Connect with us

Kerala

പി എസ് സി പരീക്ഷക്ക് ഫീസ്; പഠിക്കാന്‍ ഉപസമിതിയെ നിയോഗിക്കും

Published

|

Last Updated

തിരുവനന്തപുരം: പി എസ് സി പരീക്ഷക്ക് ഫീസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ ഉപസമിതിയെ നിയോഗിക്കാന്‍ കമ്മീഷന്‍ യോഗം തീരുമാനിച്ചു. ഡോ. മോഹന്‍ദാസ്, ഡോ. ഉഷ, ലോപ്പസ് മാത്യു എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. പരീക്ഷക്ക് എത്രരൂപ ഫീസ് ഈടാക്കണം, ഏതുതരത്തിലാകണം, പ്രായോഗികത തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പഠിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
പി എസ് സി പരീക്ഷക്ക് ഫീസ് ഏര്‍പ്പെടുത്താന്‍ നേരത്തെ കമ്മീഷന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിരുന്നു. എത്ര രൂപ ഫീസ് ഈടാക്കണമെന്നത് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഫീസ് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. പി എസ് സി പരീക്ഷക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നതിന് നിശ്ചിതസമയപരിധി വെക്കുന്നതിനെക്കുറിച്ചും കമ്മീഷന്‍ യോഗത്തില്‍ നിര്‍ദേശമുണ്ടായി. ഇതിന്റെ പ്രായോഗികവും നിയമപരവുമായ വശങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉപസമിതിയോട് ആവശ്യപ്പെട്ടു.
പി എസ് സി പരീക്ഷക്ക് ധാരാളം ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്നുണ്ടെങ്കിലും പകുതിയോളം പേര്‍ പരീക്ഷക്ക് ഹാജരാകാറില്ല. അപേക്ഷാര്‍ഥികളുടെ എണ്ണം കണക്കിലെടുത്താണ് പി എസ് സി ചോദ്യപേപ്പര്‍ അച്ചടിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ പരീക്ഷയെഴുതാത്ത സാഹചര്യത്തില്‍ ചോദ്യപേപ്പര്‍ പാഴാകുന്നത് സാമ്പത്തികനഷ്ടത്തിന് ഇടയാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഇപ്പോള്‍ പരീക്ഷാ സമയത്തിന് മുമ്പുവരെ ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകും. പുതിയ സംവിധാനമനുസരിച്ച് നിശ്ചിത തീയതിക്കകം അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണത്തിന് അനുസരിച്ച് ചോദ്യപേപ്പര്‍ അച്ചടിക്കും. ഇതിനുശേഷം പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് അപ്രത്യക്ഷമാകും. പുതിയ തീരുമാനം വിവാദങ്ങള്‍ക്കും നിയമപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുമെന്നതിനാല്‍ വിശദമായ പരിശോധന നടത്തിയശേഷമാകും നടപ്പിലാക്കുകയുള്ളൂ.