Connect with us

Kozhikode

താമരശ്ശേരി രൂപതയുടെ ക്വാറി നടത്തിപ്പ് പുറത്തായത് സഭയെ വെട്ടിലാക്കി

Published

|

Last Updated

ചുണ്ടത്തുംപൊയില്‍ സെന്റ് ജോര്‍ജ്ജ് ചര്‍ച്ചിനോട് ചേരന്നുള്ള ക്വാറി

താമരശ്ശേരി: മലയോര കര്‍ഷകര്‍ക്കായി നിരന്തരം ശബ്ദിക്കുന്ന താമരശ്ശേരി രൂപതയുടെ ക്വാറി നടത്തിപ്പ് പുറത്തായത് സഭയെ വെട്ടിലാക്കി. കൂടരഞ്ഞി പുഷ്പഗിരിയിലും ചുണ്ടത്തും പൊയിലിലുമാണ് ചര്‍ച്ച് വക ക്വാറി നടത്തിയിരുന്നത്. ജിയോളജി വകുപ്പില്‍നിന്നും ലഭിച്ച വിവരാവകാശ രേഖയാണ് കര്‍ഷക സ്‌നേഹത്തിനു പിന്നിലെ ക്വാറി ബന്ധം പുറത്തെത്തിച്ചത്. പുഷ്പഗിരി ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ചിനോട് ചേര്‍ന്നുള്ള ക്വാറിക്ക് 19 തവണ ലൈസന്‍സ് പുതുക്കിയത് വികാരിയാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 13,1870 രൂപയാണ് ഇതിനായി കരമടച്ചത്. ചുണ്ടത്തും പൊയില്‍ സെന്റ് ജോര്‍ജ്ജ് ചര്‍ച്ചിനോട് ചേരന്നുള്ള ക്വാറിക്ക് 79233 രൂപ കരമടച്ചാണ് വികാരി 10 തവണ ലൈസന്‍സ് പുതിക്കിയത്.
പുഷ്പഗിരിയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ലിറ്റില്‍ ഫഌവര്‍ ചര്‍ച്ച് അഞ്ചു വര്‍ഷം മുമ്പ് ഉപേക്ഷിച്ചിരുന്നു. ചര്‍ച്ചിന് മുന്‍വശത്ത് സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ചുമാറ്റുകയും ചെയ്തു. ചര്‍ച്ചിനോട് ചേര്‍ന്നുള്ള ക്വാറി വിപുലപ്പെടുത്താനാണ് ചര്‍ച്ച് ഉപേക്ഷിച്ചതെന്നാണ് ആരോപണമുയര്‍ന്നത്. 2011 വരെയാണ് രണ്ട് ക്വാറികള്‍ക്കും ലൈസന്‍സ് ലഭിച്ചിരുന്നത്. ഗാഡ്ഗില്‍കസ്തൂരിരംഗന്‍ ശുപാര്‍ശ കാരണം ലൈസന്‍സ് പുതുക്കാനായില്ല. ഇതോടെ ചുണ്ടത്തുംപൊയിലിലെ ക്വാറിയില്‍ വ്യാജ മണല്‍ നിര്‍മാണം ആരംഭിച്ചു. നാട്ടുകാര്‍ നിരന്തരം പരാതിപ്പെടുമ്പോള്‍ പോലീസ് പിടികൂടുമെങ്കിലും ദിവസങ്ങള്‍ക്കകം മണല്‍ നിര്‍മാണം പുനരാരംഭിക്കുമെന്നും ഇടവക അംഗങ്ങള്‍ നോട്ടീസ് വിതരണം നടത്തിയതിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. വലിയ കുന്നുകള്‍ ഇടിച്ചാണ് രൂപതയുടെ വക വ്യാജ മണല്‍ നിര്‍മാണം. ഇതിന്നെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ ഉന്നത ഇടപെടല്‍ കാരണം കള്ളക്കേസുകള്‍ ചുമത്തിയതായും ഇവര്‍ ആരോപിക്കുന്നു.
താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമരം ക്വാറിമാഫിയകളെ സഹായിക്കാനാണെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. വനം വകുപ്പ് ഓഫീസിന് തീവെച്ചതും പോലീസിനെ അക്രമിച്ചതും ക്വാറി മാഫിയാണെന്നും അതിനാല്‍ എല്ലാ കേസുകളും പിന്‍വലിക്കണമെന്നും രൂപത ആവശ്യപ്പെടുകയും സര്‍ക്കാര്‍ വഴങ്ങുകയും ചെയ്തതിന് പിന്നാലെയാണ് രൂപതയുടെ ക്വാറി നടത്തിപ്പ് പുറത്തെത്തിയത്.
താമരശ്ശേരി: ആത്മീയ ശുശ്രൂഷക്ക് നിയോഗിക്കപ്പെട്ട മെത്രാന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്വാറി നടത്തുകയും മട്ടിമണല്‍ ഖനനം നടത്തുകയും ചെയ്യുന്നത് ക്രൈസ്തവ ദര്‍ശനത്തിന് എതിരാണെന്ന് കത്തോലിക് ലെമെന്‍സ് അസ്സോസിയേഷന്‍. ജീവകാരുണ്യ ശുശ്രുഷ നല്‍കി ലളിത ജീവിതം നയിക്കേണ്ടവര്‍ മാഫിയ സംഘങ്ങളെ പോലെ കഠിന ഹൃദയത്തോടെ പ്രവര്‍ത്തിക്കുന്നത് സഭക്കും എക്കാലത്തും ആപത്തും അപമാനവുമാണ്. തന്റെ അയോഗ്യത മനസ്സിലാക്കി താമരശ്ശേരി രൂപത മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മെത്രാന്‍ സ്ഥാനം രാജിവെക്കണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തെ സഭയില്‍നിന്നും പുറത്താക്കാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് തയ്യാറാവണമെന്നും കത്തോലിക് ലെമെന്‍സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

 

 

---- facebook comment plugin here -----

Latest