Connect with us

Kerala

അങ്കത്തട്ടുണര്‍ന്നു: പോരാട്ടം കടുക്കും

Published

|

Last Updated

തിരുവനന്തപുരം: അടുത്ത സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള റിഹേഴ്‌സലായ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങി. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നിറങ്ങും.
സംസ്ഥാനത്ത് തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം ഇന്ന് രാവിലെ പുറപ്പെടുവിക്കും. ഇതോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം തുടങ്ങും. ഈ മാസം 14 വരെ പത്രികകള്‍ സ്വീകരിക്കും. പത്രിക സ്വീകരിക്കുന്നതിന് റിട്ടേണിംഗ് ഓഫീസര്‍മാരെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പു കമീഷന്‍ ഉത്തരവിറക്കിയിട്ടുണ്ട്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന 15ന് നടക്കും. 17വരെ പത്രിക പിന്‍വലിക്കാന്‍ അവസരം നല്‍കും. ഈ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനുമുള്ള സമയം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.
പേര് ചേര്‍ക്കലിന് തിരക്ക് വര്‍ധിച്ചതോടെ ഒരുമണിക്കൂറോളം ഓണ്‍ലൈന്‍ സംവിധാനം താറുമാറായെങ്കിലും അഞ്ച് ലക്ഷത്തിലധികം വോട്ടര്‍മാര്‍ പുതുതായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്തിട്ടുണ്ട്. അവസാന ദിനംമാത്രം 34,242 വോട്ടര്‍മാര്‍ ഓണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്തി വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചത്. ഇതില്‍ 31,472 എണ്ണം പേര് ചേര്‍ക്കുന്നതിനും 195 എണ്ണം തെറ്റ് തിരുത്തുന്നതിനും 2,575 എണ്ണം നിയോജകമണ്ഡലം മാറുന്നതിനുമുള്ള അപേക്ഷയാണ്. കഴിഞ്ഞ മാസം 23 മുതലാണ് ഓണ്‍ലൈന്‍ സൗകര്യം വീണ്ടും ഏര്‍പ്പെടുത്തിയത്. മൊത്തം 3,57,610 അപേക്ഷയാണ് ഇക്കാലയളവില്‍ പേര് ചേര്‍ക്കുന്നതിന് പുതുതായി ലഭിച്ചത്. തിരുത്തലുകള്‍ വരുത്തുന്നതിന് 3,148 ഉം നിയോജകമണ്ഡലം മാറുന്നതിന് 45,179 ഉം അപേക്ഷ ലഭിച്ചു. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ മൊത്തം 2,49,88,498 പേരാണുള്ളത്. 1,29,81,301 പേര്‍ സ്ത്രീകളാണ്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങുന്നതിനായുള്ള കേന്ദ്രങ്ങളുടെയും പട്ടിക തിരഞ്ഞെടുപ്പു കമീഷന്‍ പ്രസിദ്ധീകരിച്ചു. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് കേന്ദ്രങ്ങളിലായിരിക്കും.
അതേസമയം തന്ത്രങ്ങള്‍ മെനയുന്നതിനും പ്രചാരണത്തിനും വളരെ കുറച്ചുസമയമേ ലഭിച്ചുള്ളൂവെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗം കൊഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഘടകകക്ഷികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനും തര്‍ക്കങ്ങളില്ലാതെ സീറ്റുവിഭജനം പൂര്‍ത്തിയാക്കാനുമുള്ള അവസാന വട്ട ശ്രമങ്ങളിലാണ് ഇരുമുന്നണികളും. പ്രകടന പത്രിക നേരത്തെ പ്രസിദ്ധീകരിച്ച് പ്രചാരണത്തില്‍ മുന്‍കൈ നേടാന്‍ യു ഡി എഫിനായി. വാഗ്ദാനപ്പെരുമഴയുടെ പ്രകടന പത്രക പുറത്തിറങ്ങിയെങ്കിലും ഘടകകക്ഷികള്‍ക്കിടയില്‍ പ്രദേശികമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ പൂര്‍ണമായി പരിഹരിക്കുന്നതിനുള്ള അന്തിമശ്രമങ്ങളിലാണ് മുന്നണി നേതൃത്വം. അതേസമയം ബൂത്തുതലങ്ങളില്‍ പ്രത്യേക നിര്‍ദേശപ്പെട്ടികള്‍ സ്ഥാപിച്ച് ജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിച്ച് ത്രതില പഞ്ചായത്തുകളിലേക്ക് പ്രത്യേകം പ്രകടനപത്രികകള്‍ പ്രസിദ്ധീകരിക്കാനുള്ള ഇടതുമുന്നണിയുടെ ശ്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്.
എന്നാല്‍ പുതിയ മൂന്നാമുന്നണി പരീക്ഷണത്തിന്റെ ടെസ്റ്റ് ഡോസായി തദ്ദേശ തിരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്താനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നത്. പുതിയ ബാന്ധവത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കവേ പരമാവധി ഹിന്ദുസാമുദായിക സംഘടനാ പ്രതിനിധികള്‍ക്ക് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംനല്‍കാന്‍ ബി ജെ പി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest