Connect with us

Gulf

സമ്പദ് വ്യവസ്ഥ ചലനാത്മകം

Published

|

Last Updated

ലോകത്ത് ഏറ്റവും ചലനാത്മകമായ സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിലൊന്നാണ് യു എ ഇ. ലോകസാമ്പത്തിക ഫോറത്തിന്റെ കണക്ക് പ്രകാരം 17-ാം സ്ഥാനം. സ്വിറ്റ്‌സര്‍ലാന്‍ഡ്, അമേരിക്ക, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളാണ് മുന്നില്‍.
ചെറുകിട സാമ്പത്തിക മികവ്, ഉയര്‍ന്ന പശ്ചാത്തല സൗകര്യം എന്നിവ യു എ ഇയെ മുന്നോട്ട് നയിക്കുന്നു. വാണിജ്യം, നിക്ഷേപം എന്നീ രംഗങ്ങളില്‍ തുറന്ന സമീപനമാണ് യു എ ഇക്കുള്ളത്. മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ യു എ ഇ എപ്പോഴും തയ്യാര്‍.
സഊദി അറേബ്യ (25-ാം സ്ഥാനം), ചൈന (28), ഇന്ത്യ (55) എന്നീ രാജ്യങ്ങള്‍ യു എ ഇക്ക് പിന്നിലാണ്. വരുമാനം കണക്കിലെടുക്കുമ്പോള്‍ സഊദി അറേബ്യ യു എ ഇക്ക് മുന്നിലാണെങ്കിലും ചലനാത്മകതയുടെ കാര്യത്തില്‍ പിന്നില്‍.
ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയെ ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളിലും മുന്‍നിരയില്‍ യു എ ഇയുണ്ട്. 10,000 കോടി ഡോളറിന്റെ ആസ്തിയാണ് യു എ ഇക്കുള്ളത്. ഇസ്‌ലാമിക് ബേങ്കിംഗിന്റെ സ്വാധീനം 21.4 ശതമാനം. ഇത് ആഗോള വ്യവസ്ഥയുടെ 14.6 ശതമാനം വരും.
ലോകത്ത് ഏറ്റവും മികച്ച റോഡുകളുള്ള രാജ്യം യു എ ഇയാണെന്നും ലോകസാമ്പത്തിക ഫോറം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ പണപ്പെരുപ്പം വര്‍ധിക്കുന്നത് യു എ ഇയെ അലോസരപ്പെടുത്തുന്നു. ഈ വര്‍ഷം ജൂലൈയില്‍ 4.43 ശതമാനം വര്‍ധിച്ചത് ആശങ്കയുളവാക്കുന്നു. വീട്ടുവാടക, വിദ്യാഭ്യാസ ചെലവ്, ഭക്ഷണ സാധനങ്ങളുടെ വില എന്നിവ വര്‍ധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. പണപ്പെരുപ്പവും ജീവിതച്ചെലവിലെ വര്‍ധനയാലും സാധാരണക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നതാണ് പണപ്പെരുപ്പം. വരുമാനം വര്‍ധിക്കാതിരിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.
ആറ് വര്‍ഷത്തിനിടയിലെ വലിയ പണപ്പെരുപ്പത്തിനാണ് ജൂലൈയില്‍ രാജ്യം സാക്ഷ്യം വഹിച്ചത്. ഭക്ഷണ പാനീയങ്ങളുടെ വില 1.37 ശതമാനം വര്‍ധിച്ചു. വസ്ത്രം, പാദരക്ഷകള്‍ എന്നിവയുടെ വില 0.33 ശതമാനം വര്‍ധിച്ചു. വാടകയില്‍ 0.13 ശതമാനവും ചികിത്സാ ചെലവില്‍ 0.007 ശതമാനവും വര്‍ധനവുണ്ടായി.
വീട്ടുവാടക വര്‍ധിക്കുന്നതില്‍ വിദേശികള്‍ പൊറുതിമുട്ടിയിരിക്കുന്നു. വരുമാനത്തിന്റെ 39 ശതമാനം കവരുന്നത് വാടകയാണ്. ഒരു വര്‍ഷം കൊണ്ട് 10 ശതമാനം വാടക വര്‍ധിച്ചു. ഈ വര്‍ഷം ആദ്യം ചില എമിറേറ്റുകള്‍ വൈദ്യുതി വെള്ളം നിരക്ക് വര്‍ധിപ്പിച്ചത് പ്രയാസം ഇരട്ടിപ്പിച്ചു.
അന്യായമായ വിലവര്‍ധനവിനെതിരെ രാജ്യം ജാഗ്രത പാലിക്കുന്നുണ്ടെങ്കിലും ആഗോള സാഹചര്യം വെല്ലുവിളി തീര്‍ക്കുകയാണ്. ഇന്ത്യയിലും ചൈനയിലും മറ്റും ഭക്ഷ്യോത്പന്നങ്ങളുടെ വില വര്‍ധിക്കുമ്പോള്‍ യു എ ഇ കമ്പോളത്തില്‍ അത് പ്രതിഫലിക്കുന്നു. ഡോളര്‍മൂല്യം ശക്തിപ്പെടുന്നത് സാധാരണക്കാര്‍ക്ക് യാതൊരു ഗുണവും ചെയ്യുന്നില്ല. സ്വാഭാവികമായും ഡോളര്‍ ആശ്രിത കറന്‍സികളുള്ള രാജ്യത്തെ വിലക്കയറ്റത്തിന് അത് പരിഹാരമാകുന്നില്ല.