Connect with us

Ongoing News

സമാധാനത്തിനുള്ള നൊബേല്‍ ടുണീഷ്യന്‍ സംഘടനയ്ക്ക്‌

Published

|

Last Updated

ഓസ്‌ലോ: അറബ് വസന്തമെന്ന് വിളിക്കപ്പെട്ട പ്രക്ഷോഭ പരമ്പരകളുടെ ജന്മദേശമായ ടുണീഷ്യയില്‍ വിപ്ലവാനന്തരം ജനാധിപത്യ സംവിധാനം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച ടുണീഷ്യയിലെ നാഷനല്‍ ഡയലോഗ് ക്വാര്‍ട്ടെറ്റിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം.
നാല് സംഘടനകളുടെ കൂട്ടായ്മയായ നാഷനല്‍ ഡയലോഗ് ക്വാര്‍ട്ടെറ്റ് 2013ലാണ് രൂപവത്കരിച്ചത്. മുല്ലപ്പൂ വിപ്ലവത്തിനു ശേഷം ടുണീഷ്യയില്‍ രാഷ്ട്രീയ കൊലപാതകങ്ങളും സാമൂഹിക അസ്ഥിരതയും നിറഞ്ഞുനിന്ന സമയത്തായിരുന്നു നാഷനല്‍ ഡയലോഗ് ക്വാര്‍ട്ടെറ്റിന്റെ പിറവി. ടുണീഷ്യന്‍ ജനറല്‍ ലേബര്‍ യൂനിയന്‍ (യു ജി ടി ടി), ടുണീഷ്യന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡസ്ട്രി, ട്രേഡ് ആന്‍ഡ് ഹാന്‍ഡിക്രാഫ്റ്റ്‌സ് (യു ടി ഐ സി എ), ടുണീഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ലീഗ് (എല്‍ ടി ഡി എച്ച്), ടുണീഷ്യന്‍ ഓര്‍ഡര്‍ ഓഫ് ലോയേഴ്‌സ് എന്നിവ ചേര്‍ന്നതാണ് നാഷനല്‍ ഡയലോഗ് ക്വാര്‍ട്ടെറ്റ്. രാജ്യത്ത് ജനാധിപത്യവത്കരണ നടപടികള്‍ക്കായി സംഘടന മികച്ച പിന്തുണ നല്‍കിയതായി നൊബേല്‍ സമിതി വിലയിരുത്തി.
വളരെയധികം സന്തോഷവും അഭിമാനവും ഉണ്ടെന്നും പുരസ്‌കാരം അറബ് ലോകത്തിന് തന്നെ പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതായും യു ജി ടി ടി മേധാവി ഹുസൈന്‍ അബ്ബാസി പറഞ്ഞു. ആയുധം താഴെവെച്ച് ഒരുമേശക്ക് ചുറ്റുമിരിക്കാന്‍ മേഖലക്ക് നല്‍കുന്ന സന്ദേശമാണ് പുരസ്‌കാരമെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര യുദ്ധത്തിന്റെ വക്കിലെത്തിയ ടുണീഷ്യയെ സമാധാനപരമായ രാഷ്ട്രീയ നടപടിയുടെ മറ്റൊരു മാര്‍ഗം മുന്നോട്ടുവെച്ച ക്വാര്‍ട്ടെറ്റിനെ നൊബേല്‍ സമിതി വാഴ്ത്തി.
പോപ്പ് ഫ്രാന്‍സിസ്, ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ചലാ മെര്‍ക്കല്‍, അമേരിക്കന്‍ എന്‍ എസ് എ മുന്‍ കോണ്‍ട്രാക്റ്റര്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ ഉള്‍പ്പെടെ 273 പേരാണ് സമാധാന നൊബേലിന് ഇത്തവണ നിര്‍ദേശിക്കപ്പെട്ടത്.

---- facebook comment plugin here -----

Latest