Connect with us

Malappuram

തെന്നലയില്‍ യു ഡി എഫില്ല; ലീഗിനെതിരെ ജനകീയ മുന്നണി

Published

|

Last Updated

കോട്ടക്കല്‍: തെന്നല പഞ്ചായത്തില്‍ ലീഗിനെതിരെ ജനകീയ മുന്നണി രംഗത്ത്. പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി തെന്നലയില്‍ യു ഡി എഫ് സംവിധാനം തകര്‍ന്നതോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ജനകീയ മുന്നണി രംഗത്തിറങ്ങിയത്.
സി പി എം, പി ഡി പി എന്നിവയുമായി ചേര്‍ന്നാണ് മത്സരം പഞ്ചായത്തിലെ 17 വാര്‍ഡിലും ലീഗിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടാകും. കഴിഞ്ഞ തവണ ഇവിടെ 17 സീറ്റില്‍ 13 ല്‍ ലീഗും നാലെണ്ണത്തില്‍ കോണ്‍ഗ്രസുമാണ് ജനവിധി തേടിയിരുന്നത്. എന്നാല്‍ രഹസ്യമായി ലീഗ് കോണ്‍ഗ്രസിനെതിരെ നാലിടത്തും സ്വതന്ത്രരെ നിര്‍ത്തി. ഇതിലൊരു സ്വതന്ത്രന്‍ വിജയിക്കുകയും ചെയ്തിരുന്നു.
ഇപ്രാവശ്യം യു ഡി എഫ് യോഗത്തില്‍ കോണ്‍ഗ്രസിന് മൂന്നിടത്ത് മത്സരിച്ചാല്‍ മതിയെന്ന നിലപാടുമായി ലീഗ് ഉറച്ചുനിന്നതോടെ യു ഡി എഫ് ബന്ധം തകരുകയായിരുന്നു. നാലു സീറ്റ് വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തോട് ലീഗ് കൃത്യമായ മറുപടി നല്‍കാതെ സമയം വൈകുകയായിരുന്നു. ഇന്ന് പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസമായതിനാല്‍ പ്രതീക്ഷ കൈവിട്ട കോണ്‍ഗ്രസ് ജനകീയ മുന്നണിക്ക് രൂപം നല്‍കി.
തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ യു ഡി എഫ് സംവിധാനമുള്ള സുപ്രധാന പഞ്ചായത്തായ തെന്നലയില്‍ സഖ്യം തകര്‍ന്നത് ലീഗിന് ക്ഷീണം ചെയ്‌തേക്കും. തെന്നല പഞ്ചായത്തില്‍ നിന്ന് ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തലങ്ങളിലേക്ക് ലീഗ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. ഇവര്‍ക്കുള്ള വോട്ടും ഇതിലൂടെ നഷ്ടമാകും. കൂടാതെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ഭിന്നത ബാധിക്കാനിടയുണ്ട്.

Latest