Connect with us

Malappuram

വെണ്ടല്ലൂര്‍ കൊലപാതകം; ഉപേക്ഷിച്ച കാര്‍ കണ്ടെത്തി

Published

|

Last Updated

വളാഞ്ചേരി: വെണ്ടല്ലൂരില്‍ വെട്ടേറ്റ് മരിച്ച ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കുമാറിന്റെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാര്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. സംസ്ഥാന പാതയിലെ മാണൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാര്‍ കണ്ടെത്തിയിരുന്നത്. പ്രതി യൂസഫ് വിനോദ് കുമാറിനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ഉപയോഗിച്ചത് ഈ വാഹനമാണ്. മലപ്പുറത്തു നിന്നുമെത്തിയ ഫിംഗര്‍ പ്രിന്റ് എക്‌സ്‌പേര്‍ട്ട് എസ്. മധു, അനൂപ് ജോണ്‍ എന്നിവരടങ്ങുന്ന സംഘമാണ് വാഹനം പരിശോധിച്ചത്. വാഹനത്തിന്റെ മൊത്തമായ പരിശോധനയില്‍ ഡിക്കിയില്‍ ചോരക്കറയുടെ പാടും കണ്ടെത്തി. വാഹനത്തിന്റെ ചാവി ഇതുവരെ ലഭ്യമായിട്ടില്ല. ഉദ്യോഗസ്ഥര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മാണൂരില്‍ കാര്‍ ഉപേക്ഷിച്ച ശേഷം പ്രതി ബസില്‍ യാത്ര ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച പുര്‍ച്ചെ ഒരു മണിക്കാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊലപാതകം ആസൂത്രണം ചെയ്ത വിനോദ് കുമാറിന്റെ ഭാര്യ ജ്യോതി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സ കഴിഞ്ഞ് ഹോസ്പിറ്റലില്‍ നിന്നും വിട്ട ഉടനെ ജ്യോതിയെ അറസ്റ്റ് ചെയ്യും. കൊലപാതകത്തിന് പിന്നില്‍ മോഷണമാണന്നായിരുന്നു ആദ്യം കണ്ടത്തിയെതെങ്കിലും ജ്യോതിയുടെ മൊഴിയിലുണ്ടായ വൈരുധ്യമാണ് ജ്യോതിയുടെ ആസൂത്രണത്തിന്റ ചുരുളഴിഞ്ഞത്. പ്രതി യൂസഫിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കുമെന്ന് വളാഞ്ചേരി സി ഐ. കെ ജി സുരേഷ് പറഞ്ഞു. തുടര്‍ന്ന് തെളിവെടുപ്പിനായി പ്രതിയെ വെണ്ടല്ലൂരിലെ വീട്ടിലെത്തിക്കും.

Latest