Connect with us

Gulf

ജന. ശൈഖ് മുഹമ്മദ് പുടിനുമായി ചര്‍ച്ച നടത്തി

Published

|

Last Updated

അബുദാബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിനുമായി ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദവും രാജ്യാന്തര മേഖലയിലെ പ്രശ്‌നങ്ങളുമാണ് ഇരുനേതാക്കളും ചര്‍ച്ച ചെയ്തത്. റഷ്യയിലെ സോച്ചി നഗരത്തിലായിരുന്നു ജനറല്‍ ശൈഖ് മുഹമ്മദിനെയും സംഘത്തെയും റഷ്യന്‍ പ്രസിഡന്റ് സ്വീകരിച്ചത്.
സിറിയന്‍ പ്രശ്‌നം ഉള്‍പെടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ശൈഖ് മുഹമ്മദ് രാജ്യത്ത് എത്തിയതില്‍ സന്തോഷമുണ്ടെന്ന് പുടിയന്‍ പ്രതികരിച്ചു. പുടിനുമായി നടത്തിയ ചര്‍ച്ച തൃപ്തികരമായിരുന്നുവെന്നും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ശക്തമായി തുടരാന്‍ കൂടിക്കാഴ്ച സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തിന് കീഴില്‍ റഷ്യയുമായി ശക്തമായ ബന്ധമാണ് യു എ ഇ തുടരുന്നത്. ഇരുരാജ്യങ്ങള്‍ക്കിടയിലും ശക്തമായ ബന്ധമാണ് നിലനില്‍ക്കുന്നതെന്നും ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു.
റഷ്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന് തന്റെ ആശംസ അറിയിക്കണമെന്ന് പുടിയന്‍ ശൈഖ് മുഹമ്മദിനോട് അഭ്യര്‍ഥിച്ചു.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സാമ്പത്തിക-രാഷ്ട്രീയബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതും ചര്‍ച്ചാവിഷയമായി. ദേശീയ സുരക്ഷാ ഉപദേഷ്ടാവും അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദേശീയ ഉപ ഉപദേഷ്ടാവ് ശൈഖ് തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരും ജനറല്‍ ശൈഖ് മുഹമ്മദിന്റെ സംഘത്തിലുണ്ടായിരുന്നു.
സിറിയക്ക് റഷ്യ നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണയും സഹായങ്ങളും സിറിയയില്‍ റഷ്യന്‍ പോര്‍വിമാനങ്ങള്‍ നേരിട്ടെത്തി ഗവണ്‍മെന്റ് വിരുദ്ധ സൈന്യങ്ങള്‍ക്കെതിരെ ആക്രമണം നടത്തുകയും ചെയ്തത് ഈയിടെ അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായിരുന്നു. അമേരിക്കയുള്‍പെടെയുള്ള വന്‍കിട ശക്തികള്‍ ഇക്കാര്യത്തില്‍ റഷ്യക്കെതിരെ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ചക്ക് രാഷ്ട്രീയമായി ഏറെ പ്രാധാന്യമുണ്ട്.

Latest