Connect with us

Gulf

രക്തസാക്ഷികള്‍ രാജ്യക്കൂറിന്റെ ഉദാത്ത മാതൃക: ജന. ശൈഖ് മുഹമ്മദ്

Published

|

Last Updated

അബുദാബി: ജീവത്യാഗം ചെയ്ത സൈനികര്‍ രാജ്യത്തോടുള്ള കൂറിന്റെ ഉദാത്ത മാതൃകയാണെന്ന് അബുദാബി കിരീടാവകാശിയും സായുധ സേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അഭിപ്രായപ്പെട്ടു.
യമനില്‍ രാജ്യത്തിനായി രക്തസാക്ഷിത്വം വഹിച്ച സൈനികരായ ഖമീസ് റാശിദ് അബ്ദുല്ല അല്‍ അബ്ദൂലിയുടെയും യൂസുഫ് സാലിം അല്‍ മുഹമ്മദ് അല്‍ കഅബിയുടെയും വീടുകളില്‍ അനുശോചനം അറിയിക്കാന്‍ എത്തിയതായിരുന്നു ജന. ശൈഖ് മുഹമ്മദ്. അല്‍ ഖലിബിയ മേഖലകളിലെയും മദാബ് മേഖലയിലെയും രക്തസാക്ഷികളോടുള്ള ആദരസൂചകമായി കെട്ടിയുയര്‍ത്തിയ തമ്പുകളും ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു.
രാജ്യത്തോടുള്ള അര്‍പണ ബോധവും ധീരതയുമാണ് യമനില്‍ സഊദി അറേബ്യയുടെ നേതൃത്വത്തില്‍ ഹൂത്തി വിമതര്‍ക്കെതിരായി നടക്കുന്ന ഓപ്പറേഷന്‍ റസ്റ്റോറിംഗ്‌ഹോപ്പില്‍ ജീവന്‍ത്യജിച്ച സൈനികര്‍ നല്‍കുന്ന സന്ദേശം. യുദ്ധത്തില്‍ ധീരരായി ജീവന്‍ ബലിയര്‍പിച്ച ഈ സൈനികര്‍ രാജ്യത്തിന്റെ രാജ്യാന്തര തലത്തിലുള്ള മുഖമാണ്. രാജ്യം മുന്നോട്ട് വെക്കുന്ന അനുകമ്പയുടെയും സഹായ മനസ്‌കതയുടെയുംകൂടി കാവലാള്‍കൂടിയാണവര്‍. ജീവന്‍ ബലിനല്‍കിയ സൈനികരെ രാജ്യം എക്കാലവും ഓര്‍ക്കും. അവര്‍ നമ്മുടെ അഭിമാനഭാജനങ്ങളാണ്. മരണം പുല്‍കിയ രക്തസാക്ഷികള്‍ക്ക് സ്വര്‍ഗം നല്‍കി സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെയെന്നും ശൈഖ് മുഹമ്മദ് പ്രാര്‍ഥിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവും അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് ഹസ്സ ബി സായിദ് അല്‍ നഹ്‌യാന്‍, ഉപപ്രധാനമന്ത്രിയും പ്രസി ഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, പ്രസിഡന്‍ഷ്യല്‍ കാര്യ സഹമന്ത്രി അഹ്മദ് ജുമാ അല്‍ സആബി, അബുദാബി എക്‌സിക്യൂട്ടീവ് അഫയര്‍ അതോറിറ്റി ചെയര്‍മാന്‍ ഖല്‍ദൂന്‍ ഖലീഫ അല്‍ മുബാറക്, അബുദാബി ക്രൗണ്‍ പ്രിന്‍സ്‌കോര്‍ട്ട് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മുബാറക് അല്‍ മസ്‌റൂഇ പങ്കെടുത്തു.