Connect with us

Articles

നിശ്ശബ്ദ ഭീകരതകളിലൂടെ

Published

|

Last Updated

സാമ്പ്രദായികമായ രീതിയിലല്ലെങ്കിലും ഒരു യാത്രാവിവരണമാണിത്തവണ എഴുതുന്നത്. കേരളത്തിനു പുറത്തേക്കും തിരിച്ചും എന്നാണോ അതോ ഇന്ത്യക്കകത്തേക്കും അകത്തിനകത്തേക്കും എന്നാണോ ഈ യാത്രയെ വിശേഷിപ്പിക്കേണ്ടതെന്നറിയില്ല. മഹാരാഷ്ട്രയിലെ നാസിക്കില്‍ നടന്ന തൊഴിലാളി സംഘടനയുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് സഖാക്കളോടും ഭാര്യയോടുമൊപ്പം പോയി വന്നത്. സമ്മേളനവിശേഷങ്ങളോ അതിന്റെ ആന്തരിക സങ്കീര്‍ണതകളോ ഇവിടെ വിവരിക്കുന്നത് അനൗചിത്യവും വായനക്കാര്‍ക്ക് വിരസവുമായിരിക്കുമെന്നതിനാല്‍ അതിന് തുനിയുന്നില്ല. പുറം കാഴ്ചകളും അകം കാഴ്ചകളും; പിന്നെ തിരിച്ചെത്തുമ്പോള്‍ കേരളത്തില്‍ കാത്തിരുന്ന കാഴ്ചകളും കേള്‍വികളും എന്നിങ്ങനെ, രാഷ്ട്രീയ ഭൂപ്രകൃതിയിലൂടെയും സാംസ്‌ക്കാരിക മനസ്സിലൂടെയും നടത്തിയ ഒരു അലച്ചിലായിട്ടാണ് ഏതു യാത്രയുമെന്നതു പോലെ ഈ യാത്രയെയും പരിഗണിക്കുന്നത്.
കേന്ദ്രഭരണകക്ഷി തന്നെയാണ് മഹാരാഷ്ട്രയിലും ഭരിക്കുന്നതെങ്കിലും, കേരളത്തില്‍ നിറഞ്ഞിട്ടുള്ളതു പോലെ പ്രധാനമന്ത്രിയുടെയും ഭരണകക്ഷി അധ്യക്ഷന്റെയും ഫഌക്‌സ് ബോര്‍ഡുകള്‍ വഴിയരുകുകളെ അടച്ചുകൊണ്ട് സ്ഥാപിക്കപ്പെട്ടിരുന്നില്ല. ഉപേക്ഷയും ഉദാസീനതയും (നെഗ്ലിജെന്‍സ്) ചേര്‍ന്ന് രൂപവത്കരിക്കുന്ന രാഷ്ട്രീയ പൊതുസമ്മതവും സാമാന്യബോധവുമാണ് രാഷ്ട്രത്തെ നിര്‍മ്മിച്ചെടുക്കുന്നതും പൊളിച്ചടുക്കുന്നതും എന്നതു കൊണ്ടായിരിക്കുമോ ഈ അസാന്നിധ്യം എന്നറിയില്ല. പരിപൂര്‍ണതയിലെത്തിയാല്‍ പിന്നെ പ്രചാരണ കോലാഹലങ്ങള്‍ ആവശ്യമില്ല എന്ന തിരിച്ചറിവായിരിക്കുമോ അതോ കേരളം രാഷ്ട്രീയ പ്രബുദ്ധതയുടെ അന്തരാള ഘട്ടത്തിലായതിന്റെ യാഥാര്‍ഥ്യമാണിവിടെ കാണുന്നത് എന്നായിരിക്കുമോ ഈ വിപരീതത്തിന്റെ വ്യാഖ്യാനം എന്നും നിശ്ചയമില്ല.
കുംഭമേള കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ഭക്തര്‍ക്ക് താത്കാലികമായി താമസിക്കാനുള്ള കൂടാരങ്ങള്‍ പൊളിച്ചു തീരാറായി. ശൈവ പ്രതിനിധികളായി കണക്കാക്കപ്പെടുന്ന നഗ്ന സന്യാസിമാര്‍ മുഴുവനും നഗരം വിട്ടു പോയിട്ടില്ല. ത്രയംബകേശ്വറില്‍ പന്ത്രണ്ട് ജ്യോതിര്‍ ലിംഗത്തിലൊന്ന് കാണാന്‍ ഇരുനൂറ് രൂപ വേണ്ടിയിരുന്നതിനാല്‍ അകത്ത് കയറിയില്ല. പുറത്ത് കറങ്ങിനടന്നപ്പോഴാണ് നഗ്ന സന്യാസി പുകവലിച്ച് ഉദാസീനനായി ഇരിക്കുന്നത് കണ്ടത്. അടുത്തു ചെന്ന് നിന്നതിനു ശേഷം, പത്തു രൂപ ദക്ഷിണ സമര്‍പ്പിച്ച് ഒപ്പം നില്‍ക്കുന്ന കുറെയധികം ഫോട്ടോകളെടുത്തു. ഫേസ്ബുക്കില്‍ ലൈക്കുകള്‍ പ്രവഹിച്ചുകൊണ്ടേ ഇരുന്നു. വിവിധ നാഗ അഖാഡകളില്‍ പെട്ട ഈ സന്യാസിമാര്‍ കൂട്ടത്തോടെ കുളിക്കുന്ന കുംഭ മേള ദൃശ്യമായിരുന്നു സമ്മേളന വേദിയുടെ പശ്ചാത്തലം. മതവും വിശ്വാസവും ആചാരങ്ങളും ഭക്തിയും അനുഷ്ഠാനങ്ങളും മര്യാദകളും വസ്ത്ര-ഭക്ഷണ രീതികളും സംസ്‌കാരം എന്ന നിലയില്‍ നിന്ന് രാഷ്ട്രീയമായി വളരുന്നതെങ്ങനെ എന്ന് ആലോചിച്ചാലും ആലോചിച്ചാലും തീരാത്തത്ര യാഥാര്‍ഥ്യങ്ങളും ഭാവനകളുമായി സ്ഥലകാലം മനസ്സിനകത്തേക്ക് പടര്‍ന്നു കയറുകയായിരുന്നു.
സമ്മേളന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ ലാല്‍സലാം എന്ന് മുദ്രാവാക്യം മുഴക്കിയാണ് വേദി വിട്ടിറങ്ങിയത്. കൈയടികളും കൈകുലുക്കലുകളും നിറയെ ലഭിച്ചെങ്കിലും, പുറകില്‍ ഒരു വിരുദ്ധാഭിപ്രായക്കാരന്‍ പാഞ്ഞടുത്തപ്പോഴാണ് പകച്ചത്. അരാഷ്ട്രീയ സംഘടനയുടെ വേദിയില്‍ കയറി നിങ്ങളെങ്ങനെ ലാല്‍സലാം പറയുന്നു എന്നായിരുന്നു അയാളുടെ ചോദ്യം. ചുകപ്പന്‍ അഭിവാദ്യങ്ങള്‍ (റെഡ് സല്യൂട്ട്) എന്ന അര്‍ഥമല്ലേ ലാല്‍ സലാമിന്റേത് എന്ന മറുപടിയും പറഞ്ഞ് ഞാന്‍ സ്ഥലം കാലിയാക്കുകയാണ് ചെയ്തത്. കാര്യങ്ങള്‍ അത്ര പന്തിയല്ല എന്നു ചുരുക്കം. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും അഫ്ഗാനിസ്ഥാനിലെയും നേപ്പാളിലെയും തൊഴിലാളികളും ഇടതുപക്ഷക്കാരും കഴിഞ്ഞ നൂറ്റാണ്ടിനും മുമ്പു തന്നെ മുഴക്കിക്കൊണ്ടിരുന്ന മുദ്രാവാക്യമാണ് ലാല്‍സലാം. ആരാണ് അത് ആദ്യം മുഴക്കിയതെന്നറിയില്ല. അര്‍ഥത്തിന്റെ വ്യാപ്തി മാത്രമല്ല, ഉറുദുവിന്റെ ഹൃദയദ്രവീകരണ ക്ഷമതയും തിളങ്ങി നില്‍ക്കുന്ന ഉജ്വലമായ ഈ മുദ്രാവാക്യം നിങ്ങളൊരു തൊഴിലാളി സംഘടനാ പ്രവര്‍ത്തകനാണെങ്കിലും ഇടതുപക്ഷക്കാരനാണെങ്കിലും മുഴക്കാന്‍ അനുവാദമില്ലാത്ത വണ്ണം ഇന്ത്യയുടെ പൊതുസ്ഥലങ്ങള്‍ അടഞ്ഞതായിക്കഴിഞ്ഞു വെന്നു വേണം മനസ്സിലാക്കാന്‍. നിശ്ശബ്ദതയും ആലസ്യവുമാണ് നാവടക്കങ്ങളെ നിര്‍മ്മിക്കുന്നതെന്ന് ബോധ്യപ്പെടുമ്പോള്‍ തന്നെ നിസ്സഹായതയിലേക്ക് ഒളിച്ചു പാര്‍ക്കേണ്ട അവസ്ഥ. നാസി ജര്‍മനിയില്‍ യാത്ര ചെയ്തു തിരിച്ചു വന്ന യാത്രികനോട് ആരാണ് അവിടെ ഭരിക്കുന്നത് എന്ന ചോദ്യത്തിന് ലഭിച്ച മറുപടി ഇപ്രകാരമായിരുന്നു: ഭയമാണവിടെ ഭരിക്കുന്നത്. ഇന്ത്യയുടെ ഹൃദയത്തിനകത്തേക്ക് സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്ന മറുപടിയും ഇതു തന്നെയാണോ?
കേരളത്തിലെ വിശേഷങ്ങള്‍ ഫേസ് ബുക്ക് വഴിയും വാട്ട്‌സ് അപ്പ് വഴിയും ഏറെക്കുറെ അറിഞ്ഞുകൊണ്ടേ ഇരുന്നു. കൊങ്കണിലൂടെയുള്ള മടക്കയാത്രയില്‍ മലയാള ദിനപത്രങ്ങള്‍ ലഭിച്ചു തുടങ്ങി. അതല്ലാതെയും വാര്‍ത്തകള്‍ പ്രവഹിച്ചുകൊണ്ടേ ഇരുന്നു. വിദ്യാലയത്തെ സംബന്ധിച്ചും വിദ്യാഭ്യാസത്തെ സംബന്ധിച്ചും ആഴത്തില്‍ ആലോചിക്കേണ്ട രണ്ടു കാര്യങ്ങളാണ് കേരളത്തെ പിടിച്ചു കുലുക്കിക്കൊണ്ട് ഇവിടെ സംഭവിച്ചുകൊണ്ടിരുന്നത്. ഒന്നാമത്തേത്, ആരും കാര്യമായി പരിഗണിച്ചില്ലെങ്കിലും സുപ്രധാനമായ ഒന്നായിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചത് മണ്ടത്തരമായിപ്പോയി എന്ന എ കെ ആന്റണിയുടെ പ്രഖ്യാപനമായിരുന്നു അത്. പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍ വന്ന ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യ രാജ്യത്തെ വിദ്യാലയങ്ങളില്‍ രാഷ്ട്രീയം നിരോധിക്കുന്നതിനു പകരം നിര്‍ബന്ധമാക്കുകയാണ് വേണ്ടത് എന്ന തിരിച്ചറിവ് നമുക്ക് ഇനിയും കിട്ടിത്തുടങ്ങിയിട്ടില്ല. കോടതി വിധി കൊണ്ടു മാത്രമല്ല, വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കപ്പെട്ടതോ വെറുക്കപ്പെട്ടതോ ആയി തീര്‍ന്നത്. പൊതുബോധം അപ്രകാരം തീരുമാനിച്ചതു കൊണ്ട് കൂടിയാണ്. രാഷ്ട്രീയത്തിന് പ്രവേശനമില്ലാത്ത കൂറ്റന്‍ മതില്‍ക്കകങ്ങളില്‍ കെട്ടിയുയര്‍ത്തിയ സ്വാശ്രയ കോളജുകള്‍ ആന്റണിയുടെ കാലത്തായിരുന്നു ആദ്യമാരംഭിച്ചതെങ്കിലും പിന്നീട് അതിന്റെ കുത്തൊഴുക്കായിരുന്നു.
രാഷ്ട്രീയം നിരോധിക്കപ്പെട്ടതിനു തൊട്ടു പിറകെയാണ് തൃശൂര്‍ കേരളവര്‍മയിലെ സംഭവം നടന്നത്. ഉത്തരേന്ത്യയില്‍ ബീഫ് ഭക്ഷിച്ചുവെന്നാരോപിച്ച് മുസ്‌ലിം വൃദ്ധനെ ക്രൂരനിഷ്ഠൂരമായി കൊലപ്പെടുത്തിയ ഭീകരനടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് കേരളവര്‍മയില്‍ ബീഫും റൊട്ടിയും വിതരണം ചെയ്ത എസ് എഫ് ഐക്കാരെ കൂട്ടത്തോടെ ആക്രമിക്കുകയും പിന്നീട് സസ്‌പെന്റ് ചെയ്യുകയുമാണ് ഉണ്ടായത്. ആക്രമണകാരികള്‍ക്ക് അരു നില്‍ക്കുന്ന സമീപനമാണ് കോളജധികാരികള്‍ സ്വീകരിക്കുന്നത്. ഇതില്‍ മനം നൊന്ത് ദീപ നിശാന്ത് എന്ന അധ്യാപിക ഫേസ്ബുക്കില്‍ കുറിപ്പിട്ടതിനെ തുടര്‍ന്ന് അവര്‍ക്കെതിരെയാണ് ഇപ്പോള്‍ മറ്റ് അധ്യാപകരും മാനേജ്‌മെന്റും സദാചാര ഭീകരവാദികളും. ദീപനിശാന്തിനനുകൂലമായി മതനിരപേക്ഷവാദികളുടെയും മറ്റും പ്രവാഹം ഉണ്ടായിട്ടുണ്ടെന്നതു മാത്രമാണാശ്വാസം.
വിദ്യാഭ്യാസം കേവലം മാര്‍ക്കും ജോലിയും കരസ്ഥമാക്കുന്നതിനുള്ള എളുപ്പസൂത്രമാണെന്ന വാദഗതിയാണ് പ്രബലമായി നിലനില്‍ക്കുന്നത്. വിദ്യാര്‍ഥിയെ സാമൂഹികനാ(യാ)ക്കണോ അതോ സാമൂഹിക വിരുദ്ധനാ(യാ)ക്കണോ എന്നതാണ് യഥാര്‍ഥ ചോദ്യം എന്നത് നാം മറന്നു പോയി. ആ മറവിക്കുള്ള ശിക്ഷയാണ് നിശ്ശബ്ദ ഭീകരതയിലൂടെ നാം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കേരളം ഇന്ത്യയായി വളരാന്‍ പോകുന്നില്ലെന്ന് ബോധ്യപ്പെട്ടു. കേരളം ഇന്ത്യയായി ചുരുങ്ങാതിരിക്കട്ടെ. ഫ്രാന്റ്‌സ് ഫാനന്റെ ഭൂമിയിലെ ശപിക്കപ്പെട്ടവര്‍(ദ റെച്ചഡ് ഓഫ് ദ എര്‍ത്ത്) എന്ന സുപ്രസിദ്ധമായ പുസ്തകത്തിന് എഴുതിയ അവതാരികയില്‍ ഴാങ് പോള്‍ സാര്‍ത്ര് ഇപ്രകാരം നിരീക്ഷിക്കുന്നു. “മുന്‍ കാലത്ത് ഫ്രാന്‍സ് എന്നത് ഒരു രാഷ്ട്രത്തിന്റെ പേരായിരുന്നു. 1961ഓടെ അത് ഒരു ഞരമ്പുരോഗത്തിന്റെ പേരായി മാറാതിരിക്കാന്‍ നാം അതീവശ്രദ്ധ പുലര്‍ത്തേണ്ടിയിരിക്കുന്നു”. ഇന്ത്യയുടെ കാര്യത്തിലും ഇതാവര്‍ത്തിക്കേണ്ടി വരുമോ?

Latest