Connect with us

National

ദാദ്രി സംഭവം: മോദിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: ദാദ്രി സംഭവം ദൗര്‍ഭാഗ്യകരമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ദാദ്രി സംഭവത്തിലും മുംബൈയില്‍ ഗുലാം അലിയെ പാടാന്‍ ശിവസേന അനുവദിക്കാത്തതിലും കേന്ദ്രസര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് കൈ കഴുകുന്നത് ഉചിതമായ കാര്യമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞു. ഇത്തരം സംഭവങ്ങളെ നിസാരവല്‍ക്കരിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും സച്ചിന്‍ കുറ്റപ്പെടുത്തി.

ബി ജെ പി സര്‍ക്കാര്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും അവരുടെ സഖ്യകക്ഷികളില്‍ നിന്നു തന്നെയാണ്. അസഹിഷ്ണുത സമൂഹമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു. ലോകം ഇതു കാണുന്നുണ്ട്. ഇതാണ് തികച്ചും ദൗര്‍ഭാഗ്യകരം. ദിനംപ്രതി നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. രാജ്യത്തിന്റെ പൈതൃക മൂല്യങ്ങളെ നശിപ്പിക്കുന്ന വിഭാഗീയ ശക്തികളെ കൂടുതല്‍ ശക്തരാക്കുവാന്‍ അനുവദിക്കരുതെന്നും സച്ചിന്‍ പറഞ്ഞു.

ഇത് വെറും രാഷ്ട്രീയമല്ല, നമ്മുടെ രാജ്യത്തെക്കുറിച്ചുള്ളതാണ്. എന്തു തരത്തിലുള്ള പ്രത്യശാസ്ത്രങ്ങളാണ് നമ്മള്‍ പ്രചരിപ്പിക്കുന്നത്. ഇന്ത്യയുടെ മതേതര ചിന്താഗതികളെ വിഭജിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് അധികാരത്തിലിരിക്കുന്ന വ്യക്തികളുടെ ഓരോ വാക്കുകളും എണ്ണി തിട്ടപ്പെടുത്തി നോക്കിയാല്‍ മനസ്സിലാകും. ഇതൊരിക്കലും ഇന്ത്യ അംഗീകരിക്കില്ലെന്നും സച്ചിന്‍ വ്യക്തമാക്കി.