Connect with us

Business

ഓഹരി വിപണിയില്‍ നേട്ടത്തിന്റെ ആഴ്ച്ച

Published

|

Last Updated

ആഭ്യന്തര വിദേശ ധനകാര്യസ്ഥാപനങ്ങള്‍ മുന്‍ നിരയിലെയും രണ്ടാം നിരയിലെയും ഓള്‍ഡ് ന്യൂ ഇക്കോണമി ഓഹരികളില്‍ കാണിച്ച താല്‍പര്യം പ്രമുഖ ഇന്‍ഡക്‌സുകളെ മൂന്ന് ശതമാനം ഉയര്‍ത്തി. ബോംബെ സെന്‍സെക്‌സ് 858 പോയിന്റും നിഫ്റ്റി സൂചിക 238 പോയിന്റും കഴിഞ്ഞ വാരം ഉയര്‍ന്നു.
ബോംബെ സൂചിക താഴ്ന്ന നിലവാരമായ 26,526 ല്‍ നിന്ന് 27,198 വരെ ഉയര്‍ന്ന ശേഷം മാര്‍ക്കറ്റ് ക്ലോസിംഗ് വേളയില്‍ 27,080 പോയിന്റിലാണ്. ഈ വാരം 27,342-27,606ല്‍ പ്രതിരോധം നേരിടാന്‍ ഇടയുണ്ട്. സൂചികയുടെ താങ്ങ് 26,671-26,262 പോയിന്റിലാണ്. സൂചികയുടെ സാങ്കേതിക വശങ്ങള്‍ വിലയിരുത്തിയാല്‍ പി എസ് എ ആര്‍ ബുള്ളിഷ് ട്രന്റിലാണ്. എം എ സി ഡി, ഫാസ്റ്റ് സ്‌റ്റോക്കാസ്റ്റിക്ക്, സ്ലോ സ്‌റ്റോക്കാസ്റ്റിക്ക് എന്നിവ തിരുത്തലിന് ശ്രമം നടത്താം.
നിഫ്റ്റി സൂചിക 8035 ല്‍ നിന്ന് 8229 വരെ കയറി ഇടപാടുകള്‍ നടന്നു. വെള്ളിയാഴ്ച്ച മാര്‍ക്കറ്റ് ക്ലോസിംഗ് നടക്കുമ്പോള്‍ നിഫ്റ്റി 7190 ലാണ്. ഈ വാരം നിഫ്റ്റിക്ക് 8267ലും 8345ലും പ്രതിരോധം നേരിടാം. വിപണിക്ക് തിരിച്ചടി നേരിട്ടാല്‍ 8073-7957 ലേക്ക് സൂചിക പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കും. വാരാന്ത്യം നിഫ്റ്റി അതിന്റെ 50 ദിവസങ്ങളിലെ ശരാശരിക്ക് മുകളിലേക്ക് പ്രവേശിച്ചത് ബുള്‍ ഇടപാടുകാര്‍ക്ക് പ്രതീക്ഷ പകരുന്നു.
മുന്‍ നിരയിലെ ഒമ്പത് കമ്പനികളുടെ വിപണി മൂല്യത്തില്‍ 80,086 കോടി രൂപയുടെ വര്‍ധന. ഒ എന്‍ ജി സി യുടെ വിപണി മൂല്യം 26,393.68 കോടി രൂപയായി ഉയര്‍ന്നു. ടി സി എസ്, ആര്‍ ഐ എല്‍, ഐ ടി സി, എച്ച് ഡി എഫ് സി, എച്ച് എ ഡി എഫ് സി ബേങ്ക്, ഇന്‍ഫോസീസ്, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, എസ് ബി ഐ എന്നിവയുടെ വിപണി മൂല്യവും വര്‍ധിച്ചു.
ഡോളര്‍ സൂചികയുടെ തളര്‍ച്ചക്ക് ഇടയില്‍ വിദേശ നിക്ഷേപകരെ എമര്‍ജിംഗ് വിപണികളില്‍ പിടിമുറുക്കി. വിദേശ നിക്ഷേപം പ്രവഹിച്ചതോടെ വിനിമയ വിപണിയില്‍ രൂപ 65.25 ല്‍ നിന്ന് 64.75 ലേക്ക് കയറി. രൂപയുടെ ചലനങ്ങള്‍ നിരീക്ഷിച്ചാല്‍ 64.30 ലേക്ക് രൂപ കയറാം. ഡിസംബര്‍- ജനുവരിയില്‍ ഡോളറിന്മുന്നില്‍ രൂപ 62 റേഞ്ചിലേക്ക് തിരിയാം.
വിദേശ ഓപറേറ്റര്‍മാര്‍ വിപണി സജീവമാക്കിയാല്‍ ഓഹരി സൂചികയില്‍ റെക്കോര്‍ഡ് കുതിപ്പ് വരും മാസങ്ങളില്‍ പ്രതീക്ഷിക്കാം. വിദേശ ഫണ്ടുകള്‍ ഇന്ത്യ, ബ്രസീലില്‍, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, തായ്‌വാന്‍, തായ്‌ലന്‍ഡ് മാര്‍ക്കറ്റുകളില്‍ കഴിഞ്ഞ വാരം നിക്ഷേപതോത് ഉയര്‍ത്തി. ഈ മാസം ഒമ്പതാം തീയതി വരെ വിദേശ ഫണ്ടുകള്‍ ഇന്ത്യയില്‍ 2000 കോടി രൂപ നിക്ഷേപിച്ചു. റിസര്‍വ് ബേങ്ക് പലിശ നിരക്കില്‍ വരുത്തിയ ഇളവ് വിദേശ ഓപറേറ്റര്‍മാരെ ആകര്‍ഷിച്ചു. അവര്‍ 1607 കോടി രൂപ ഓഹരി വിപണിയിലും 406 കോടി കടപത്രത്തിലും നിക്ഷേപിച്ചു.
ചൈനയിലെ പ്രതിസന്ധികള്‍ മുന്നില്‍ കണ്ട് പിന്നിട്ട രണ്ട് മാസങ്ങളില്‍ വിദേശ ഫണ്ടുകള്‍ ഇന്ത്യയില്‍ നിന്ന് 23,000 കോടി രൂപയുടെ നിക്ഷേപം തിരിച്ചു പിടിച്ചിരുന്നു. ആഗസ്റ്റില്‍ അവര്‍ 5784 കോടിയും സെപ്തംബറില്‍ 17,524 കോടി രൂപയും പിന്‍വലിച്ചു.

Latest