Connect with us

Ongoing News

പെലെ കൊല്‍ക്കത്തയില്‍ എത്തി

Published

|

Last Updated

കൊല്‍ക്കത്ത: ലോക ഫുട്‌ബോള്‍ ഇതിഹാസം പെലെ വീണ്ടും ഇന്ത്യന്‍ മണ്ണില്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം ഇന്നലെ കാലത്ത് ഒമ്പത് മണിയോടെ കൊല്‍ക്കത്തയിലെത്തി. 38 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ബ്രസീലിന്റെ ഇതിഹാസ താരം ഇന്ത്യയിലെത്തുന്നത്.
വിമാനത്താവളത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതരും ആരാധകരും പെലെക്ക് ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്. ഫുട്‌ബോള്‍ രാജാവിനെ നേരില്‍കണ്ട നൂറുകണക്കിന് ആരാധകര്‍ പെലെ, പെലെ എന്ന് ആര്‍ത്തുവിളിച്ചു. ഇവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച പെലെ, തനിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കിയ കൊല്‍ക്കത്തക്കയിലെ ജനതക്ക് നന്ദി പറഞ്ഞു. ദീര്‍ഘയാത്ര കഴിഞ്ഞതിനാല്‍ അദ്ദേഹം ക്ഷീണിതനായിരുന്നു.
ഇന്നലെ താജ് ബംഗാള്‍ ഹോട്ടലില്‍ വിശ്രമിച്ച അദ്ദേഹം ഇന്ന് രാവിലെ മാധ്യമങ്ങളെ കാണും. പിന്നീട്, ഒക്‌ടോബര്‍ 23ന് എഴുപത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന പെലെ ആശംസകള്‍ അര്‍പ്പിച്ച് എ ആര്‍ റഹ്മാന്‍ ആശംസാഗാനം ആലപിക്കും. നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ ഉടമയുമായ സൗരവ് ഗാംഗുലി നയിക്കുന്ന ടോക്‌ഷോയിലാണ് ചടങ്ങ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് എന്‍ എസ് എച്ച് എം നോളജ് ക്യാമ്പസില്‍ വിദ്യാര്‍ഥികളുമായി മുഖാമുഖം. വൈകീട്ട് അദ്ദേഹം 1977 ല്‍ മോഹന്‍ ബഗാനെതിരെ ന്യൂയോര്‍ക്ക് കോസ്‌മോസിനുവേണ്ടി പ്രദര്‍ശന മത്സരം കളിച്ച ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം സന്ദര്‍ശിക്കും. അന്ന് നടന്ന മത്സരം 2-2ന് സമനിലയില്‍ കാലാശിച്ചിരുന്നു. 77 ല്‍ മോഹന്‍ ബഗാനുവേണ്ടി കളിച്ച താരങ്ങളെ ആദരിക്കുന്ന ചടങ്ങിലും പെലെ പങ്കെടുക്കും.
സന്ദര്‍ശനത്തിന്റെ അവസാന ദിവസം ഐ എസ് എല്‍ ആദ്യ സീസണ്‍ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും റണ്ണേഴ്‌സപ്പായ കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലുള്ള മത്സരം കാണാന്‍ അദ്ദേഹം സോള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലെത്തും. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹസം സച്ചിന്‍ തെന്‍ഡുകള്‍ക്കറും മത്സരം വീക്ഷിക്കാനെത്തുമെന്നാണറിയുന്നത്. മത്സരശേഷം, ബംഗാള്‍ ദുരിതാശ്വാസ നിധിക്ക് പണം സമാഹരിക്കാന്‍ സംഘടിപ്പിക്കുന്ന അത്താഴവിരുന്നിലും പങ്കെടുക്കും. ഒക്‌ടോബര്‍ 16 നടക്കുന്ന സുബ്രതോ കപ്പ് ഫൈനല്‍ മത്സരം കാണാന്‍ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.

Latest