, നിലമ്പൂര്‍ ഭാഗങ്ങളില്‍ നിന്ന് നഗരത്തിലൂടെ ഐ ജി ബി ടിയിലേക്ക് പോകുന്ന ബസുകള്‍ മലപ്പുറം റോഡില്‍ നിന്ന് ആളെ കയറ്റാന്‍ അനുവദിക്കുന്നില്ല. വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ ഒന്നര കിലോമീറ്റര്‍ അകലെയുള്ള ഐ ജി ബി ടിയില്‍ എത്തി വേണം ഈ ബസുകളില്‍ കയറാന്‍. ഇതാണ് യാത്രക്കാരെ ചൊടിപ്പിച്ചത്. നിലമ്പൂര്‍ റോഡില്‍ നിന്ന് സെന്‍ട്രല്‍ ജംഗ്ഷനിലെത്തി യാത്രക്കാരെ ഇറക്കിയ ബസില്‍ യാത്രക്കാര്‍ കയറുന്നത് പോലീസ് വിലക്കിയതാണ് പ്രശ്‌നത്തിന് തുടക്കമായത്. രാവിലെ 12 മണിയോടെയാണ് സംഭവം. പ്രശ്‌നം പൗരസമിതി ഏറ്റെടുത്തതോടെ നഗരത്തില്‍ ജനം തടിച്ചുകൂടി. വാഹനങ്ങള്‍ തടയാനാരംഭിച്ച സമരക്കാര്‍ അശാസ്ത്രീയമായ ഗതാഗത പരിഷ്‌ക്കാരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യവും പ്രകടനവും ആരംഭിച്ചു. രാവിലെ എട്ട് മുതല്‍ വൈകീട്ട് എട്ട് വരെ ചരക്കു വാഹനങ്ങള്‍ നഗരത്തിലൂടെ പോകരുതെന്ന് ട്രാഫിക് റഗുലേറ്ററി കമ്മറ്റിയുടെ തീരുമാനത്തിലുണ്ടായിരുന്നു. എന്നാല്‍ യാത്രക്കാരെ തടയുന്ന പോലീസ് ചരക്കു വാഹനങ്ങളെ തടയുന്നില്ലെന്ന് ആരോപണമുയര്‍ന്നു. ഇതിനിടയില്‍ കണ്ടെയ്‌നര്‍ ലോറി സെന്‍ട്രല്‍ ജംഗ്ഷനിലെത്തിയതോടെ സമരക്കാര്‍ കൂടുതല്‍ രോഷാകുലരായി. വ്യാപാരികളും ബസുടമകളും ബസ് ജീവനക്കാരും രംഗത്തെത്തിയതോടെ സ്ഥിതി കൂടുതല്‍ വഷളായി. നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
എസ് ഐ. പി വിഷ്ണുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം പോലീസ് സ്ഥലത്തെത്തിയെങ്കിലും രംഗം ശാന്തമാക്കാനാകാത്തതിനാല്‍ സി ഐ സണ്ണി ചാക്കോയും പാര്‍ട്ടിയും എത്തി. എന്നാല്‍ ജനത്തെ ശാന്തമാക്കാനും ഗതാഗതം പുനഃസ്ഥാപിക്കാനുമാവാതെ പോലീസ് പിന്തിരിഞ്ഞു.
തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുനിസിപ്പല്‍ കമ്മറ്റി സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രകടനവുമായി എത്തി. പിന്നാലെ എസ് ഡി പി ഐയും എസ് എഫ് ഐയും എത്തിയതോടെ നഗരം സംഘര്‍ഷാവസ്ഥയിലായി. വൈകീട്ട് മൂന്നര മണിയോടെ വീണ്ടുമെത്തിയ പോലീസ് സമരക്കാരുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചെങ്കിലും വഴങ്ങാത്ത നാട്ടുകാര്‍ പ്രക്ഷോഭം ശക്തമാക്കി. പോലീസ് ജില്ലാ കളക്ടര്‍ക്ക് വിവരം നല്‍കുകയും കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഏറനാട് താലൂക്ക് തഹസില്‍ദാര്‍ കെ വി മോഹനന്‍ സ്ഥലത്തെത്തുകയും സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ നിലമ്പൂര്‍, വണ്ടൂര്‍, അരീക്കോട് ഭാഗങ്ങളില്‍ നിന്നു വരുന്ന ബസുകള്‍ സി എച്ച് ബൈപ്പാസ് വഴി സീതീഹാജി ബസ് സറ്റാന്‍ഡില്‍ എത്തി അതുവഴി തന്നെ തിരിച്ചു പോകും. നഗരത്തില്‍ നാലു മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചിട്ടും പോലീസ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയായിരുന്നു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സമാഗതമായ സാഹചര്യത്തില്‍ ബല പ്രയോഗം വേണ്ടെന്ന് പോലീസിന് മുകളില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയതായറിയുന്നു. ജനരോഷത്തില്‍ അധികൃതര്‍ മുട്ടു മടക്കിയതോടെ നഗരത്തില്‍ വിവിധ സംഘടനകള്‍ ചേര്‍ന്ന് ആഹ്ലാദ പ്രകടനവും നടത്തി.