Connect with us

National

ബീഹാര്‍: ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 57 ശതമാനം പോളിംഗ്

Published

|

Last Updated

പാറ്റ്‌ന: ബീഹാര്‍ നിയമസഭയിലേക്ക് ഇന്നലെ നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 57 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 59.50 ശതമാനം സ്ത്രീ വോട്ടര്‍മാരും 54.50 ശതമാനം പുരുഷ വോട്ടര്‍മാരുമാണ് ബൂത്തുകളിലെത്തിയത്.
49 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 2010ലേതിനെക്കാള്‍ 6.15 ശതമാനം വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അജയ് വി നായക് പറഞ്ഞു. പൊതുവേ സമാധാനപരമായ തിരഞ്ഞെടുപ്പാണ് നടന്നതെങ്കിലും എല്‍ ജെ പിയുടെ ചകായ് സ്ഥാനാര്‍ഥി വിജയ് സിംഗിന് നേരെ വെടിവെപ്പുണ്ടായി. എന്നാല്‍, വെടിവെപ്പില്‍ അദ്ദേഹത്തിന് പരുക്കേറ്റിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയിട്ടുണ്ട്. ജമൂയിലെ ഒരു ബൂത്തില്‍ എന്‍ ഡി എ- മഹാസഖ്യം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി 15 പേര്‍ക്ക് പരുക്കേറ്റു.
രാവിലെ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് പല ബൂത്തുകളിലും ദൃശ്യമായത്. തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന അഞ്ച് ജില്ലകളില്‍ വൈകീട്ട് മൂന്ന് മണിയോടെ തന്നെ വോട്ടെടുപ്പ് അവസാനിച്ചു. ഇവിടങ്ങളിലും ഭേദപ്പെട്ട പോളിംഗ് തന്നെയാണ് രേഖപ്പെടുത്തിയത്. മാവോവാദികള്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും മുംഗര്‍ ജില്ലയിലെ പോളിംഗിനെ അത് ബാധിച്ചില്ല. 55 ശതമാനമാണ് ഈ ജില്ലയിലെ പോളിംഗ്.
ഇടത് തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന ആറ് ജില്ലകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. മാവോയിസ്റ്റ് ആക്രമണ സാധ്യത കണക്കിലെടുത്ത് 87,600 അര്‍ധസൈനികരെ ഈ ജില്ലകളില്‍ വിന്യസിച്ചിരുന്നു.
ഒമ്പത് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 49 മണ്ഡലങ്ങളില്‍പ്പെട്ട 1,35,72,339 വോട്ടര്‍മാര്‍ക്കാണ് ഇത്തവണ വോട്ടവകാശം ഉണ്ടായിരുന്നത്. 54 സ്ത്രീകള്‍ ഉള്‍പ്പെടെ 583 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 2010 ലെ തിരഞ്ഞെടുപ്പില്‍ ഈ 49 മണ്ഡലങ്ങളില്‍ 29 എണ്ണത്തിലും ജെ ഡി യു ആണ് വിജയിച്ചത്. ജെ ഡി യുവുമായി മുന്നണിയുണ്ടാക്കി മത്സരിച്ച ബി ജെ പിക്ക് ആ തിരഞ്ഞെടുപ്പില്‍ 13 സീറ്റുകള്‍ ലഭിച്ചിരുന്നു. നാല് സീറ്റുകളായിരുന്നു ആര്‍ ജെ ഡിയുടെ സമ്പാദ്യം.
രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഈ മാസം 16നാണ് നടക്കുക. മൂന്നാം ഘട്ടം 28നും നാലാം ഘട്ടം നവംബര്‍ ഒന്നിനും അഞ്ചാം ഘട്ടം അഞ്ചിനും നടക്കും. നവംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം.
ഇഞ്ചോടിഞ്ച് പോരാട്ടാമാണ് സംസ്ഥാനത്ത് നടക്കുന്നത് എന്നാണ് മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും നല്‍കുന്ന സൂചന. ബി ജെ പി നയിക്കുന്ന എന്‍ ഡി എക്കാണ് മുന്‍തൂക്കം കല്‍പ്പിക്കുന്നതെങ്കിലും ജെ ഡി യു- ആര്‍ ജെ ഡി – കോണ്‍ഗ്രസ് സഖ്യം പിന്നിലല്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.

Latest