Connect with us

Malappuram

നന്നംമുക്ക് കോണ്‍ഗ്രസില്‍ വിമത നീക്കം; പത്ത് വാര്‍ഡുകളില്‍ സ്വന്തം സ്ഥാനാര്‍ഥികള്‍

Published

|

Last Updated

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് കോണ്‍ഗ്രസിലെ വിമത നീക്കം യു ഡി എഫിന് തലവേദനയാകുന്നു. കോണ്‍ഗ്രസ് നന്നംമുക്ക് മുന്‍ മണ്ഡലം പ്രസിഡന്റിന്റെയും മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിലുള്ള ഒരുവിഭാഗം പ്രവര്‍ത്തകരാണ് വിമത സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം മണ്ഡലം പ്രസിഡന്റ് സ്ഥാനം ഈവിഭാഗത്തിന് നല്‍കാമെന്നുള്ള കരാര്‍ ഇതുവരെയും പാലിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ സ്വന്തം നിലയില്‍ സ്ഥനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ നിലവിലുള്ള നേതൃത്വത്തില്‍ നിന്നും യാതൊരു തരത്തിലുള്ള നീതിയും ലഭിക്കില്ലെന്ന് ഇവര്‍ പറയുന്നു. ഇടതുപക്ഷവുമായി ഇവര്‍ പരസ്പര സഹകരണം സംബന്ധിച്ച് ചര്‍ച്ചനടത്തിയിരുന്നെങ്കിലും തീരുമാനമായിട്ടില്ല. ഇടതുപക്ഷവുമായുള്ള ചര്‍ച്ചയില്‍ സീറ്റ് ആവശ്യപ്പെട്ടെങ്കിലും സി പി എം അതിന് തയ്യാറായില്ല.
സഖ്യമുണ്ടാക്കിയില്ലെങ്കിലും സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കാനാണ് വിമതരുടെ തീരുമാനം. പത്ത് വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് ഇവരുടെ നീക്കം. ഗ്രാമ പഞ്ചായത്തിനു പുറമെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കും ജില്ലാപഞ്ചായത്ത് ഡിവിഷനിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ഇവര്‍ നീക്കം നടത്തുന്നുണ്ട്. രണ്ടുവര്‍ഷം മുന്‍പ് ചങ്ങരംകുളം സര്‍വ്വീസ് സഹകരണ ബേങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും വിമത വിഭാഗം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. നേരത്തെ കോണ്‍ഗ്രസ് എ വിഭാഗം പ്രവര്‍ത്തകരായിരുന്ന ഇവര്‍ നന്നംമുക്ക് കോണ്‍ഗ്രസിലെ നേതൃസ്ഥാനം വഹിച്ചിരുന്ന വിഭാഗമാണ്. പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രസിഡന്റും ലീഗിന്റെ വൈസ് പ്രസിഡന്റും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരസ്യമായ ഏറ്റുമുട്ടലായപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സി പി എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ലീഗ് അംഗങ്ങള്‍ പിന്തുണച്ചു. ഇതോടെ എ ഗ്രൂപ്പ് അംഗമായിരുന്ന പ്രസിഡന്റിന് സ്ഥാനം നഷ്ടമായി. തുടര്‍ന്ന് കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് മണ്ഡലം പ്രസിഡന്റായിരുന്ന എഗ്രൂപ്പ് നേതാവിന് സ്ഥാനം നഷ്ടമാകുകയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. പിന്നീട് ഉന്നത നേതൃത്വം ഇടപെട്ട് പുറത്താക്കിയ മണ്ഡലം പ്രസിഡന്റിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തിരുന്നു. നേരത്തെ എ ഗ്രൂപ്പിന്റെ കൈവശമുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങള്‍ നഷ്ടമാകുകയും ഔദ്യോഗിക നേതൃത്വമെന്ന നിലയില്‍ ഈസ്ഥാനങ്ങള്‍ എ വിഭാഗം കൈയ്യിലാക്കുകയും ചെയ്തു. എന്നാല്‍ നേരത്തെ നടന്ന ചര്‍ച്ച പ്രകാരം മണ്ഡലം പ്രസിഡന്റ് സ്ഥാനം പഴയ എ ഗ്രൂപ്പ് വിഭാഗത്തിന് തിരിച്ചു നല്‍കാമെന്ന് ധാരണയുണ്ടാക്കിയിരുന്നുവത്രേ. ഇത് പ്രാബല്യത്തിലാകാത്തതാണ് വിമത വിഭാഗത്തെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest