Connect with us

National

ഗുജറാത്ത് മോഡല്‍ വികസനം കെട്ടുകഥയെന്ന് ഹര്‍ദിക് പട്ടേല്‍

Published

|

Last Updated

ഗാന്ധിനഗര്‍: ഗുജറാത്ത് മോഡല്‍ വികസനം തട്ടിപ്പാണെന്നും ഇതു സംബന്ധിച്ച യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരുമെന്നും ഹര്‍ദിക് പട്ടേല്‍. പട്ടേല്‍ വിഭാഗത്തിന് ഒ ബി സി സംവരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളുടെ അടുത്ത ഘട്ടം പ്രഖ്യാപിച്ചുകൊണ്ടാണ് സമരനേതാവ് കൂടിയായ ഹര്‍ദിക്ക് ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്തില്‍ കര്‍ഷകര്‍ സന്തോഷവാന്മാരാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പിന്നെയെന്തുകൊണ്ടാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്ന് ഹര്‍ദിക് ചോദിച്ചു.
റിക്രൂട്ട്‌മെന്റ് തട്ടിപ്പില്‍ ഉള്‍പ്പെട്ടവരെ എന്തുകൊണ്ട് ശിക്ഷിക്കുന്നില്ലെന്നും സ്ത്രീകളെ മര്‍ദിച്ച് ജയിലിലടക്കുന്നത് എന്തിനെന്നും ഇതാണോ ഗുജറാത്ത് മോഡലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ചോദിച്ചു. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് പട്ടേല്‍ വിഭാഗങ്ങളെ ഉപയോഗിച്ച് സംഘര്‍ഷമുണ്ടാക്കി വൈകിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് വൈകിപ്പിക്കാനുള്ള സര്‍ക്കാറിന്റെ നീക്കം അണിയറയില്‍ നടക്കുന്നുണ്ട്. അതിന് വേണ്ടി പോലീസിനെ ഉപയോഗിക്കുകയാണ്. പ്രധാനമന്ത്രി എല്ലായ്‌പോഴും കൊട്ടിഘോഷിക്കാറുള്ള ഗുജറാത്ത് മോഡല്‍ വികസനം രാജ്യവ്യാപകമാക്കിയാല്‍ എന്താണ് സംഭവിക്കുക? മോദിയുടെ ഗുജറാത്ത് മോഡല്‍ എന്നത് വെറും കെട്ടുകഥമാത്രമാണെന്നും ഹര്‍ദിക് പട്ടേല്‍ കുറ്റുപ്പെടുത്തി.
സംസ്ഥാനത്തെ പിന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ആയിരം കോടിയുടെ പദ്ധതി പ്രഖ്യാപനം ഹര്‍ദിക് പട്ടേല്‍ തള്ളിക്കളഞ്ഞു. പദ്ധതികളല്ല സംവരണമാണ് പട്ടേല്‍ വിഭാഗത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഏത് നിയമമാണ് തങ്ങള്‍ക്ക് സംവരണം നല്‍കുന്നതില്‍ നിന്ന് സര്‍ക്കാറിനെ വിലക്കുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും ഹര്‍ദിക് ആവശ്യപ്പെട്ടു.
സംവരണ വിഷയത്തില്‍ ബീഹാര്‍ ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം നടന്നുവരികയാണെന്ന് പുതുതായി രൂപവത്കരിച്ച പട്ടീദാര്‍ നവനിര്‍മാണ്‍ സേനയുടെ പ്രസിഡന്റ് കൂടിയായ ഹര്‍ദീക് അവകാശപ്പെട്ടു. നിലവില്‍ 56 ലക്ഷം അംഗങ്ങള്‍ പി എന്‍ എസില്‍ ചേര്‍ന്നിട്ടുണ്ട്.

Latest