Connect with us

Kozhikode

മറ്റ് പാര്‍ട്ടിക്കാരുടെ യോഗങ്ങള്‍ തടസ്സപ്പെടുത്തുന്നത് ശിക്ഷാര്‍ഹം

Published

|

Last Updated

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന യോഗങ്ങള്‍ സമാധാനപരവും മറ്റ് പാര്‍ട്ടിക്കാരുടെ യോഗങ്ങള്‍ക്ക് തടസ്സമുണ്ടാക്കാത്ത വിധത്തിലുള്ളതുമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കി.
എതിര്‍ കക്ഷികളുടെ യോഗങ്ങളും പ്രകടനങ്ങളും തടസ്സപ്പെടുത്തുകയോ അവയില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഉറപ്പുവരുത്തണം. മറ്റ് കക്ഷികളുടെ പരിപാടികള്‍ നടക്കുന്നിടത്ത് തങ്ങളുടെ ലഘു ലേഖകളോ മറ്റോ വിതരണം ചെയ്യുക, നേരിട്ടോ അല്ലാതെയോ ചോദ്യങ്ങള്‍ ചോദിക്കുക, സമീപത്തുകൂടി പ്രകടനം നടത്തുക തുടങ്ങിയവയും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാവും. ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്കും പ്രേരിപ്പിക്കുന്നവര്‍ക്കും മൂന്നുമാസം വരെ തടവോ ആയിരം രൂപവരെ പിഴയോ ആണ് ശിക്ഷ.
യോഗങ്ങള്‍ നടത്തുന്ന സ്ഥലവും സമയവും പോലീസിനെ മുന്‍കൂട്ടി അറിയിക്കുകയും ഏതെങ്കിലും നിരോധന ഉത്തരവ് നിലനില്‍ക്കുന്ന സ്ഥലമാണെങ്കില്‍ മുന്‍കൂര്‍ അനുമതിയെടുക്കുകയും വേണം. ഉച്ചഭാഷിണിയോ മറ്റു സൗകര്യങ്ങളോ ഉപയോഗിക്കുന്നവരും ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് നേരത്തേ അനുമതി വാങ്ങണം.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ യോഗം നടത്താന്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്കോ സ്ഥാനാര്‍ഥിക്കോ മാത്രം അനുമതി നല്‍കാന്‍ പാടില്ല.
ഇവിടങ്ങളില്‍ നടത്തുന്ന പരിപാടികള്‍ അവസാനിച്ചാലുടന്‍ എല്ലാ പ്രചാരണ സാമഗ്രികളും സംഘാടകര്‍ നീക്കം ചെയ്യേണ്ടതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കോ റാലികള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പെരുമാറ്റച്ചട്ടം നിഷ്‌കര്‍ഷിക്കുന്നുണ്ട്.

Latest