Connect with us

Articles

അധ്യാപകനും ജനപ്രതിനിധിയും ഒരാളായാല്‍ നഷ്ടം രണ്ടാണ്

Published

|

Last Updated

സ്‌കൂള്‍ അധ്യാപകര്‍ ജനപ്രതിനിധികളാകുമ്പോള്‍ എന്തു സംഭവിക്കുമെന്ന ആശങ്ക ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പു പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രസക്തമായി വരുന്നു. സ്‌കൂള്‍ മുറ്റം വിട്ടു പൊതുമണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അധ്യാപകര്‍ തയ്യാറാകുന്ന സാഹചര്യത്തെ പൊതുവില്‍ സമൂഹം സ്വാഗതം ചെയ്യുകയാണ് പതിവ്. പക്ഷേ, അതെപ്പോഴും അധ്യാപനം ഉപേക്ഷിച്ചതിന് ശേഷമോ പെന്‍ഷന്‍ ആയതിന് ശേഷമോ ആകണം എന്ന് ശഠിക്കുന്നവരുമുണ്ട്. പൊതുപ്രവര്‍ത്തനരംഗത്ത് അധ്യാപകര്‍ സജീവമാകുന്നതില്‍ എതിര്‍പ്പ് ഉയര്‍ത്തേണ്ട കാര്യമില്ല. എന്നാല്‍, ജനപ്രതിനിധികളായി മാറുന്ന അധ്യാപകര്‍ക്ക് അധ്യാപനം എന്ന കര്‍മം തുടരാനാകില്ലായെന്നത് വസ്തുതയാണ്.
അതുകൊണ്ട് അവര്‍ അവധിയില്‍ പ്രവേശിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ സ്‌കൂളിലെ അധ്യാപക ചുമതലകളില്‍ ഉണ്ടാകുന്ന കുറവുകള്‍ പരിഹരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേകം നടപടികളെടുക്കുന്നതില്‍ വീഴ്ച വരുത്തുന്നുവെന്നത് ഗൗരവമുള്ള കാര്യം തന്നെയാണ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ ജനപ്രതിനിധി സഭകളില്‍ കൂട്ടത്തോടെ പ്രവേശിക്കുന്ന സാഹചര്യം പൊതുവിദ്യാലയങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനെക്കുറിച്ചു കൂടി ചര്‍ച്ച ചെയ്യേണ്ടതല്ലേ?
കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് സംസ്ഥാനത്തെ ഗവണ്മെന്റ് സ്‌കൂള്‍ അധ്യാപകര്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ പാടില്ല. ആയതിനാല്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഈ പ്രശ്‌നം ബാധകമല്ല. എന്നാല്‍, കേരളത്തിലെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശമുണ്ട്. ഇത് ഒരു വിരോധാഭാസമാണ്. സര്‍ക്കാര്‍ അധ്യാപകരുടെ തുല്യപദവിയില്‍ തുടരുന്ന എയ്ഡഡ് അധ്യാപകര്‍ക്കു വിശേഷാവകാശം നല്‍കുന്നതു പോലെയാണിത്. ഈ വിവേചനം പരിഹരിക്കപ്പെടണം – അതോടൊപ്പം ചില സ്‌കൂളുകളിലെങ്കിലും ഒന്നിലേറെ അധ്യാപകര്‍ സ്ഥാനാര്‍ഥികളാകുകയും വിജയിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അങ്ങനെയുള്ളയിടങ്ങളില്‍ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാകും. പകരക്കാരെ ഉടനടി കണ്ടെത്താന്‍ ബുദ്ധിമുട്ടാണുതാനും.
ഈ പശ്ചാത്തലത്തിലാണ് ഒരു സ്‌കൂള്‍ വിദ്യാര്‍ഥി, അധ്യാപകരുടെ ഈ ഇരട്ടജോലി ഏറ്റെടുക്കല്‍ രീതിക്കെതിരെ ബാലാവകാശ കമ്മീഷനെ സമീപിച്ചത്. അധ്യാപകരെ സ്‌കൂളില്‍ നിലനിര്‍ത്താന്‍ നടപടിയാവശ്യപ്പെട്ടായിരുന്നു പരാതി. അതിന്റെയടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം നല്‍കിയ ശിപാര്‍ശയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന അധ്യാപകര്‍ ശൂന്യവേതനാവധിയില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. വിജയിക്കുന്ന അധ്യാപകര്‍ അവധിയില്‍ പ്രവേശിക്കാന്‍ തയ്യാറാകാതെ രണ്ട് ജോലിയിലും വേതനം പറ്റാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് പരാതികളുയര്‍ന്നത് കൂടി പരിഗണിച്ചാണിത്. എന്നുമാത്രമല്ല, ജനപ്രതിനിധി സഭകളിലെ പ്രവര്‍ത്തനം കേവലമൊരു ജോലിയാണോ? അതില്‍ വേതനത്തിന്റെ പ്രശ്‌നം തന്നെ അന്തര്‍ഭവിക്കുന്നുണ്ടോ? സാമൂഹിക ബോധം നല്‍കുന്ന പ്രചോദനത്താല്‍, വരുമാനം നല്‍കുന്ന ജോലികള്‍ ഉപേക്ഷിച്ചിട്ടാണ് ജനപ്രതിനിധി സഭകളിലേക്കു സാമൂഹിക പ്രവര്‍ത്തകര്‍ മുന്നോട്ടുവരുന്നത്. അത് പൂര്‍ണമായും നിസ്വാര്‍ഥമായിരിക്കണം. ആത്മസമര്‍പ്പണം നടത്താന്‍ തയ്യാറുള്ളവര്‍ മാത്രമേ അതിന് മുതിരാവൂ.
അധ്യാപനവും വാസ്തവത്തില്‍ അത്തരമൊരു സാമൂഹിക ധര്‍മം തന്നെയാണ്. അതിനും ആത്മസമര്‍പ്പണം ആവശ്യമുണ്ട്. ജനപ്രതിനിധി എന്ന നിലയിലും അധ്യാപകന്‍ എന്ന നിലയിലും ഒരാള്‍ക്ക് ഒരേസമയം നീതിപുലര്‍ത്താന്‍ കഴിയില്ല. രണ്ടിലും പാതിവെന്ത മനസ്സോടെ പ്രവര്‍ത്തിക്കേണ്ടി വരും. ഫലം, ഒന്നുമില്ലായ്മയായിരിക്കും. അക്ഷരത്തിന്റെ വെളിച്ചം പകര്‍ന്നുകൊടുക്കാന്‍ ചുമതലപ്പെട്ടവര്‍ അതിന് കഴിയാതെ കുട്ടികളോട് അനീതി കാട്ടുന്നവരായി ചരിത്രം അടയാളപ്പെടുത്തും. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ പൂര്‍ണസമയം പ്രവര്‍ത്തിക്കാന്‍ കഴിയാതെ, ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ അവര്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. അങ്ങനെ സ്വന്തം കുട്ടികളുടെയും നാട്ടുകാരുടെയും മുന്നില്‍ അധ്യാപകന്‍ തെറ്റുകാരനായി, ജീവിതകാലം മുഴുവന്‍ പശ്ചാത്തപിച്ചു കഴിയേണ്ടി വരും.
സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് പ്രായോഗികമായ പ്രതിരോധം തീര്‍ക്കലിന്റെ ഒരു നടപടിയാണ്. വേതനം നഷ്ടപ്പെടുമെന്ന സാമ്പത്തിക നഷ്ടബോധം അധ്യാപകനെ പിന്തിരിപ്പിക്കാന്‍ കഴിയുമെങ്കില്‍ അതിന് സഹായിക്കട്ടെയെന്നതാണ് പരിഗണന. സാമൂഹിക പ്രവര്‍ത്തനത്തെ ലാഭനഷ്ടങ്ങളുടെ ഉത്തോലകത്തില്‍ അളന്ന് തൂക്കുന്നവര്‍ക്ക് ഒരു ഇരുട്ടടി.
ആത്മാര്‍ഥമായി, ജനപ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജോലി രാജിവെക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ ഉദ്യോഗവും ജനപ്രതിനിധി ചുമതലയും ഒരേസമയം കൊണ്ടുപോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ എത്രത്തോളം ആത്മാര്‍ഥതയുള്ളവരാണ് എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. സ്വാര്‍ഥമായ താത്പര്യങ്ങളാകരുത് ബഹുജനസഭകളിലേക്കു തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത. നിസ്വാര്‍ഥതയും ആത്മാര്‍പ്പണവുമാണ് യഥാര്‍ഥത്തില്‍ യോഗ്യമായ രണ്ട് മാനദണ്ഡങ്ങള്‍.
ബാലാവകാശ കമ്മീഷന്റെ ഉത്തരവിന്റെ കൂടി വെളിച്ചത്തില്‍ സ്‌കൂള്‍ അധ്യയനത്തിന് തടസ്സമുണ്ടാകാത്ത സാഹചര്യം സൃഷ്ടിക്കേണ്ടത് പൊതുവിദ്യാഭ്യാസ വകുപ്പ് തന്നെയാണ്. അതിനുള്ള ചട്ടങ്ങള്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കു കൂടി ബാധകമാക്കുകയാണ് വേണ്ടത്. നമുക്ക് “പാതിവെന്ത” അധ്യാപകനെ ആവശ്യമില്ല, “പാതിവെന്ത” ജനപ്രതിനിധികളെയും വേണ്ടായെന്ന് ഉറക്കെ പറയാന്‍ സമയമായിരിക്കുന്നു. അധ്യാപകനും ജനപ്രതിനിധിയും ഒരാളായാല്‍ രണ്ടിലും നഷ്ടം സംഭവിക്കുക സമൂഹത്തിനാണ് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് അത് പറയുന്നത്.

 

Latest