Connect with us

National

പ്രവാസി ഭാരതീയ ദിവസ് ജനുവരി എട്ട് മുതല്‍ ന്യൂഡല്‍ഹിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: പ്രവാസി ഭാരതീയ ദിവസ് സമ്മേളനം 2016 ജനുവരി എട്ട് മുതല്‍ 10 വരെ ന്യൂഡല്‍ഹിയിലെ ചാണക്യപുരി ജോസ് റിസാല്‍ മാര്‍ഗിലുള്ള പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ നടക്കും. ഇന്ത്യന്‍ വംശജരുമായി അടുത്ത ദശകത്തിലുള്ള ബന്ധങ്ങള്‍ക്ക് പുതിയ മാനം വികസിപ്പിക്കുന്നതിനുള്ള കര്‍മ പരിപാടിയാണ് അടുത്ത പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ആസൂത്രണം ചെയ്തിരിക്കുന്നത്.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം പ്രവാസി ഭാരതീയ ദിവസില്‍ കേന്ദ്ര പ്രവാസി കാര്യ മന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന പ്ലീനറി സെഷന്‍ നടക്കും. ലോകമെമ്പാടുമുള്ള എട്ട് പ്രവാസികാര്യ വിദഗ്ധരും മൂന്ന് ഇന്ത്യന്‍ വിദഗ്ധരും ഉള്‍പ്പെട്ട 14 പ്രവര്‍ത്തക സമിതികള്‍ നടക്കും. അതിനു ശേഷം ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ സമിതി ചെയര്‍മാന്‍മാര്‍ അടുത്ത ദിവസം റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി സര്‍ക്കാറിന് സമര്‍പ്പിക്കും. എന്നിട്ടാകും സമാപന സമ്മേളനം. മുന്‍കാലങ്ങളിലെ പോലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യമുണ്ടാകില്ല. മറിച്ച് ക്ഷണ പ്രകാരമാകും സമ്മേളനത്തിലെ പങ്കാളിത്തം.
വിവിധ വിഷയങ്ങളിലെ വിദഗ്ധരെ കണ്ടെത്തുന്നതിന് വിദേശത്തെ ഇന്ത്യന്‍ ദൗത്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ പങ്കാളിത്ത രാജ്യവുമായി ചേര്‍ന്ന് നടത്തുന്ന സാമ്പ്രദായിക പ്രവാസി ഭാരതീയ ദിവസ് 2017ല്‍ നടക്കും. പ്രാദേശിക പ്രവാസി ഭാരതീയ ദിവസ് അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള ലോസ് ഏഞ്ചല്‍സില്‍ 2015 നവംബര്‍ 14 മുതല്‍ 15 വരെ നടക്കും.

Latest