Connect with us

Kerala

കോളിയാടിയിലെ എസ് ബി ടി ബേങ്ക് തുറന്നിട്ട നിലയില്‍

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: പുലര്‍ച്ചെ ബേങ്ക് തുറന്ന് കിടക്കുന്നത് കണ്ട് നാട്ടുകാര്‍ ഞെട്ടി. ബാങ്ക് കവര്‍ച്ചയാണെന്ന സംശയം പരിഭ്രാന്തിക്കുമിടയാക്കി. പിന്നീടാണ് ജീവനക്കാര്‍ കഴിഞ്ഞ ദിവസം ബാങ്ക് പൂട്ടാതെയാണ് പോയതെന്ന് വ്യക്തമായത്. കോളിയാടിയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ടിയുടെ ശാഖയാണ് കഴിഞ്ഞ ദിവസം വൈകിട്ട് പൂട്ടാതെ ജീവനക്കാര്‍ പോയത്. സംഭവം ഇങ്ങനെ. ഇന്നലെ പുലര്‍ച്ചെ പാല്‍ അളക്കുന്നതിന്നായി കോളിയാടി ടൗണില്‍ എത്തിയ ക്ഷീരകര്‍ഷകരാണ് ബാങ്കിന്റെ ഷട്ടര്‍ തുറന്ന് കിടക്കുന്നത് കണ്ടത്. ഇതോടെ കണ്ടവരില്‍ പരിഭ്രാന്തി പടര്‍ത്തി. ബാങ്ക് മോഷണം തുടര്‍കഥയായ ഇക്കാലത്ത് കോളിയാടി ബേങ്കിലും മോഷണം നടന്നു എന്നുകരുതി.
സംഭവം കാട്ടുതീ പോലെ പടരുകയും ചെയതു. തുടര്‍ന്ന് അമ്പലവയല്‍ പോലീസില്‍ വിവരം അറിയിച്ചു. വിവരം അറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടി. അല്‍പസമയത്തിന്നകം അമ്പലവയല്‍ പോലീസും, ബത്തേരിയില്‍ നിന്ന് സി.ഐയും എത്തി. സംഭവം ഇങ്ങനെയൊക്കെ ആയപ്പോഴേക്കും ബാങ്ക് അധികൃതരും സ്ഥലത്തെത്തി. തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ അകത്ത് കടന്ന് പരിശോധന നടത്തി. എന്നാല്‍ യാതൊന്നും മോഷണം പോയിട്ടില്ല എന്നറിഞ്ഞതോടെയാണ് സംഭവം അറിഞ്ഞ് കൂടിയവര്‍ക്കൊക്കെ ആശ്വാസമായത്. പക്ഷെ ഒരു സംശയം മാത്രം ബാക്കിയായി. പിന്നെങ്ങനെ ബാങ്കിന്റെ ഷട്ടര്‍ തുറന്നുകിടന്നു. ഇതന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. കഴിഞ്ഞദിവസം ജോലി കഴിഞ്ഞ് വൈകിട്ട് പോയപ്പോള്‍ ബാങ്കിന്റെ ഷട്ടര്‍ പൂട്ടാന്‍ മറന്നു പോയതാണ് കാരണം.
കൂടിനിന്നവരെയും പോലീസിനെയും കുറച്ച് നേരം അങ്കലാപ്പിലാക്കിയെങ്കിലും ബാങ്കില്‍ മോഷണം നടന്നിട്ടില്ല എന്നറിഞ്ഞതോടെയാണ് സമാധാനം ആയത്. പക്ഷെ ബാങ്കുകളില്‍ മോഷണം തുടര്‍ക്കഥയായ ഈ സമയത്ത് ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ വന്‍ പ്രതിഷേധവും കൂടിനിന്നവരില്‍ ഉണ്ടായി.