Connect with us

Malappuram

പപ്പായ കൃഷിയില്‍ നൂറ് മേനിയുമായി മുഹമ്മദ് റാഫി

Published

|

Last Updated

കാളികാവ്:മലയോര മേഖലയില്‍ ഡങ്കിപ്പനിക്കാര്‍ക്ക് ആശ്വാസമായി യുവ നേതാവിന്റേയും പിതാവിന്റേയും പപ്പായ കൃഷി. ചോക്കാട് മമ്പാട്ടുമൂല കാഞ്ഞിരപ്പൊയിലിലെ കുമ്മാളി മുഹമ്മദ് റാഫിയും പിതാവ് അബ്ദുവുമാണ് പപ്പായ കൃഷിയില്‍ നൂറ് മേനി വിളവുമായി ഡങ്കിപ്പനിക്കാര്‍ക്ക് ആശ്വാസമായിരിക്കുന്നത്.
റഡ് ലേഡി ഇനത്തില്‍ പെട്ട പപ്പായ തൈകളാണ് മറ്റ് പതിനേഴിനം കാര്‍ഷിക വിളകളോടൊപ്പം കൃഷി ചെയ്യുന്നത്. യൂത്ത് കോണ്‍ഗ്രസ് ചോക്കാട് മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് മുഹമ്മദ് റാഫി. ജനശ്രീ, തൊഴിലുറപ്പ്, തുടങ്ങി മറ്റ് പന്ത്രണ്ടോളം കമ്മറ്റികളില്‍ മുഹമ്മദ് റാഫി ഭാരവാഹിയാണ്. ടാപ്പിംഗ് തൊഴിലാളിയായ റാഫി നല്ലൊരു കര്‍ഷകനും കൂടിയാണ്. പിതാവ് അബ്ദുവാണ് റാഫിയെ നല്ലൊരു കര്‍ഷകനാക്കിയത്. രാഷ്ട്രീയത്തില്‍ ജാഡയില്ലാത്ത ഈ യുവ നേതാവ് നാട്ടുകാര്‍ക്ക് പ്രിയങ്കരനാണ്. തന്റെ വാര്‍ഡ് വനിതാ സംവരണ വാര്‍ഡായതോടെ സ്ഥാനാര്‍ഥിയാകാന്‍ സാധിക്കാത്ത നിരാശയൊന്നും റാഫിക്കില്ല. കഴിഞ്ഞ ഏതാനും ദിവസമായി മേഖലയില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ റബ്ബര്‍ ടാപ്പിംഗ് നടത്താന്‍ കഴിയാത്ത പ്രയാസത്തിലാണ്. പാട്ടത്തിനെടുത്ത നാലര ഏക്കര്‍ സ്ഥലത്താണ് റാഫിയും പിതാവും കൃഷി നടത്തുന്നത്. വാഴ, മരച്ചീനി, ചേന, ചേമ്പ്, തുടങ്ങിയവക്ക് പുറമെ വെള്ളരി, മത്തന്‍, കുമ്പളം, പടവലം, പച്ചമുളക്, തക്കാളി, തുടങ്ങിയവയും റാഫിയും പിതാവും കൃഷി ചെയ്യുന്നു. വിളവെടുപ്പ് തുടങ്ങിയ പപ്പായ ഒന്നിന് രണ്ടര കിലോ മുതല്‍ നാല് കിലോ വരെ തൂക്കമുണ്ട്. ഇരുപത് രൂപയാണ് ഒരു കിലോ പപ്പായയുടെ വില. ഡങ്കിപ്പനിക്കാര്‍ക്ക് മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് ഉള്‍പ്പടെ ഡോക്ടര്‍മാര്‍ ഇവരുടെ പപ്പായ കൃഷിയാണ് പറഞ്ഞ് കൊടുക്കാറുള്ളത്. പാണ്ടിക്കാട്. ഒറോംപുറം, തുവ്വൂര്‍. പുന്നക്കാട്, തുടങ്ങിയ ദൂര സ്ഥലങ്ങളില്‍ നിന്ന് പോലും പപ്പായ വാങ്ങാന്‍ ആളുകള്‍ വരാറുണ്ടെന്ന് റാഫി പറഞ്ഞു. കെമിക്കല്‍ ഉപയോഗിക്കാതെ നടത്തുന്ന പപ്പായ കൃഷിയായതിനാല്‍ വാങ്ങാന്‍ ആളുകളും ധാരാളമാണ്. ചോക്കാട് പഞ്ചായത്ത് കൃഷി ഓഫീസര്‍ കെ വി ശ്രീജയുടെ എല്ലാ സഹായവും ഇവരുടെ കൃഷിയുടെ വിജയത്തിന് പിന്നിലുണ്ട്. റെഡ് ലേഡി ഇനത്തില്‍ പെട്ട പപ്പായ കൃഷി പഞ്ചായത്തില്‍ മറ്റ് ചില കര്‍ഷകരും കൃഷി ചെയ്യുന്നുണ്ട്. മരത്തിന് വളരെ വണ്ണം കുറഞ്ഞതും ഉയരം കുറഞ്ഞതുമാണ്. പപ്പായയുടെ ഭാരം കാരണം നാല് ഭാഗത്തു നിന്നും തൂണ് കൊടുത്താണ് പപ്പായ മരം സംരക്ഷിച്ചിരിക്കുന്നത്. കാര്‍ഷിക വൃത്തിയും രാഷ്ട്രീയവും മനസ്സിനും ശരീരത്തിനും ഏറ്റവും ആശ്വാസം പകരുന്നതാണെന്ന് റാഫി പറഞ്ഞു. സുന്നി സംഘടനാ പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം സജീവമാണ്. പാറല്‍ മമ്പാട്ടുമൂല എസ് വൈ എസ് യൂനിറ്റ് ജോയിന്റ് സെക്രട്ടറി കൂടിയാണ് റാഫി.