Connect with us

Gulf

രക്തസാക്ഷി അല്‍ കഅബിയുടെ മൃതദേഹം ഖബറടക്കി

Published

|

Last Updated

ഫുജൈറ: യമനില്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പിച്ച സ്വദേശി സൈനികന്‍ യൂസുഫ് സാലിം അല്‍ കഅബി (32)യുടെ മൃതദേഹം ഖബറടക്കി.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശ്ദ് അല്‍ മക്തൂം, ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉള്‍പെടെയുള്ളവര്‍ പങ്കെടുത്തു. അല്‍ കഅബി ഉള്‍പെടെ നാലു സ്വദേശി സൈനികരാണ് കഴിഞ്ഞ ദിവസം യമനില്‍ ഹൂത്തി വിമതര്‍ നടത്തിയ റോക്കാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സഊദി അറേബ്യയുടെ നേതൃത്വത്തില്‍ റെസ്‌റ്റോറിംഗ് ഹോപ്പ് എന്ന പേരില്‍ യമനില്‍ നടക്കുന്ന സംഖ്യ സൈന്യത്തിനൊപ്പം പോരാടുന്നതിനിടയിലാണ് അല്‍ കഅബി ഉള്‍പെടെ നാലു പേര്‍ കഴിഞ്ഞ ദിവസം ജീവന്‍ ബലിയര്‍പ്പിച്ചത്.
മുഹമ്മദ് ഖല്‍ഫാന്‍ അബ്ദുല്ല സാലിം അല്‍ സിയാഹി, അലി ഖാമിസ് സാലിം അയദ് അല്‍ കത്്ബി, അഹ്മദ് ഖമീസ് മുഅല്ല ഇദ്‌രിസ് അല്‍ ഹമ്മാദി എന്നിവരാണ് രാജ്യത്തിനായി ജീവന്‍ ബലിനല്‍കിയ മറ്റു മൂന്നു സ്വദേശി സൈനികര്‍. അല്‍ കഅബിയുടെ മയ്യിത്ത് നിസ്‌കാരത്തിന് നൂറു കണക്കിന് ആളുകളാണ് എത്തിയത്.
കഴിഞ്ഞ 10 വര്‍ഷമായി അല്‍ കഅബി സൈന്യത്തില്‍ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. കഅബിയുടെ സഹോദരന്‍ മുഹമ്മദും രാജ്യത്തിനായി സേവനം ചെയ്യുന്നുണ്ട്. ശൈഖ് മുഹമ്മദ് അല്‍ കഅബിയുടെ കുടുംബത്തെ സന്ദര്‍ശിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.
ഭാര്യയും ആറു മാസം പ്രായമുള്ള മകനുമുള്ള കഅബിക്ക് ഏഴു സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ട്.

Latest