Connect with us

Articles

ശരിയാണ് മഹാത്മന്‍, എല്ലാം !

Published

|

Last Updated

മഹാത്മന്‍,
വൈവിധ്യം, സഹിഷ്ണുത, ബഹുസ്വരത എന്നീ അടിസ്ഥാന മൂല്യങ്ങളാണ് രാജ്യത്തെ യോജിപ്പിച്ച് നിര്‍ത്തിയതെന്നും അവയൊരിക്കലും ഇല്ലാതാകരുതെന്നുമുള്ള രാഷ്ട്രപതിയുടെ സന്ദേശം ദിശാബോധം നല്‍കുന്ന തത്വമാണെന്ന് താങ്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവല്ലോ. ദാരിദ്ര്യത്തോടാണോ മുസ്‌ലിംകളോടാണോ പോരടിക്കേണ്ടത് എന്ന് ഹിന്ദുക്കളും ഹിന്ദുക്കളോടാണോ ദാരിദ്ര്യത്തോടാണോ പോരടിക്കേണ്ടത് എന്ന് മുസ്‌ലിംകളും തീരുമാനിക്കണമെന്നും നല്ല ജീവിതത്തിന് നന്ന്, മുസ്‌ലിംകളും ഹിന്ദുക്കളും ദാരിദ്ര്യത്തോട് പോരടിക്കുന്നതാണെന്നും താങ്കള്‍ പറയുകയുണ്ടായി.
പശുവിനെ കൊല്ലുകയോ പശു മാംസം ഭക്ഷിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ അമ്പതു വയസ്സുകാരനെ തല്ലിക്കൊന്ന സംഭവം വാര്‍ത്തയാകുകയും പശുവിനു വേണ്ടി കൊല്ലാനും ചാകാനും തയ്യാറെന്ന് താങ്കളുടെ പക്ഷത്തുള്ള ചിലര്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത്, ദിവസങ്ങളുടെ മൗനത്തിനൊടുവില്‍ രാഷ്ട്രപതി പരസ്യമായി പ്രതികരിച്ചതിന് ശേഷമാണ് അങ്ങയുടെ സുഭാഷിതമുണ്ടായത്. താങ്കളുടേതായി മുന്‍കാലത്തുണ്ടായ സുഭാഷിതങ്ങളും പൂര്‍വാനുഭവങ്ങളും ഈ പ്രസ്താവനയെ മുഖവിലക്കെടുക്കാന്‍ പ്രേരിപ്പിക്കുന്നില്ല. എങ്കിലും പദവി പ്രധാനമന്ത്രിയുടേതാകയാല്‍ വാക്കുകള്‍ക്ക് ഗൗരവം കല്‍പ്പിക്കാതെയും വയ്യല്ലോ?
ദാരിദ്ര്യത്തോട് പോരടിക്കാനാണ് ഹിന്ദുക്കളും മുസ്‌ലിംകളും തയ്യാറാകേണ്ടത് എന്ന് താങ്കള്‍ പറയുമ്പോള്‍ അതില്‍ എന്തിനൊക്കെ അനുവാദമുണ്ടാകുമെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ജനങ്ങള്‍ എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് പോലും സംഘ്പരിവാരമാകയാലാണ് ഈ സംശയം.
ദേവാസുരന്‍മാര്‍ ചേര്‍ന്ന് പാലാഴി കടഞ്ഞപ്പോള്‍ ഉയര്‍ന്നുവന്നതാണ് കാമധേനു എന്നാണ് വിശ്വാസം. അതിന്റെ ക്ലോണു (പകര്‍പ്പുകള്‍) കളായി കണക്കാക്കുന്നതിനാല്‍ ഗോക്കളെ കൊല്ലുന്നത് പാപമാണെന്നും വിശ്വസിക്കപ്പെടുന്നു. കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്ന ന്യായം ഇവിടെ പ്രയോഗിക്കുന്നില്ല. ആകയാല്‍ ഇറച്ചിക്കായി പശുക്കളെയും പൂരകമായ കാളകളെയും കൊല്ലുന്നത് പാപമായി. അതിനാല്‍ രാജ്യത്ത് പലേടത്തും നിയമം മൂലം നിരോധിച്ചു. പക്ഷേ, മാംസാവശ്യത്തിനായി പോത്തിനെ കൊല്ലുന്നതിന് തടസ്സമില്ല, പോത്തിറച്ചി വില്‍ക്കുന്നതിനും. യമധര്‍മന്റെ വാഹനമാണ് പോത്ത് എന്നാണ് വിശ്വാസം. ഇഹലോകത്തിലെ വിവിധ ആശ്രമങ്ങള്‍ പൂര്‍ത്തിയാക്കി, മോക്ഷ പ്രാപ്തിയാകുന്നതാണല്ലോ മരണം. മോക്ഷത്തിലേക്ക് ജനങ്ങളെ നയിക്കാന്‍ യമധര്‍മനെത്തുന്നത് പോത്തിന്റെ പുറത്തേറിയാണ്. ദേവവാഹനത്തെ ഇറച്ചിക്കായി കൊല്ലുന്നത് ചിതമല്ല തന്നെ.
മാട്ടിറച്ചി നിരോധിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്റെ തീരുമാനത്തോട് പ്രതിഷേധിച്ച്, വിശ്വാസരഹിതരായ കമ്മ്യൂണിസ്റ്റുകള്‍ മാട്ടിറച്ചി ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിനോട് വിയോജിച്ച് കേരളത്തില്‍ പന്നിയിറച്ചി ആഘോഷം സംഘടിപ്പിക്കാന്‍ താങ്കളുടെ ആശയധാരയോട് യോജിച്ചു നില്‍ക്കുന്ന ചിലര്‍ തയ്യാറായതായി വാര്‍ത്തകളുണ്ടായിരുന്നു. പന്നി എന്നാല്‍ വരാഹം അഥവാ സൂകരം. ദശാവതാരങ്ങളിലൊന്ന്. പാലാഴി കടഞ്ഞപ്പോഴുയര്‍ന്നുവന്ന കാമധേനുവിനേക്കാള്‍ മേലെയാണ് വിഷ്ണുവിന്റെ നേരിട്ടുള്ള അവതാരമായ സൂകരത്തിന്റെ സ്ഥാനമെന്ന് താങ്കള്‍ സമ്മതിക്കുമല്ലോ? സൂകരത്തിന്റെ ഇറച്ചി കൊണ്ട് ആഘോഷം നടത്തിയത് ആരെന്ന് കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കുക എന്നത് ഇത്തരുണത്തില്‍ തീര്‍ത്തും സംഗതമാണ്. മാത്രമല്ല, മാംസാവശ്യത്തിനായി സൂകരത്തെ കൊല്ലുന്നത് അടിയന്തരമായി തടയണം. സൂകര മാംസം കൈവശം വെക്കുന്നവരെ തടവില്‍ വെക്കാന്‍ പാകത്തിലുള്ള നിയമ നിര്‍മാണത്തിന് മുന്‍കൈ എടുക്കുകയും വേണം.
കൃഷിയിടങ്ങള്‍ നശിപ്പിക്കുന്ന സൂകരങ്ങളെ വെടിവെക്കാന്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട് എന്ന് സാന്ദര്‍ഭികമായി ഓര്‍മിപ്പിക്കട്ടെ. കൃഷ്ണനും രാമനുമുള്‍പ്പെട്ട അവതാരപ്പട്ടികയിലുള്‍പ്പെട്ട ഒന്നിനെ വെടിവെച്ചുകൊല്ലാന്‍ അനുവാദം നല്‍കുന്ന സര്‍ക്കാറോ? അതിന് എങ്ങനെയാണ് അധികാരത്തില്‍ തുടരാന്‍ സാധിക്കുക? തീരുമാനം പിന്‍വലിക്കാന്‍ നിര്‍ദേശിക്കണം. അത്തരമൊരു തീരുമാനമെടുത്തതിന് ഉചിതമായ പ്രായച്ഛിത്ത ക്രിയകള്‍ നിര്‍ദേശിക്കുകയുമാകാം.
അവതാരങ്ങളില്‍ അടുത്തത് മത്സ്യമാണ്. നിര്‍ലോഭം പിടികൂടി, ഭക്ഷണവസ്തുവാക്കുന്നു ഈ അവതാരത്തെ. ദീര്‍ഘകാലം കമ്മ്യൂണിസ്റ്റുകള്‍ ഭരണത്തിലിരുന്ന പശ്ചിമ ബംഗാളില്‍ ബ്രാഹ്മണരാണത്രെ, മത്സ്യഭോജനത്തില്‍ മുമ്പന്തിയില്‍. കടല്‍, കായല്‍, നദി, കുളം എന്നിവിടങ്ങളില്‍ നിന്നൊക്കെ പിടികൂടി, ലേലം വിളിച്ച് വില്‍ക്കുകയാണ് ഈ അവതാരത്തെ. ഇതില്‍പ്പരം നിന്ദ വേറെന്തുള്ളൂ. ഉടന്‍ നിരോധിക്കേണ്ടതാണെന്നതില്‍ തര്‍ക്കം വേണ്ട. കൂര്‍മാവതാരത്തെയും മാംസാവശ്യത്തിനായി ഉപയോഗിക്കുന്നുണ്ട്, അത്രത്തോളം വ്യാപകമല്ലെങ്കിലും. നിരോധ നിയമം ഇവിടെയും അനിവാര്യം തന്നെ.
ഗോവധനിരോധം പരിസ്ഥിതി സംരക്ഷണം കൂടി ലക്ഷ്യമിട്ടാണെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ദാര്‍ശനികന്‍ എം ജി വൈദ്യ പറഞ്ഞത് താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമല്ലോ? പരിസ്ഥിതി സംരക്ഷണത്തില്‍ സൂകര, മത്സ്യ, കൂര്‍മങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് സംഘ് നേതാക്കള്‍ക്ക് നിശ്ചയമായും അറിവുണ്ടാകും. ആയതിനാല്‍ അതു കൂടി ന്യായമായി വെക്കാവുന്നതാണ്. പരിസ്ഥിതി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഗോവധം തടയണമെന്ന് പറയുമ്പോള്‍ പരിസ്ഥിതി സംരക്ഷിക്കുന്നതിന് വേണ്ട ഇതര മാര്‍ഗങ്ങള്‍ കൂടി അവലംബിക്കേണ്ടതുണ്ട്. ഖനനം, വനം കൈയേറ്റം, മണലെടുപ്പ്, വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ പുറംതള്ളുന്ന മാലിന്യങ്ങള്‍, രാസവളങ്ങള്‍, കീടനാശിനികള്‍ എന്ന് വേണ്ട പരിസ്ഥിതി നാശത്തിന് കാരണങ്ങള്‍ പലതുണ്ട്. നിരോധമാണ് സംരക്ഷണത്തിന് പറ്റിയമാര്‍ഗമെന്നതിനാല്‍ സകലതും നിരോധിക്കാന്‍ ആര്‍ എസ് എസ് വൈകാതെ ആവശ്യപ്പെടുമെന്നും താങ്കള്‍ അത് നടപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നു. അല്ലെങ്കിലും ഭൂമി ദേവിയാണെന്നല്ലോ വിശ്വാസം. രാമപത്‌നിയുടെ ജനനത്തിന് ഹേതുവും. അതിന്‍മേല്‍ ഇത്തരം ക്രൂരതകള്‍ പാടുള്ളതല്ല. അവതാരപുരുഷന്റെ സഹോദരന്‍ ഘലം (കലപ്പ) ഉപയോഗിച്ചിട്ടുണ്ടെന്നതിനാല്‍ അതു മാത്രം അനുവദിക്കാം. ദേവിയുടെ മാറില്‍ യന്ത്രശിഖരങ്ങള്‍ ആഴ്ത്തുന്ന കൃഷിരീതികള്‍ ആകമാനം തടയണം. പരിസ്ഥിതി സംരക്ഷണത്തില്‍ ഈ തടക്കും വലിയ പങ്കുണ്ടെന്ന് ആര്‍ എസ് എസ് ദാര്‍ശനികര്‍ക്ക് അറിയാവുന്നതാണ്.
ഭക്ഷണം ലാക്കാക്കിയുള്ളതല്ലാത്ത ഹിംസകളുമുണ്ട്. ദേവവാഹനമാണ് എലിയെന്നാണ് വിശ്വാസം, വലിയ വൈരുദ്ധ്യം അതിലുണ്ടെങ്കിലും. കെണിവെച്ച് പിടിച്ച് വെള്ളത്തില്‍ മുക്കിയും വിഷം വെച്ചുമൊക്കെയാണ് കൊല്ലുന്നത്. എതിര്‍ക്കേണ്ടതുണ്ടോ എന്നതില്‍ മറുചോദ്യമില്ല. ശിവന് ആഭരണമാണ് സര്‍പ്പം. അങ്ങോട്ടുപദ്രവിക്കുമെന്ന തോന്നലുണ്ടാകുമ്പോഴേ കടിക്കാറുള്ളൂ. കണ്ടാല്‍ കൊല്ലും ജനം. വിശ്വാസിക്ക് പൊറുപ്പിക്കാമോ? ധര്‍മപുത്രര്‍ക്കൊപ്പം നേരിട്ട് സ്വര്‍ഗ പ്രവേശം കിട്ടിയ ചരം ഒന്നേയുള്ളൂ, നായ. അതും അലഞ്ഞുതിരിഞ്ഞെത്തിയ ഇനം. വധം പാടുമോ? ഇല്ലെന്നതില്‍ തര്‍ക്കം വേണ്ട. അതുകൊണ്ടു തന്നെ കൊല്ലാമോ ഇല്ലയോ എന്ന തര്‍ക്കത്തില്‍ സുപ്രീം കോടതി തീരുമാനമെടുക്കേണ്ട കാര്യവുമില്ല. കാറിനടിയില്‍ പട്ടിക്കുട്ടിപെട്ടാല്‍ കാറില്‍ സഞ്ചരിക്കുന്നയാളിന് എന്തുത്തരവാദിത്തമെന്ന് അങ്ങ് തന്നെ നേരത്തേ ചോദിച്ചിട്ടുണ്ടല്ലോ, അത്തരം അപകടങ്ങളെ ഈ പട്ടികയില്‍ നിന്നൊക്കെ ഒഴിവാക്കി നിര്‍ത്താവുന്നതാണ്.
രാഷ്ട്രപതി ഉദ്ദേശിച്ചതിനേക്കാളേറെ വൈവിധ്യമുണ്ടാകും ഇതൊക്കെ നടപ്പായാല്‍. ഇത്തരം നിരോധങ്ങള്‍ക്കൊക്കെ നിയമമുണ്ടാകുക എന്നതു തന്നെ വലിയൊരു വൈവിധ്യമാണ്. ഇവ്വിധം വധങ്ങളൊക്കെ അരങ്ങേറുന്ന രാജ്യങ്ങളുമായി അകലം പാലിക്കാന്‍ കൂടി തീരുമാനിച്ചാല്‍, അതും വൈവിധ്യമാകും. ഇതില്‍പ്പരം സഹിഷ്ണുത ഉണ്ടാകാനുമില്ല. സസ്യലതാദികളൊഴികെ ചരങ്ങളോടെല്ലാം സഹിഷ്ണുത. ബഹുസ്വരത പുലരാന്‍ ഇതിലധികം മറ്റെന്തെങ്കിലും ചെയ്യുനാവുണ്ടോ? ഇതങ്ങ് നടപ്പാകുന്നതോടെ മനുഷ്യരൊക്കെ, ജാതിമത ഭേദമില്ലാതെ സമന്‍മാരായി മാറും. ദാരിദ്ര്യത്തോട് മാത്രം പോരടിക്കുന്നവരായി. കലപ്പകൊണ്ട് മാത്രം കൃഷിയിറക്കാവുന്ന, മത്സ്യമാംസാദികള്‍ ലഭ്യമല്ലാത്ത സുന്ദര സമൂഹത്തില്‍ മറ്റെന്തെങ്കിലിനോടും പോരടിക്കാനുള്ള സമയം മനുഷ്യര്‍ക്കുണ്ടാകില്ല. ഏത് വിശ്വാസത്തിന്റെ ഭാഗമെന്നതോരാതെ, അന്നത്തിനായി ആഗ്രഹിക്കും. ആഗ്രഹം നടക്കാത്തവരുടെ അടുത്തേക്കൊക്കെ പോത്ത് വേഗത്തിലെത്തും. പോത്ത് വധം നിരോധിച്ചിരിക്കുന്നതിനാല്‍ എല്ലാവരുടെ പക്കലേക്കുമെത്താന്‍ പാകത്തില്‍ അവ ധാരാളമുണ്ടാകുകയും ചെയ്യും.
“പലരും പല പ്രസ്താവനകളും നടത്തുന്നു, എല്ലാം രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ്. ഞാന്‍ തന്നെ അത്തരം പ്രസ്താവന നടത്തിയാലും നിങ്ങള്‍ വിശ്വസിക്കരുത്” എന്ന് കൂടി അങ്ങ് പറഞ്ഞിരുന്നുവല്ലോ. നിരോധങ്ങളുടെ പുതിയകാലം പുലര്‍ന്നാല്‍ പിന്നെ പശുവിന് വേണ്ടി കൊല്ലാനും ചാകാനും തയ്യാറാണെന്നൊന്നും ആരും പ്രസ്താവന നടത്തില്ല. നിരോധം ലംഘിക്കുന്നവരെ നേരിടുക എന്നത് പിന്നെ നിയമപരമായ ബാധ്യതയാകുമല്ലോ. ദാദ്രിയിലുണ്ടായത് പോലുള്ള അനിഷ്ടങ്ങള്‍ ആവര്‍ത്തിക്കില്ല, ആവര്‍ത്തിച്ചാലും അത് നിയമപരമായിരിക്കകയും ചെയ്യും.
രാഷ്ട്രപതി ഉദ്ദേശിച്ച വൈവിധ്യം നിലനില്‍ക്കുന്ന സഹിഷ്ണുത പുലരുന്ന ബഹുസ്വരതക്ക് ഇടമുള്ള ഇന്നത്തെ അവസ്ഥ പല സ്വാതന്ത്ര്യങ്ങള്‍ക്കും അവസരം നല്‍കുന്നുണ്ട്. അതൊക്കെ ഓര്‍മിപ്പിക്കാനും ആസ്വദിക്കണമെന്ന് നിര്‍ബന്ധിക്കാനും ആളേറെയുണ്ട് താനും. എല്ലാ സ്വാതന്ത്ര്യങ്ങള്‍ക്കും പരിധിയുണ്ടെന്ന് മറന്നുപോകുന്ന ആളുകള്‍. ജനം രാഷ്ട്രത്തിന് വേണ്ടിയാണെന്നും രാഷ്ട്രം ജനത്തിന് വേണ്ടിയല്ലെന്നും മനസ്സിലാകാത്ത വഹകള്‍. അതിനൊക്കെയൊരു മാറ്റത്തിന് ആദ്യം മാറേണ്ടത് ഭക്ഷണരീതിയാണ്. മനുഷ്യ സ്വഭാവം ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. ആകയാല്‍ ഭക്ഷണ രീതി ആദ്യം. പിന്നെ വേഷം, ഭാഷ, ആചാരം എന്നിവയിലേക്ക് കടക്കാം. വൈവിധ്യങ്ങള്‍ ലാക്കാക്കിയുള്ള നിരോധങ്ങള്‍ അവിടെയുമാകാം. വിശ്വാസത്തോടും ഐതീഹ്യത്തോടും ബന്ധിപ്പിച്ച് നിരോധങ്ങള്‍ക്ക് അടിത്തറ പണിയുക പ്രയാസമുള്ളതല്ല തന്നെ. അതിനുള്ള ശ്രമങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുമുണ്ട്. ശൂന്യാകാശ യാത്രക്കുള്ള സാങ്കേതികവിദ്യ മുതല്‍ ആണവായുധ നിര്‍മിതി വരെയുള്ളവ വേദകാലത്തേയുണ്ടായിരുന്നുവെന്ന് സ്ഥാപിച്ചെടുക്കല്‍.
അങ്ങനെയങ്ങ് പോന്നാല്‍, സുബ്രഹ്മണ്യന്‍ സ്വാമി പരസ്യമായി ആവശ്യപ്പെടുകയും ആര്‍ എസ് എസ് ആഗ്രഹിക്കുകയും ചെയ്യുന്ന വിധത്തില്‍ രാജ്യത്തെ ജനങ്ങളൊക്കെ, ഹിന്ദു പാരമ്പര്യമുള്ളവരായി മാറും. ഹിന്ദു രാഷ്ട്ര സ്ഥാപനത്തിന് ഇതിലും നല്ലൊരു മാര്‍ഗം ഇനി തെളിയാനില്ല തന്നെ. ആകയാല്‍, അങ്ങയുടെ വാക്കുകളെ ഉദ്ദിഷ്ട അര്‍ഥത്തില്‍ തന്നെ ഗ്രഹിക്കുന്നുവെന്ന് അറിയിക്കട്ടെ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്