Connect with us

Editorial

പരസ്യങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം വേണം

Published

|

Last Updated

തെറ്റായതും തെറ്റിദ്ധാരണാ ജനകവുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് 82 പരസ്യങ്ങള്‍ നിരോധിച്ചിരിക്കയാണ് ആഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഉപഭോക്തൃ പരാതിപരിഹാര കൗണ്‍സിലിന്റെ നിര്‍ദേശ പ്രകാരമാണ് ബി എസ് എന്‍ എല്‍, ഹോണ്ട ആക്ടീവ, വോഡാഫോണ്‍, എസ്സാര്‍ ലിമിറ്റഡ് തുടങ്ങി മുന്‍നിര ബ്രാന്റുകളുടേതുള്‍പ്പെടെയുള്ള പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. എളുപ്പം ഭാരം കുറക്കാന്‍ സഹായിക്കുന്ന ഭക്ഷണം, എവറസ്റ്റില്‍ കയറുമ്പോള്‍ ഫുള്‍ നെറ്റ്‌വര്‍ക്ക്, ഏഴ് ദിവസം കൊണ്ട് ചര്‍മത്തിനു തിളക്കം നല്‍കുന്ന ക്രീം, ബൈക്കുകള്‍ക്ക് അവിശ്വസനീയ മൈലേജ് തുടങ്ങി അതിശയോക്തിപരമായ വാഗ്ദാനങ്ങള്‍ നല്‍കിയതിനാണ് നിരോധം. നിയമ നടപടിക്ക് വിധേയമായ പരസ്യങ്ങളില്‍ 26 എണ്ണം ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ടതും 22 എണ്ണം വിദ്യാഭ്യാസ സംബന്ധിയും ഒമ്പതെണ്ണം ഭക്ഷ്യപാനീയളുടേതും ഏഴെണ്ണം മാധ്യമങ്ങളെ സംബന്ധിച്ചതുമാണ്.
ഉപഭോക്താവാണ് കമ്പോളത്തിലെ രാജാവ് എന്നൊരു പ്രയോഗമുണ്ട്. എന്നാല്‍ ഇന്ന് കമ്പോളങ്ങളെ നിലനിര്‍ത്തുന്നത് പരസ്യങ്ങളാണ്. ടി വി യില്‍, റേഡിയോയില്‍, പത്രങ്ങളില്‍, ഇന്റര്‍നെറ്റില്‍, നിരത്തുകളില്‍ തുടങ്ങി എവിടെയും പരസ്യങ്ങളുടെ വേലിയേറ്റമാണ്. ഇവ വ്യക്തികളുടെ ജീവിതത്തില്‍ അവരറിയാതെ തന്നെ വലിയ സ്വാധീനങ്ങള്‍ ചെലുത്തിക്കൊണ്ടിരിക്കുന്നുണ്ട്. ചില ബ്രാന്‍ഡുകളുടെ ആകര്‍ഷണീയമായ പരസ്യങ്ങള്‍ കാണുമ്പോള്‍, പലരും അറിയാതെ അതിലേക്ക് ആകൃഷ്ടരാകുന്നു. ഉപഭോക്താവ് ദിനംപ്രതി കാണുകയും കേള്‍ക്കുകയും ചെയ്യുന്ന നൂറുക്കണക്കിന് പരസ്യങ്ങളില്‍ നിന്ന്, തങ്ങളുടെ പരസ്യങ്ങളിലേക്കും അതു വഴി ഉത്പന്നങ്ങളിലേക്കും ഉപഭോക്താവിന്റെ ചിന്ത എത്തിക്കുന്നതിലാണ് ഒരു കമ്പനിയുടെ വിജയം. ഇതിന് പക്ഷേ അവര്‍ സ്വീകരിക്കുന്നത് അധാര്‍മികവും വഞ്ചനാപരവുമായ മാര്‍ഗങ്ങളാണ്. ഉത്പന്നങ്ങള്‍ക്ക് ഇല്ലാത്ത ഗുണങ്ങളും ഫലങ്ങളും ഉണ്ടെന്ന് പ്രചരിപ്പിച്ചു ഉപഭോക്താക്കളെ വഞ്ചിക്കുകയാണ് പരസ്യ ദാതാക്കള്‍.
മത്സരാധിഷ്ടിതമായ ലോകത്ത് ഉത്പന്നങ്ങളെ പരിചയപ്പെടുത്താന്‍ പരസ്യങ്ങളെ ആശ്രയിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ഇപ്പേരില്‍ സമൂഹത്തിലെ മൂല്യങ്ങളെ ചോദ്യംചെയ്യുന്നതും സഭ്യതക്ക് നിരക്കാത്തതും ഉപഭോക്താവിനെ വിഡ്ഢികളാക്കുന്നതുമായ പരസ്യങ്ങള്‍ അംഗീകരിക്കാനാകില്ല. ഇത്തരം പരസ്യങ്ങള്‍ നിയന്ത്രിക്കുന്നതിന് അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എ എസ് സി ഐ) പോലെയുള്ള സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. പരസ്യങ്ങളിലെ ഉള്ളക്കം വിലയിരുത്തുന്നതിനും പരസ്യങ്ങളെക്കുറിച്ച പൊതു വിശ്വാസം നിലനിര്‍ത്തുന്നതിനുമുള്ള സ്വയം നിയന്ത്രിത സംവിധാനമാണ് എ എസ് സി ഐ. പരസ്യം സത്യസന്ധവും നിയമവിധേയവുമായിരിക്കണം, സ്ത്രീകളെ ആക്ഷേപിക്കുന്ന തരത്തിലാകരുത്, കുട്ടികളുള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ക്കും വിപണിയിലെ എതിരാളികള്‍ക്കും വിശ്വസനീയ തരത്തിലായിരിക്കണം തുടങ്ങിയ മാനദണ്ഡങ്ങള്‍ കൗണ്‍സില്‍ മുന്നോട്ടുവച്ചിട്ടുമുണ്ട്. കൗണ്‍സിലിന്റെ പരിശോധനക്കും അനുമതിക്കും ശേഷമേ പരസ്യം പ്രസിദ്ധം ചെയ്യാന്‍ പാടുള്ളൂ എന്നും വ്യവസ്ഥയുണ്ട്. ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം തെറ്റായ പരസ്യം പ്രചരിപ്പിക്കുന്ന കമ്പനിക്കെതിരെയും താരങ്ങള്‍ക്കെതിരെയും കേസുകൊടുക്കാകുന്നതാണ്. വ്യാജ അവകാശവാദങ്ങളോടെ മരുന്നുകള്‍ പരസ്യപ്പെടുത്തുന്നതും വില്‍പ്പന നടത്തുന്നതും നിരോധിക്കുന്ന മറ്റൊരു നിയമം 1954ല്‍ നിലവില്‍ വന്നിട്ടുമുണ്ട്. എന്നിട്ടും പൊള്ളയായ അവകാശ വാദങ്ങളോടെ പരസ്യങ്ങള്‍ വരുന്നതിന് പിന്നില്‍ എ എസ് സി ഐ മേധാവികളും കുത്തക കമ്പനികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് സംശയിക്കേണ്ടതുണ്ട്.
നിയമങ്ങളെയും ചട്ടങ്ങളെയും മറികടന്നു പരസ്യങ്ങളിലൂടെ ഉപഭോക്താക്കള്‍ ചൂഷണം ചെയ്യപ്പെടുന്നത് അവസാനിപ്പിക്കാന്‍ ശക്തമായ നിയമം ആവിഷ്‌കരിക്കേണ്ടതുണ്ട്. ഉപഭോക്താവില്‍ നിന്നോ ഉപഭോക്തൃ തര്‍ക്കപരിഹാര വേദിയില്‍ നിന്നോ പരാതി ഉയരുമ്പോള്‍ മാത്രം ഏതാനും ചില കമ്പനികള്‍ക്കെതിരെ നോട്ടീസ് നല്‍കിയതു കൊണ്ടായില്ല. ഒരു സാഹചര്യത്തിലും തെറ്റായ അവകാശവാദങ്ങളുമായി പരസ്യങ്ങള്‍ പുറത്തു വരില്ലെന്ന് ഉറപ്പ് വരുത്തുന്ന നിയമമാണ് ആവശ്യം. സിനിമാ താരങ്ങളെയും സ്‌പോര്‍ട്‌സ് താരങ്ങളെയും ബ്രാന്‍ഡ് അമ്പാസഡര്‍മാരാക്കിയാണ് പല പരസ്യങ്ങളും വരുന്നത്. താരങ്ങള്‍ക്ക് ജനങ്ങളിലുള്ള വര്‍ധിച്ച സ്വാധീനം കണക്കിലെടുത്ത് ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കേണ്ടതുണ്ട്. വന്‍തുക പ്രതിഫലം കൈപ്പറ്റി പരസ്യങ്ങളുടെ ഭാഗമാകാറുള്ള താരങ്ങള്‍ ഉത്പന്നങ്ങളുടെ ഗുണമേന്മയെ കുറിച്ച് ചിന്തിക്കാറില്ല. പണത്തിന് വേണ്ടി ഏത് പരസ്യങ്ങളിലും അഭിനയിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ടതുണ്ട്. പരസ്യങ്ങളിലെ അവകാശ വാദം തെറ്റാണെന്ന് തെളിഞ്ഞാല്‍ താരങ്ങളില്‍ നിന്ന് നഷ്ട പരിഹാരം ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരാന്‍ യൂ പി എ സര്‍ക്കാറിന്റെ അവസാന കാലത്ത് ദേശീയ ഉപഭോക്തൃ സംരക്ഷണ സമിതി തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ മാറിയതോടെ ആ നീക്കം നിലയ്ക്കുകയാണുണ്ടായത്.

Latest