Connect with us

Kozhikode

പരിശുദ്ധ ഖുര്‍ആന്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം: കാന്തപുരം

Published

|

Last Updated

ബാലുശ്ശേരി: പരിശുദ്ധ ഖുര്‍ആന്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിട്ടാണ് ഇറക്കപ്പെട്ടതെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കിനാലൂര്‍ മര്‍കസുല്‍ ഹിദായ വാദി അല്‍ ബുര്‍ഹാനില്‍ നടന്ന ദേശീയ തല ഖുര്‍ആന്‍ ഹിഫഌ പാരായണ മത്സര വിജയികള്‍ക്ക് അവാര്‍ഡ് ദാനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്കാലത്തെയും ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശിയായ ഖുര്‍ആന്‍ മാറ്റിമറിക്കാന്‍ സാധ്യമല്ലാത്ത ഒന്നാണ്. ഒരുതരത്തിലുള്ള കൈകടത്തലുകളും നടത്താത്ത ലോകത്തിലെ ഏക ഗ്രന്ഥം ഖുര്‍ആനാണെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുല്‍റഷീദ് സഖാഫി കുറ്റിയാടി അധ്യക്ഷത വഹിച്ചു. സയ്യിദ് മശ്ഹൂര്‍ മുല്ലകോയതങ്ങള്‍ വാവാട് പ്രാര്‍ത്ഥന നടത്തി. അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, നൂറുദ്ദീന്‍ സഖാഫി സംസാരിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ ലത്വീഫി, മഹമൂദ് സഖാഫി, സ്വാലിഹ് സഖാഫി , അബ്ദുറഹ്മാന്‍ സഖാഫി കെ എച്ച് കോയ ഹാജി, ഹാഫിള് മഹ്‌റൂഫ് സംബന്ധിച്ചു. സാദിഖ് അറപ്പീടിക സ്വാഗതവും ശംസുദ്ദീന്‍ എളേറ്റില്‍ നന്ദിയും പറഞ്ഞു.
മത്സരത്തില്‍ കാരന്തൂര്‍ മര്‍കസ് ഹിഫഌല്‍ ഖുര്‍ആന്‍ കോളജ് വിദ്യാര്‍ഥിയും മലപ്പുറം വാവൂര്‍ സ്വദേശിയുമായ ഫള്‌ലുല്ലക്കാണ് ഹിഫഌല്‍ ഒന്നാം സ്ഥാനം ലഭിച്ചത്. മര്‍കസിലെ തന്നെ ശരീഅത്ത് കോളജിലെ ഹാമിദ് മാളിയേക്കലിനാണ്(24)നാണ് ഖിറാഅത്തില്‍ ഒന്നാം സ്ഥാനം. ഹിഫഌല്‍ മര്‍കസ് ശരീഅത്ത് കോളജിലെ മുഹമ്മദ് അബൂബക്കര്‍ രണ്ടാം സ്ഥാനവും അനസ് മാലിക് തളങ്കര മൂന്നാം സ്ഥാനവും നേടി. ഖിറാഅത്തില്‍ മഅദിന്‍ ദഅ്‌വ കോളജിലെ മുഈനുദ്ദീന്‍ മടവൂര്‍, സിറാജുല്‍ ഹുദ ദഅ്‌വ കോളജിലെ ഉനൈസ് ബുസ്താനാബാദ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഇരുവിഭാഗത്തിലുമായി പത്തുവീതം വിദ്യാര്‍ഥികള്‍ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരായി. ജേതാക്കള്‍ക്ക് കാഷ് പ്രൈസും സഈദ് ഖലീഫ അല്‍ഫുഖാഈ നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡും ലഭിച്ചു.

Latest