Connect with us

Kerala

വരന്റെ തട്ടകത്തില്‍ വധു സ്ഥാനാര്‍ഥിയാകും; വിവാഹം കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പ്

Published

|

Last Updated

കൊട്ടാരക്കര: പെണ്ണുകാണാന്‍ ചെല്ലുമ്പോള്‍ നെടുവത്തൂരുകാരന്‍ രാജേഷിന് ഒരു നിബന്ധന മാത്രമേ ഉണ്ടായിരുന്നുള്ളൂ… “വധു തദ്ദേശതിരഞ്ഞെടുപ്പില്‍ അരിവാള്‍ നെല്‍ക്കതിര്‍ ചിഹ്നത്തില്‍ തന്റെ വാര്‍ഡില്‍ നിന്ന് മത്സരിക്കണം. കല്യാണത്തിന് മുമ്പ് നാമനിര്‍ദേശ പത്രിക കൊടുക്കണം…” പെണ്‍കുട്ടി സമ്മതമറിയിച്ചപ്പോള്‍ വരന് മാത്രമല്ല, കോട്ടാത്തലയിലെ സി പി ഐ പ്രവര്‍ത്തകര്‍ക്കും സന്തോഷം. ഇനി പത്രികാ സമര്‍പണത്തിന് രണ്ട് നാള്‍. അതിന് മുമ്പ് കല്യാണമേളവും തുടങ്ങണം.
നെടുവത്തൂര്‍ പഞ്ചായത്തിലെ കോട്ടാത്തല- നാലാം വാര്‍ഡ് കാലങ്ങളായി ഇടത് മുന്നണിയുടെ കുത്തക സീറ്റാണ്. കഴിഞ്ഞ തവണ ജനറല്‍ സീറ്റും അതിന് മുമ്പ് ജനറല്‍ വനിതയുമായിരുന്നു. അതുകൊണ്ടുതന്നെ ഇക്കുറി പട്ടികജാതിക്കായി മാറ്റപ്പെടുമെന്ന് കരുതിയതാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.
ഇത്തവണയാണ് വാര്‍ഡിലേക്ക് ആദ്യമായാണ് പട്ടികജാതി വനിതാ സംവരണ സീറ്റ് കടന്നെത്തിയത്. കര്‍ഷക തൊഴിലാളി നേതാവും പാര്‍ട്ടി എല്‍ സി അംഗവുമൊക്കെയായിരുന്ന ഇടക്കടമ്പില്‍ രാജേന്ദ്രന് പണ്ടേ പറഞ്ഞുവെച്ചതായിരുന്നു ഇവിടെ വരുന്ന പട്ടികജാതി സീറ്റ്. എന്നാല്‍, 2012 ജൂണ്‍ 27ന് രാജേന്ദ്രന്‍ രോഗബാധിതനായി മരിച്ചു.
വൈകാതെ മകന്‍ രാജേഷ് സി പി ഐയുടെ നേതൃനിരയിലേക്ക് വളര്‍ന്നു. ലോക്കല്‍ കമ്മിറ്റി അംഗവും യുവജന വിഭാഗം നേതാവുമായി. ഈ തിരഞ്ഞെടുപ്പില്‍ മുപ്പതുകാരനായ രാജേഷിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതാണ്. എന്നാല്‍, നറുക്ക് വീണപ്പോള്‍ വാര്‍ഡ് പട്ടികജാതി വനിതാ സംവരണമായി. പകരം സ്ഥാനാര്‍ഥിയെ തേടിയാല്‍ നന്ദികേടാണെന്ന് അറിയാവുന്ന നേതൃത്വം രാജേഷിനെ പെണ്ണുകാണാനിറക്കി. വധുവിനെ സ്ഥാനാര്‍ഥിയാക്കാന്‍.
പാര്‍ട്ടിക്കാര്‍ക്കൊപ്പമാണ് പെണ്ണുകാണല്‍ നടന്നത്. അങ്ങനെ പെണ്ണുകാണാനായി ഇതേ പഞ്ചായത്തിലെ ആനക്കോട്ടൂര്‍ ഇന്ദുഭവനത്തില്‍ മനോഹരന്റെ വീടിന്റെ പടികടന്നപ്പോഴും രാജേഷിന്റെ ചിന്ത ഇത് മാത്രമായിരുന്നു. മനോഹരന്റെയും ഇന്ദിരയുടെയും മകള്‍ മനിജ നൂറുവട്ടം സമ്മതം അറിയിച്ചു. കശുവണ്ടി തൊഴിലാളി കൂടിയായ മനിജ(26)ക്ക് സി പി ഐയോട് പണ്ടേ പ്രിയമണുതാനും.
പിന്നെ കാര്യങ്ങള്‍ക്ക് വേഗം കൂടി. തേവലപ്പുറം പൂര്‍ണ ചന്ദ്ര ഓഡിറ്റോറിയത്തില്‍ ഈ മാസം 19ന് രാവിലെ 11.50നും 12.05നും ഇടയിലാണ് വിവാഹ മുഹൂര്‍ത്തം. പാര്‍ട്ടിക്കാര്‍ തന്നെ ഇന്നലെ കത്തടിച്ചു. ഇനി വാര്‍ഡിലെ ഓരോ വീട്ടിലും പാര്‍ട്ടിക്കാരും രാജേഷും കയറിയിറങ്ങി വിവാഹ ക്ഷണക്കത്ത് നല്‍കും. 14ന് പത്രിക നല്‍കല്‍. 19ന് കല്ല്യാണം കഴിഞ്ഞാല്‍ നവവധുവും തിരഞ്ഞെടുപ്പ് ഗോദയിലേക്ക്. വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി നിലവില്‍ പഞ്ചായത്ത് പ്രസിഡന്റായ കോണ്‍ഗ്രസിലെ കെ ഇന്ദിരയും ബി ജെ പിയുടെ മഞ്ജു ബിജുദാസും പ്രചാരണം തുടങ്ങിയിട്ടുണ്ട്.

Latest