Connect with us

Kozhikode

കനത്ത മഴ; റോഡുകളില്‍ വെള്ളം കയറി; ഗതാഗതം താറുമാറായി

Published

|

Last Updated

കോഴിക്കോട്: രണ്ട് ദിവസമായി തുടരുന്ന മഴ നഗരത്തെ വെള്ളത്തില്‍ മുക്കി. ഇന്നലെ വൈകുന്നേരത്തോടെയാണ് വെള്ളക്കെട്ടിന് അയവ് വന്നത്. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായിരുന്നു. മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന്റെ പരിസരവും സ്റ്റാന്‍ഡും വെള്ളത്തിലായിരുന്നു.
മാവൂര്‍ റോഡ്, പാവമണി റോഡ്, ജാഫര്‍ഖാന്‍ കോളനിറോഡ് എന്നിവിടങ്ങളിലും വെള്ളം കെട്ടിക്കിടന്നു. ആവശ്യമായ ഡ്രൈയിനേജുകളില്ലാത്തതും റോഡുകളുടെ ശോചനീയാവസ്ഥയുമാണ് വെള്ളം കെട്ടിക്കിടക്കാന്‍ കാരണമായത്. ഓട നിറഞ്ഞ് വെള്ളം റോഡില്‍ പരന്നൊഴുകിയതോടെ കാല്‍നട യാത്രക്കാര്‍ ഏറെ ദുരിതത്തിലായി. വാഹനഗതാഗതവും വഴിമുട്ടി. മിക്ക സ്ഥലങ്ങളിലും ഗതാഗതക്കുരുക്ക് നീക്കാന്‍ ട്രാഫിക്ക് പോലീസിന് പാടുപെടേണ്ടിവന്നു.
ഫറോക്ക്: കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയും പകലുമായി പെയ്ത മഴയെ തുടര്‍ന്ന് ഫറോക്ക് ടൗണില്‍ വെള്ളം കയറി. റെയില്‍വേ സ്റ്റേഷന്‍ റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായി. നിരവധി കടകളിലും വെള്ളം കയറി. അരക്കുത്ത് ക്ഷേത്രത്തിന്റെ നടവഴിയോട് ചേര്‍ന്നുള്ള ഓവുചാലിലെ ഒഴുക്ക് തടസ്സപെട്ടതാണ് വെള്ളം പുറത്തേക്ക് ഒഴുകാന്‍ കാരണമായത്. റോഡിലെ വെള്ളക്കെട്ട് കാരണം മണികൂറുകളോളം ഗതാഗതം തടസ്സപെട്ടു. ഇന്നലെ ഉച്ചയോടെ മോട്ടോര്‍ പമ്പ് ഉപയോഗിച്ചാണ് വെള്ളം നീക്കിയത്.