Connect with us

Gulf

പ്രവാസി ഇന്‍ഷ്വറന്‍സ്; കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുക്കണം: ഡോ.ആസാദ് മൂപ്പന്‍

Published

|

Last Updated

ദുബൈ: പ്രവാസി ഇന്‍ഷ്വറന്‍സ് യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയടുക്കണമെന്ന് ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുപ്പതും നാല്‍പതും വര്‍ഷം ഗള്‍ഫില്‍ കഴിച്ചുകൂട്ടി രോഗങ്ങളുമായി മടങ്ങേണ്ടി വരുന്ന പ്രവാസിക്ക് തന്റെ സമ്പാദ്യം മുഴുവന്‍ പലപ്പോഴും മാരകരോഗങ്ങളുടെ ചികിത്സക്കായി ചെലവഴിക്കേണ്ടി വരുന്ന സ്ഥിതിയാണുള്ളത്. ഇതിന് ശാശ്വതമായ പരിഹാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക പങ്കാളിത്തത്തോടെയുള്ള ഇന്‍ഷ്വറന്‍സ് സ്‌കീം മാത്രമാണ്. സര്‍ക്കാരുകള്‍ നിശ്ചിത സംഖ്യ മുടക്കി മുന്‍കൈയെടുക്കുകയും പ്രവാസികള്‍ക്ക് ഭാരമാവാത്ത പ്രീമിയം രൂപ്പപെടുത്തുകയും ചെയ്താല്‍ എല്ലാ പ്രവാസികള്‍ക്കും ഏറെ അനുഗ്രഹമാവും.
ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ടാല്‍ ഇതിനുള്ള ആകര്‍ഷകമായ സ്‌കീമുകള്‍ ലഭ്യമാവുമെന്നാണ് അറിയുന്നത്. ഗ്രൂപ്പിന് കീഴില്‍ വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഡി എം വിംസ് മെഡിക്കല്‍ കോളജില്‍ അര്‍ബുദ ചികിത്സക്ക് പ്രത്യേകം ബ്ലോക്ക് നിര്‍മിച്ചിട്ടുണ്ട്്. റേഡിയേഷന്‍ ഓങ്കോളജിയില്‍ രാജ്യത്തെ മികച്ച സൗകര്യമാണ് ഇവിടെ രൂപപ്പെടുത്തിയിരിക്കുന്നത്. മലബാറിലെ ജനങ്ങള്‍ക്ക് അര്‍ബുദ ചികിത്സക്ക് തിരുവനന്തപുരത്തും മറ്റും പോകുന്നത് ഒഴിവാക്കാന്‍ ഇത് ഉപകാരപ്പെടും. 10 കോടി രൂപയാണ് ഇതുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ക്കായി ചെലവിട്ടിരിക്കുന്നത്. 30,000 മുതല്‍ 40,000 വരെ ചെലവ് വരുന്നതാണ് ഈ ചികിത്സ. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ആസ്റ്റര്‍ ഗ്രൂപ്പിന്റെ ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി സൗജന്യ ചികിത്സയും ലഭ്യമാക്കിയിട്ടുണ്ടെന്നും ഡോ. ആസാദ് മൂപ്പന്‍ വെളിപ്പെടുത്തി.
വര്‍ഷാവര്‍ഷം നടത്തുന്ന പ്രവാസി ഭാരതീയ ദിവസ് രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടത്താന്‍ ആലോചിക്കുന്നതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ക്ഷണിതാക്കള്‍ക്ക് മാത്രം പ്രവേശനം എന്ന രീതിയിലേക്ക് മാറ്റുമെന്നും മന്ത്രി പറയുകയുണ്ടായി.
എന്നാല്‍ ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് മുമ്പ് പ്രവാസി സമൂഹത്തിന്റെ അഭിപ്രായം തേടണമെന്ന്് ഡോ. ആസാദ് മൂപ്പന്‍ ആവശ്യപ്പെട്ടു. നടത്തിപ്പില്‍ മാറ്റമുണ്ടാക്കിയാല്‍ എല്ലാ വര്‍ഷവും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദി ഇല്ലാതാവും. രണ്ടു വര്‍ഷത്തിലൊരിക്കല്‍ പ്രവാസി ഭാരതീയ ദിവസ് നടത്തിയാല്‍ അത് പ്രവാസി സമൂഹത്തിന് ഗുണകരമാവില്ല. മാത്രമല്ല ക്ഷണിക്കപ്പെടുന്നവരെ മാത്രം ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്നും നിലവിലുള്ള സ്ഥിതി തുടരണം.
ഗള്‍ഫ് ഉള്‍പെടെയുള്ള മേഖലകളില്‍ പ്രവാസി ഭാരതീയ ദിവസ് നടത്തി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest