Connect with us

Kozhikode

വനിതാ പോലീസില്ല: ട്രെയിനുകളിലെ സ്ത്രീ സുരക്ഷ അവതാളത്തില്‍

Published

|

Last Updated

കോഴിക്കോട്: വനിതാപോലീസിന്റെ അഭാവം മൂലം തീവണ്ടികളില്‍വനിതാ കംമ്പാര്‍ട്ട്‌മെന്റുകളുടെ സുരക്ഷ താളം തെറ്റുന്നു. ഓരോ വനിതാകംമ്പാര്‍ട്ട്‌മെന്റുകളിലും ഓരോ വനിതാപോലീസുകാര്‍ സുരക്ഷക്ക് വേണമെന്നാണ് നിയമം.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ആര്‍ പി എഫില്‍(റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്)വനിതാപോലീസുകാരുടെ കുറവ് മൂലം സംസ്ഥാന സര്‍ക്കാരിന്റെ വനിതാപോലീസിനെയായിരുന്നു സുരക്ഷക്കായി നിയോഗിച്ചിരുന്നത്. എന്നാല്‍ സംസ്ഥാന പോലീസിലെയും വനിതാപോലീസുകാരുടെ കുറവ് സ്ത്രീസുരക്ഷ വീണ്ടും അവതാളത്തിലാക്കിയിരിക്കുകയാണ്. തീവണ്ടികളിലെ ഒരു കംമ്പാര്‍ട്ട്‌മെന്റില്‍ പോലും വനിതാപോലീസില്ലെന്നതാണ് നിലവിലെ അവസ്ഥ.
സൗമ്യ വധക്കേസിനു ശേഷം സ്ത്രീസുരക്ഷയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ന്നസാഹചര്യത്തിലാണ് തീവണ്ടികളില്‍ വനിതാപോലീസുകാരെ സുരക്ഷക്ക് നിയോഗിക്കുന്നത് നിര്‍ബന്ധമാക്കിയത്. അതിന് ശേഷം കുറേക്കാലം കംമ്പാര്‍ട്ട്‌മെന്റുകളില്‍ സുരക്ഷക്ക് വനിതാപോലീസുകാരുണ്ടായിരുന്നുവെങ്കിലും ഈയിടെയായി വനിതാപോലീസില്ല. ആര്‍ പി എഫില്‍ ഉണ്ടായിരുന്ന സമാനമായ പ്രശ്‌നം തന്നെയാണ് സംസ്ഥാന പോലീസിലും ഉള്ളതെന്നാണ് അറിയാന്‍ കഴിയുന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി കൂടിവരുമ്പോഴും സ്ത്രീസുരക്ഷ വാക്കില്‍ മാത്രം ഒതുങ്ങിവെക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

Latest