Connect with us

National

അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മോദി ദിവസം 16 തവണ വസ്ത്രം മാറി

Published

|

Last Updated

പാറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പുതിയ ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. കഴിഞ്ഞ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ നരേന്ദ്രമോദി ഒരു ദിവസം 16 തവണ തന്റെ വസ്ത്രങ്ങള്‍ മാറ്റിയിരുന്നുവെന്ന് ബീഹാറില്‍ തിരഞ്ഞെടുപ്പ് റാലിയെ അബിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
മോദി വിത്യസ്ത പരിപാടികളില്‍ പങ്കെടുക്കുന്നതിനായി പച്ചയും, നീലയും പിങ്ക് നിറത്തിലുള്ള വിവിധ തരം സ്യൂട്ടുകള്‍ ഒരു ദിവസം ധരിച്ചിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിനെ വെള്ളവസ്ത്രത്തിലല്ലാതെ നിങ്ങള്‍ കണ്ടിട്ടുണ്ടൊയെന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പിന് നാല് ദിവസം ബാക്കിനില്‍ക്കെ ഇന്നലെ മൂന്ന് റാലികളെ രാഹുല്‍ അബിസംബോധന ചെയ്തു.
റാലികളില്‍ ജനതാദള്‍ യുനൈറ്റഡ് അധ്യക്ഷന്‍ നീതീഷ് കുമാറും ലാലു പ്രസാദ് യാദവും ഇല്ലാത്തത് ശ്രദ്ധേയമായി. രാഹുലിന്റെ പ്രചരണം പ്രത്യേക ക്യാമ്പയിനായി നടക്കുന്നത് കൊണ്ടാണ് താന്‍ പങ്കെടുക്കാതിരുന്നതെന്ന് ലാലു പ്രസാസ് യാദവ് പറഞ്ഞു. ഒരുഭാഗത്ത് നീതീഷ് കുമാര്‍ സാധാരണ ജനങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ പ്രധാനമന്ത്രി വിദേശ രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്. തൊഴില്‍ രഹിതരായ യുവാക്കളൊടൊപ്പമൊ, കര്‍ഷകരോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളുമായി മോദിയെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ട മോദിസര്‍ക്കാറിനതിരെ രാഹുല്‍ ആഞ്ഞടിക്കുകയും ചെയ്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാവപെട്ട ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാതെ, സമ്പന്നര്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുകയാണ് മോദി സര്‍ക്കാറെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
അധികാരത്തിലേറി ഒരു വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തെ ദരിദ്രരുടെ അവസ്ഥകളില്‍ ഇതുവരെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്നും കള്ളപ്പണം തിരികെകൊണ്ടു വന്ന് ഓരോ ഇന്ത്യക്കാരുടെയും അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് മോദി അന്ന് പറഞ്ഞിരുന്നു.
യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നും, കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവേതനം ഉറപ്പാക്കുമെന്നും വാഗ്ദാനം നല്‍കിയവര്‍ ഈ വാക്കുകളില്‍ ഏതെങ്കിലും ഒരെണ്ണമെങ്കിലും പാലിച്ചിട്ടുണ്ടോ എന്നും രാഹുല്‍ ചോദിച്ചു.
ബീഹാറിലെ ഷേക്ക്പുര ജില്ലയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കര്‍ഷക ആത്മഹത്യകള്‍ നടക്കുമ്പോള്‍ അവര്‍ക്ക് നഷ്ടപരിഹാരം പോലും എത്തിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നില്ല. കോണ്‍ഗ്രസും, ആര്‍ ജെ ഡിയും, ജെ ഡി യുവും ഉള്‍പ്പെടുന്ന നിതീഷ് കുമാര്‍ നയിക്കുന്ന മുന്നണി വിജയത്തിലെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Latest