Connect with us

Gulf

വേണം മറ്റൊരു സമ്പദ് വ്യവസ്ഥ

Published

|

Last Updated

ദുബൈയില്‍ ആഗോള ഇസ്‌ലാമിക് സമ്പദ് വ്യവസ്ഥ ഉച്ചകോടിക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എത്തിയപ്പോള്‍

ദുബൈയില്‍ നടക്കുന്ന ആഗോള ഇസ്‌ലാമിക സാമ്പത്തിക ഉച്ചകോടി ചില മൂര്‍ത്തമായ ആശയങ്ങള്‍ മുന്നോട്ടുവെക്കുന്നു. മൂലധന സമ്പദ് വ്യവസ്ഥിതിയുടെ (ക്യാപിറ്റല്‍ എക്കോണമി) ദൗര്‍ബല്യങ്ങള്‍ കണ്ടറിഞ്ഞ് ബദല്‍നയം ആവിഷ്‌കരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇസ്‌ലാംമത വിശ്വാസികളല്ലാത്തവര്‍ക്കും പരീക്ഷിക്കാവുന്നതാണ്.
നിക്ഷേപത്തിലും വായ്പയിലും പലിശ ഒഴിവാക്കുക എന്നതാണ് ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയുടെ പ്രാഥമിക ദൗത്യം. മൂലധന സമ്പദ് വ്യവസ്ഥ പരാജയപ്പെടുന്നത് “”ആര്‍ത്തി”” പൂണ്ട് ധനകാര്യ സ്ഥാപനങ്ങള്‍ കൊള്ളപ്പലിശ ഈടാക്കുന്നത് കൊണ്ടാണ്. ഉത്പാദനം വര്‍ധിപ്പിക്കാനും വികസനത്തിനും നിക്ഷേപകര്‍ വന്‍തോതില്‍ വായ്പ വാങ്ങും. പലിശയടക്കം വന്‍തുക തിരിച്ചടക്കേണ്ടി വരുന്നതുകൊണ്ട്, ആ ഭാരം ഉപഭോക്താക്കളിലേക്കു വന്നു ചേരുന്നു. ബേങ്കുകളും ഉത്പാദക ശക്തികളും അവിശുദ്ധ ബന്ധം പുലര്‍ത്തുകയാണെങ്കില്‍ ബേങ്ക് തകര്‍ന്നുപോവുക സ്വാഭാവികം. കഴിഞ്ഞ തവണത്തെ ആഗോള സാമ്പത്തികമാന്ദ്യ കാലത്ത് ഇത് അനുഭവേദ്യമായതാണ്.
അതേസമയം, പലിശരഹിത വായ്പ എന്നത് ഏവര്‍ക്കും ഗുണം ചെയ്യും. പലിശയുടെ പകരം നീക്കിയിരിപ്പാണ് അടിസ്ഥാനതോത്.
ഇന്ന് ലോകത്ത് വലിയൊരു വിഭാഗം ഇസ്‌ലാംമത വിശ്വാസികള്‍ പലിശരഹിത ബേങ്കുകളെ ആശ്രയിക്കുന്നു. നിക്ഷേപത്തിന് പലിശ സ്വീകരിക്കാറില്ല. അതേ സമയം, ഈ നീക്കിയിരിപ്പ് വ്യവസായം, വാണിജ്യം, റിയല്‍ എസ്റ്റേറ്റ് മേഖലകളിലേക്ക് ഒഴുകുന്നു. ഇതില്‍ നിന്ന് ലഭിക്കുന്ന ലാഭം വ്യവസ്ഥകള്‍ക്കനുസരിച്ച് സ്വീകാര്യമാണ്.
ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ ബേങ്കിടപാടുകളില്‍ മാത്രം ഒതുങ്ങുന്നതല്ല. “”ഹലാല്‍”” ഉത്പന്നങ്ങളുടെ വ്യാപനത്തിനും വഴിതെളിക്കുന്നു. ഹലാല്‍ എന്നാല്‍ ചില ഉത്പന്നങ്ങള്‍ നിഷിദ്ധമാക്കുക എന്നു മാത്രമല്ല, അര്‍ഥം. ഭക്ഷ്യോത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പ് വരുത്തുക കൂടിയാണ്. ഇതും ഏവര്‍ക്കും സ്വീകാര്യമായത് തന്നെ.
ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥ നടപ്പാക്കുന്നതില്‍ മലേഷ്യ, യു എ ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. 1.8 ലക്ഷം കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. 2020ഓടെ ഇത് 2.6 ലക്ഷം കോടി ഡോളറിന്റേതാകും. കഴിഞ്ഞ വര്‍ഷം 1.35 ലക്ഷം കോടി ഡോളറാണ് ഇസ്‌ലാമിക ബേങ്കുകളില്‍ നിക്ഷേപമായി എത്തിയത്. അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയാകും.
യു എ ഇയിലെ ബേങ്ക് ഇടപാടുകാരില്‍ 47 ശതമാനം ഏതെങ്കിലും തരത്തിലുള്ള ഇസ്‌ലാമിക ബേങ്കിംഗ് രീതി അവലംബിക്കുന്നുണ്ട്. വാഹനങ്ങള്‍ വായ്പ വാങ്ങുമ്പോള്‍ പോലും ഇതിന് സാധ്യതയുണ്ട്. ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയില്‍ ഇടപാടുകാര്‍ തമ്മിലെ വിശ്വാസ്യതക്ക് പ്രാധാന്യം കല്‍പിക്കുന്നു. അത് തന്നെയാണ് ഇക്കാലത്ത് അനിവാര്യമായിരിക്കുന്നത്.

Latest