Connect with us

Wayanad

വെള്ളാപ്പള്ളിയെപ്പോലുള്ളവരെ പ്രതിരോധിക്കാന്‍ സി പി എം ശ്രമിക്കാത്തത് അപലപനീയം: കെ പി എ മജീദ്

Published

|

Last Updated

കല്‍പ്പറ്റ: ബഹുസ്വര സമൂഹം സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന കേരളത്തില്‍ ബി ജെ പി ലേബലില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന വെള്ളാപ്പള്ളി നടേശനെപ്പോലുള്ളവരെ പ്രതിരോധിക്കാന്‍ സി പി എം ശ്രമിക്കാത്തത് അപലപനീയമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. ചെറുകിട പാര്‍ട്ടികളെ കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പു ജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനിടക്ക് കേരളത്തിലെ സി പിഎം യഥാര്‍ഥ ശത്രുവിനെ സൗകര്യപൂര്‍വ്വം മറക്കുകയാണ്. വയനാട് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടന്ന ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുരിശ് വിവാദത്തില്‍ സാധാരണ എസ് എന്‍ ഡി പി പ്രവര്‍ത്തകരെ പ്രകോപിക്കുന്ന നിലപാട് സ്വീകരിച്ച സി പി എം ഫലത്തില്‍ വര്‍ഗിയ ശക്തികള്‍ക്ക് ചൂട്ടുപിടിക്കുകയാണ് ചെയ്തത്. കേരളത്തില്‍ മൂന്നാം മുന്നണി സ്വപ്‌നം മാത്രമാണ്. നേതാക്കള്‍ക്ക് നേരെ പുറത്തുനിന്നുള്ള അക്രമങ്ങളെ യു ഡി എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുസ്‌ലിം ലീഗ് സര്‍വ്വ സജ്ജമാണ്. അടിത്തട്ട് മുതല്‍ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് ഇത്തവണ യു ഡിഎഫിന് ലഭിക്കും. പ്രാദേശിക അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് യു ഡി എഫ് വിജയത്തിന് ലീഗ് രംഗത്തിറങ്ങും. ഇടതുപക്ഷവും ബി ജെ പിയും പിന്നാക്കവിഭാഗങ്ങളെ വോട്ട് ബേങ്കുകളായി കാണുമ്പോള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലെത്തിക്കാനാണ് ലീഗ് ശ്രമിച്ചത്. സമുദായത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ച ചെറുപാര്‍ട്ടികളെ അകറ്റി നിര്‍ത്തി മുസ്‌ലിം ലീഗിനെ എല്ലാ കാലവും പിന്തുണച്ച മുസ്‌ലിം സമുദായം സാമൂഹ്യ ദൗത്യമാണ് നിറവേറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കാല്‍ക്കീഴിലെ മണ്ണൊലിച്ചുപോവുന്നത് പോലും നേതാക്കള്‍ അറിയുന്നില്ല. നേരത്തെ അഴിമതിക്ക് കേസ് നല്‍കിയ ബാലകൃഷ്ണപിള്ളയെ പോലും തിരഞ്ഞെടുപ്പ് സഖ്യത്തിന് കൂട്ടുപിടിക്കേണ്ട ഗതികേടിലാണ് സി പി എം. തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ട് ഭൂരിപക്ഷ വര്‍ഗിയതയെ പ്രീണിപ്പിക്കാനുള്ള ഇടതു ശ്രമത്തിന് കേരളം കനത്ത തിരിച്ചടി നല്‍കും. കേന്ദ്രത്തിലെ മോദി സര്‍ക്കാറിന്റെ അജണ്ട തീരുമാനിക്കുന്നത് ആര്‍ എസ് എസാണ്. അമിത് ഷായുടെയും നരേന്ദ്രമോദിയുടെയും ആശിര്‍വാദത്തോടെ രൂപീകരിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി മതേതരമായിരിക്കുമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന പൊതുജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയും. വെള്ളാപ്പള്ളി നടേശന്‍ പറയുന്നതിനനുസരിച്ച് വോട്ട് ചെയ്യാന്‍ പ്രബുദ്ധരായ ഈഴവര്‍ തയ്യാറാവില്ല. ബീഫ് കഴിച്ചെന്നാരോപിച്ച് ദാദ്രിയില്‍ കുടുംബനാഥനെ മര്‍ദിച്ചുകൊന്ന വിഷയത്തില്‍ ബി ജെ പിയെ കൂട്ടുപിടിച്ച് പാര്‍ട്ടി രൂപവത്കരിക്കാന്‍ ശ്രമിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ നിലപാട് വ്യക്തമാക്കണം. പി പി എ കരീം അധ്യക്ഷത വഹിച്ചു. ടി പി എം സാഹിര്‍, എം എല്‍ എമാരായ സി മൊയ്തീന്‍ കുട്ടി, സി മമ്മൂട്ടി, കെ എം ഷാജി, അഡ്വ.കെ എന്‍ എ ഖാദര്‍ സംസാരിച്ചു.

---- facebook comment plugin here -----

Latest