Connect with us

Articles

ഗുരോ പൊറുക്കുക

Published

|

Last Updated

കേരളത്തിലെ അവര്‍ണര്‍ക്ക് സര്‍വാദരണീയമായ മാനവിക സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും പൈതൃകമുണ്ടെന്ന സത്യം സ്വന്തം ജീവിതത്തിലൂടെ ലോകത്തോട് സൗമ്യമായി പ്രഖ്യാപിച്ചതില്‍ ശ്രീനാരായണ ഗുരു തന്നെയാണ് എന്നും മുന്നില്‍. ആര്‍ക്കും ഒരിക്കലും തര്‍ക്കമുണ്ടാകാനിടയില്ലാത്ത് വസ്തുത തന്നെയാണ് ഇത്. സവര്‍ണജാതീയതയുടെ ക്രൂര താണ്ഡവത്തിനെതിരെ ഗുരു നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലം ചെറുതൊന്നുമല്ലെന്ന് കേരളത്തിന്റെ പിന്നീടുള്ള ചരിത്രത്തില്‍ നിന്ന് വായിച്ചെടുക്കാനാകും. നാരായണഗുരു പകര്‍ന്ന സാംസ്‌ക്കാരിക ഉണര്‍വ് കേരളത്തിലെ അവര്‍ണരില്‍ മാത്രമല്ല, സവര്‍ണരിലും കൃസ്ത്യന്‍ മുസ്‌ലിം സമൂഹങ്ങളിലും വരെ ക്രിയാത്മകവും മതേതരവുമായ മാനവിക ബോധത്തിന്റെ വിശാല ചക്രവാളം സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്. ശ്രീനാരായണ പ്രസ്ഥാനത്തിലൂടെ മുന്നോട്ട് വന്ന ഒരു ജനവിഭാഗമാണ് പില്‍ക്കാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് കേരളത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ കേന്ദ്രമാക്കി മാറ്റിയത്. ഒരുപക്ഷേ ഇങ്ങനെയൊരു പ്രസ്ഥാനം ഇല്ലായിരുന്നെങ്കില്‍ മധ്യപ്രദേശിലെയോ ബീഹാറിലൊയോ ഗ്രാമീണ ജനതയേക്കാള്‍ സാംസ്‌കാരികമായും രാഷ്ട്രീയമായും പിന്നാക്കം നില്‍ക്കുന്ന ജനതയായി കേരളിയ ജനത മാറി നില്‍ക്കേണ്ടി വരുമായിരുന്നു.
ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ ഒരു മുന്നേറ്റ വിഭാഗമായി കേരളത്തെ രൂപാന്തരപ്പെടുത്താന്‍ ജാതി രഹിതമായി പ്രവര്‍ത്തിച്ച നവോത്ഥാന പ്രസ്ഥാനത്തിന്, ദുഷിച്ച ആ പഴയ കാലത്ത് തന്നെ സാധിക്കുമായിരുന്നു. ഗുരുവിന്റെ ആവിര്‍ഭാവത്തിനു മുമ്പ്് രക്തരൂക്ഷിതമായി പ്രാദേശിക ജാതി സംഘട്ടനങ്ങള്‍ യഥേഷ്ടം നടന്നിട്ടുണ്ടെന്ന് ചരിത്രം പറയുന്നുണ്ട്. സവര്‍ണനും അവര്‍ണനും തമ്മില്‍ നടന്ന പോരാട്ടങ്ങളില്‍ നിന്ന് ഈഴവരെ പിന്തിരിപ്പിച്ചത് പിന്നീടുണ്ടായ ഗുരുദര്‍ശനങ്ങളായിരുന്നു. ഗാന്ധിജി ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ഭീകര പ്രസ്ഥാനത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതു പോലെ രക്തരൂക്ഷിത പോരാട്ടങ്ങളില്‍ നിന്ന് ഗുരു ഈഴവ സമുദായത്തെ പിന്തിരിപ്പിച്ചുവെന്നാണ് ചരിത്ര ഭാഷ്യം. ബ്രാഹ്മണര്‍ അവകാശം കൊള്ളുന്ന വൈദിക വൃത്തി, സന്യാസവൃത്തി തുടങ്ങിയവ മറ്റുള്ളവര്‍ക്കും ആചരിക്കാനും ആസ്വദിക്കാനും അവസരം നല്‍കിയതും അവകാശ ലംഘനത്തിന്റെയും അകറ്റിനിര്‍ത്തലിന്റെയും പേരില്‍ ദുഷിച്ച ബ്രാഹ്മണാധിപത്യത്തിന് ഒരു പ്രതിരോധ ശക്തി സംഘടിപ്പിച്ചതും ഗുരുവായിരുന്നുവെന്ന് വി ടി ഭട്ടതിരിപ്പാടിനെപ്പോലുള്ളവര്‍ അനുസ്മരിച്ചിട്ടുണ്ട്.
ക്ഷേത്രപ്രതിഷ്ഠയുടെ മതപരിവേഷത്തില്‍ നിന്നും വിമുക്തി നേടി മതനിരപേക്ഷമായ സംഘടനാപ്രവര്‍ത്തനത്തിലൂടെ മാത്രമേ അധഃസ്ഥിത മോചനം സാധ്യമാകു എന്ന് ഗുരു വളരെക്കാലം മുമ്പ് തന്നെ തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് വിദ്യാലയങ്ങളും വായനശാലകളും സ്ഥാപിക്കണമെന്ന് പ്രഖ്യാപിച്ചത്. കൃസ്ത്യാനികളും മുസ്‌ലിംകളും ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് വേണ്ടിയും താന്‍ ആരാധനാലയങ്ങള്‍ സ്ഥാപിച്ച് കൊടുക്കാന്‍ സന്നദ്ധനാണ് എന്ന നാരായണ ഗുരുവിന്റെ പ്രസ്താവനയും ഇതിനോടൊപ്പം കൂട്ടിവായിക്കണം. നവോത്ഥാന ചിന്താതരംഗങ്ങളിലെ വൈവിധ്യമാര്‍ന്ന ധാരകളെ നാരായണ ഗുരു അംഗീകരിച്ചിരുന്നു. “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് “എന്ന പ്രസിദ്ധമായ ഗുരുവാക്യത്തിന് ” ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്” എന്ന ഭേദഗതി ഗുരുസന്നിധിയില്‍ വെച്ച് തന്നെ സഹോദരന്‍ അയ്യപ്പന്‍ നിര്‍ദേശിച്ചപ്പോള്‍ “അങ്ങനെ ആകുന്നതിലും വിരോധമില്ല” എന്ന് പ്രതികരിച്ചു നാരായണ ഗുരു.
സാമുദായിക സമത്വത്തിനുവേണ്ടിയുള്ള സംഘടിതയത്‌നം കേരളത്തില്‍ ആദ്യമായുണ്ടായത് എസ് എന്‍ ഡി പി യോഗത്തിന്റെ ആരംഭത്തോടെയാണ്. ഒരു വലിയ സംഘടന രൂപവത്കരിച്ച് ശക്തിയായ ഒരു പ്രക്ഷോഭം തുടങ്ങാന്‍ വേണ്ടി “ഈഴവ മഹാജനസഭ” എന്ന പേരില്‍ ഒരു സംഘടന തുടങ്ങാന്‍ ഡോ. പല്‍പുവാണ് ആദ്യം തീരുമാനിച്ചത്. അതിലേക്ക് ആവശ്യമായ നിയമാവലി രൂപപ്പെടുത്തി തങ്കശ്ശേരിയില്‍ നിന്നും പുറപ്പെടുന്ന “മലയാളി” പത്രത്തില്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. മയ്യനാട്, പരവൂര്‍ മുതലായ പ്രദേശങ്ങളില്‍ ഡോ. പല്‍പ്പുവും അദ്ദേഹത്തിന്റെ സ്‌നേഹിതരും ചില യോഗങ്ങള്‍ വിളിച്ചു കൂട്ടിയെങ്കിലും അവയൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. അക്കാലത്താണ് അരുവിപ്പുറത്ത് നാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയതും ശിവക്ഷേത്രം സ്ഥാപിക്കുന്നതും. അതിന്റെ ഭരണത്തിനും മറ്റ് ഉത്തരവാദിത്വങ്ങള്‍ക്കുമായി ഒരു “വാവൂട്ട് യോഗം” നന്നായി പ്രവര്‍ത്തിക്കുന്നതായി ഡോ. പല്‍പു കണ്ടറിഞ്ഞു. സമുദായോദ്ധാരണത്തിനായുള്ള സംഘടന വിജയകരമായി നടത്താന്‍ അതിനെ മതത്തോട് ബന്ധിപ്പിക്കുകയും ഗുരുവിന്റെ അധ്യക്ഷതയില്‍ ആ സ്ഥാപനം പ്രവര്‍ത്തിപ്പിക്കുകയും ചെയ്യണമെന്ന് ഡോ. പല്‍പു മനസ്സിലാക്കി. ശ്രീനാരായണഗുരുവിനു വേണ്ടി കുമാരനാശാന്‍ പേരുവച്ചയച്ച ഒരു ക്ഷണക്കത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ കുറേ ഈഴവപ്രമാണിമാര്‍ 1902 ഡിസംബറില്‍ തിരുവനന്തപുരത്തെ കമലാലയം ബംഗ്ലാവില്‍ യോഗം ചേര്‍ന്നു. നാരായണഗുരു ആദ്യം പ്രതിഷ്ഠിച്ച അരുവിപ്പുറം ക്ഷേത്രത്തോടനുബന്ധിച്ചു നടന്നിരുന്ന “വാവൂട്ട് യോഗം” കേരളത്തിലാകെ പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ ധര്‍മപരിപാലന യോഗമാക്കി വളര്‍ത്താന്‍ അന്നവര്‍ തീരുമാനിച്ചതിന്റെ ഫലമായാണ് യോഗം സ്ഥാപിച്ചത്.ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുക, ഈഴവര്‍, തീയര്‍ തുടങ്ങിയ അവശ സമുദായങ്ങളെ സാമൂഹികവും ആത്മീയവുമായ പുരോഗതിയിലേക്ക് നയിക്കുക, സന്യാസമഠങ്ങളും വിദ്യാഭാസ സ്ഥാപനങ്ങളും സ്ഥാപിക്കുക, തുടങ്ങിയവയായിരുന്നു യോഗത്തിന്റെ മുഖ്യ ലക്ഷ്യങ്ങള്‍. ധര്‍മപരിപാലന യോഗം 1903 മെയ് 15നു കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തു. ശ്രീനാരായണഗുരു യോഗത്തിന്റെ ആദ്യ അധ്യക്ഷനും കുമാരനാശാന്‍ ആദ്യ സെക്രട്ടറിയും ആയി.
1919ല്‍ എന്‍ കുമാരന്‍ യോഗം സെക്രട്ടറിയായി. കുമാരന്റെ കാലത്താണ് ക്ഷേത്രപ്രവേശന പ്രക്ഷോഭം, മദ്യവര്‍ജന പ്രക്ഷോഭം, വൈക്കം സത്യാഗ്രഹം തുടങ്ങിയവയില്‍ യോഗം പങ്കെടുത്തത്. വൈക്കം സത്യാഗ്രഹത്തിന്റെ ഫലമായി ക്ഷേത്രവീഥികളില്‍ സഞ്ചരിക്കാന്‍ അവര്‍ണര്‍ക്ക് അനുവാദം ലഭിച്ചു. പിന്നീട് 1928ല്‍ യോഗം സെക്രട്ടറിയായി ടി കെ മാധവന്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ യോഗം ഒരു കെട്ടുറപ്പുള്ള സംഘടനയായി മാറി. സാമുദായിക അവശതകള്‍ പരിഹരിക്കാനുള്ള പ്രക്ഷോഭങ്ങളെ അഖിലേന്ത്യാ തലത്തില്‍ ശ്രദ്ധേയമാക്കിയതും ടി കെ മാധവനാണ്. പിന്നീട് 1933ല്‍ സി കേശവന്‍ യോഗം സെക്രട്ടറിയായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഈഴവ ക്രിസ്ത്യന്‍ മുസ്‌ലിം സമുദായങ്ങള്‍ ചേര്‍ന്ന് നിവര്‍ത്തന പ്രക്ഷോഭം തുടങ്ങി. സമരം വന്‍ വിജയമായി. അതിന്റെ ഫലമായി അവര്‍ണര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനുള്ള അനുമതിയും ഈഴവ ക്രിസ്ത്യന്‍ മുസ്‌ലിം സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സംവരണവും സര്‍ക്കാര്‍ അനുവദിച്ചു. അതോടൊപ്പം സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്താന്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷനും രൂപവത്കൃതമായി. അതോടെ എല്ലാ ജാതിക്കാക്കും പട്ടാളത്തിലും പ്രവേശനം ലഭിച്ചു. അന്നു പട്ടാളത്തിനുണ്ടായിരുന്ന “നായര്‍ പട്ടാളം” എന്ന പേര് മാറുകയും ചെയ്തു. കേരളത്തിന്റെ സമൂഹോദ്ദാരണവുമായി ചേര്‍ത്തു വായിക്കാവുന്നതായിരുന്നു യോഗത്തിന്റെ ചരിത്രം. ആര്‍ ശങ്കര്‍ നേതൃകാലം വരെ ഇതു തുടര്‍ന്നു. പിന്നീടങ്ങോട്ട് എസ് എന്‍ ഡി പിയുടെ രൂപവും ഭാവവും കുറച്ചൊക്കെ മാറിത്തുടങ്ങി.
മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ ആദ്യ കാലത്ത് യോഗ നേതൃത്വത്തലുള്ളവര്‍ ശ്രദ്ധ പതിപ്പിച്ചിരുന്നവെങ്കില്‍ ജാതി വികാരം വളര്‍ത്തുന്ന സംഘടനയായി ക്രമേണ യോഗം പരിണമിച്ചു. ഗുരുവിന്റെ പേരില്‍ ജാതീയതയെയും വര്‍ഗീയതയെയും ഊട്ടിവളര്‍ത്തുന്നതിന്് അധിക കാലമാകും മുമ്പേ എസ് എന്‍ ഡി പി നേതൃത്വത്തിന് കഴിഞ്ഞു. ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്‍ ചുമതലയേറ്റെടുത്ത ശേഷമുള്ള നിലപാടുകള്‍ ശ്രീനാരായണ ഗുരു അടക്കമുള്ള, ജാതീയതയെ വെല്ലുവിളിച്ച മുന്‍ഗാമികളെ അപമാനിക്കുന്ന വിധത്തിലുള്ളതാണെന്ന വിമര്‍ശം പരക്കെ ഉയര്‍ന്നു വന്നു. ഒരു ജാതി ഒരു മതം എന്ന ബോധ്യത്തിന് പകരം ഈഴവ സമുദായത്തെ വിലപേശലുകള്‍ക്ക് ഉപയോഗിക്കാന്‍ ഉതകുന്ന രീതിയില്‍ വളര്‍ത്തിയെടുക്കാനാണ് വെള്ളാപ്പള്ളി ശ്രമിച്ചത്. ജാതീയതയെ വര്‍ഗീയതയുമായി കൂട്ടിക്കെട്ടി വിലപേശല്‍ രാഷ്ട്രീയത്തിന്റെ പുത്തന്‍ സാധ്യതകള്‍ ആരായാനും ജാതിപറയാന്‍ നിര്‍ബന്ധിക്കുന്ന പുതിയ നേതൃത്വം മറന്നില്ല. ഇതിന്റെ ഭാഗമായി എസ് എന്‍ ഡി പി യും എന്‍ എസ് എസും ചേര്‍ന്ന് വിശാല ഹിന്ദു ഐക്യവേദി ഉണ്ടാക്കാന്‍ ആദ്യ ശ്രമം നടത്തി. സംഘ്പരിവാരിന്റെ മേല്‍നോട്ടത്തില്‍ നടന്ന പരിശ്രമം ആദ്യഘട്ടത്തില്‍ തന്നെ പരാജയം കണ്ടു. നവോത്ഥാനത്തിന്റെ വഴിത്താരകളെ പൂര്‍ണമായും മറന്നുകൊണ്ടുള്ള പുതിയൊരു പരീക്ഷണത്തിനാണ് പിന്നീട് വെള്ളാപ്പള്ളി നടേശനും കൂട്ടരും മണ്ണൊരുക്കിയത്.
അവര്‍ണ ഹിന്ദുക്കള്‍ മാത്രമല്ല, ഇന്നത്തെ മുസ്‌ലിംകളും കൃസ്ത്യാനികളും മഹനീയമായ അവര്‍ണ ബൗദ്ധ പൈതൃകമുള്ളവരും, സവര്‍ണ ഹിന്ദുമതത്തിന്റെ ദ്രോഹം സഹിക്കവയ്യാതെ അന്യമതങ്ങള്‍ സ്വീകരിച്ചവരുമാണെന്ന സത്യം സാമൂഹിക ബോധമായി നില്‍ക്കുന്നുവെന്നറിഞ്ഞിട്ടും ഹിന്ദുമതത്തിന്റെ പാപപങ്കിലമായ ജാതി ചളിക്കുളത്തില്‍ പാവപ്പെട്ട ഒരു സമൂഹത്തെ തളച്ചിടാനാണ് വെള്ളാപ്പള്ളി ശ്രമിച്ചത്. ജനാധിപത്യഭരണത്തിന്റെ ആറര പതിറ്റാണ്ട് പിന്നിട്ടിട്ടും കേരളത്തില്‍ സവര്‍ണ ഹൈന്ദവ വര്‍ഗീയ പാര്‍ട്ടിയുടെ താമര വിരിയാതിരിക്കാന്‍ കാരണമായി നില്‍ക്കുന്ന ഘടകം കേരളത്തിലെ അവര്‍ണ സമൂഹത്തിന് നാരായണ ഗുരുവിനെ മുന്‍നിര്‍ത്തിയുണ്ടായ സാംസ്‌ക്കാരിക ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രബുദ്ധതയാണെന്നു സംഘപരിവാര്‍ ശക്തികള്‍ക്കു നന്നായറിയാം. അതു കൊണ്ട് തന്നെ അവര്‍ണരുടെ രാഷ്ട്രീയസാംസ്‌കാരിക ദിശാബോധമായി നിന്ന ശ്രീനാരായണ പ്രസ്ഥാനത്തെ പിടികൂടാന്‍ അക്കൂട്ടര്‍ ശ്രമിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ അതിലൊരു പരിധിവരെ അവര്‍ വിജയിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് ബി ജെ പി ബന്ധം തുടങ്ങുമ്പോള്‍ തന്നെ ഹൈന്ദവ ഏകീകരണ മുദ്രാവാക്യമുയര്‍ത്തി കേരളം മുഴുവന്‍ രഥയാത്ര നടത്തണമെന്നാണ് പരിവാര്‍ സംഘടനകള്‍ വെള്ളാപ്പള്ളിയോടാവശ്യപ്പെട്ടത്. ആര്‍ എസ് എസാണ് ഇക്കാര്യത്തില്‍ ഏറ്റവുമധികം താത്പര്യമെടുക്കുന്നതെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കു നടത്തുന്ന രഥയാത്ര വിജയകരമാക്കാന്‍ സംഘ്പരിവാറിനെയും അനുകൂല നിലപാടുള്ള സാമുദായിക സംഘടനകളെയും രംഗത്തിറക്കും. ആര്‍ എസ് എസ് രംഗത്തിറക്കുകയും ചെയ്യും. എസ്എന്‍ ഡി പി സഖ്യമുണ്ടായാല്‍ സംസ്ഥാനത്തെ എണ്‍പതു മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയായി മാറാന്‍ കഴിയുമെന്നാണ് ബി ജെ പിയുടെ വിലയിരുത്തല്‍. അമിത് ഷായുടെ നിര്‍ദേശമനുസരിച്ചു കേരളത്തില്‍ സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേ ഇക്കാര്യം വിലയിരുത്തിയിരുന്നു. ഇടതു, വലതു മുന്നണികള്‍ക്കു വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ കേരളത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തെ നയിക്കാന്‍ വെള്ളാപ്പള്ളി നടേശനു കഴിയുമെന്നായിരുന്നു സര്‍വേ വിലയിരുത്തലില്‍ വ്യക്തമാക്കപ്പെട്ടത്. ബി ജെ പി തനിച്ചു മല്‍സരിച്ചാല്‍ സംസ്ഥാനത്ത് 20 ശതമാനത്തിനപ്പുറം വോട്ട് ലഭിക്കാന്‍ സാധ്യതയില്ലെന്നും സര്‍വേയില്‍ വ്യക്തമായിരുന്നു.
ബി ജെ പി സംസ്ഥാന നേതൃത്വത്തില്‍ കാര്യമായ പ്രതീക്ഷയില്ലാത്തതിനാലാണ് എസ്എന്‍ ഡി പിയുടെ സംഘടനാ ശേഷിയെയും സാമുദായിക ശക്തിയെയും ആശ്രയിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. അതേ സമയം ഉത്തരേന്ത്യയിലെ ജാതി സമവാക്യമല്ല കേരളത്തിലെന്നും എസ് എന്‍ ഡി പിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതര പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും ഈ സഖ്യം കൊണ്ട് നേരിയ പ്രയോജനമേ ഉണ്ടാകൂവെന്നും ബി ജെ പിക്കും മറ്റ് സംഘ്പരിവാര്‍ സംഘടനകള്‍ക്കും വ്യക്തമായി അറിയാം. അതു കൊണ്ട് തന്നെ എല്ലാ ജാതി സംഘടനകളെയും ചേര്‍ത്ത് പരമാവധി ഹിന്ദുശക്തി ഉറപ്പിച്ചടുക്കാന്‍ കൂടിയാണ് ബി ജെ പി ശ്രമം. നമ്പൂതിരി മുതല്‍ നായാടി വരെയുള്ളവരെ സംഘടിപ്പിച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് വെള്ളാപ്പള്ളിയെക്കൊണ്ട് നാഴികക്ക് നാല്‍പത് വട്ടം പറയിക്കുന്നതും ഈ ഹിന്ദു ശക്തി സമാഹരണത്തിനു വേണ്ടിയാണ്. സവര്‍ണ ഹൈന്ദവ പ്രലോഭനങ്ങള്‍ക്കു മുന്നില്‍ അടിയറവു പറയിച്ച്, സവര്‍ണ ഹിന്ദുത്വത്തിന്റെ നുകങ്ങളിലേക്ക് അവര്‍ണരെ വലിയൊരു ഒഴുക്കായി കൊണ്ടു പോകാന്‍ പണ്ടുമുതല്‍ക്കേ ശ്രമിച്ചു കൊണ്ടിരുന്ന സവര്‍ണ ഹൈന്ദവ ഫാസിസ്റ്റുകളുടെ ശ്രമം തന്നെയാണ് വെള്ളാപ്പള്ളിയിലൂടെ ഇനി സംഘപരിവാര്‍ നടപ്പാക്കുക.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest