Connect with us

International

മാലിദ്വീപ് പ്രസിഡന്റ് സഞ്ചരിച്ച ബോട്ടില്‍ സ്‌ഫോടനം: പ്രതിരോധ മന്ത്രിയെ നീക്കി

Published

|

Last Updated

കൊളംബോ: മാലിദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ സഞ്ചരിച്ചിരുന്ന ബോട്ട് കഴിഞ്ഞ സെപ്തംബര്‍ 28ന് സ്‌ഫോടനത്തില്‍ തകര്‍ന്ന സംഭവത്തില്‍ മാലിദ്വീപ് പ്രതിരോധ മന്ത്രിയെ നീക്കി. സുരക്ഷാ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്നും അബ്ദുല്ല യമീനിനെ വധിക്കാനുള്ള ശ്രമമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രി മൂസ അലി ജലീലിനെ തത്സാഥനത്ത് നിന്ന് നീക്കിയത്.
മൂസ അലി ജലീലിനെ പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതായി പ്രസിഡന്റിന്റെ വക്താവ് ഇബ്‌റാഹിം സുആസ് അലി ട്വീറ്റ് ചെയ്തു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ലഭിച്ചിട്ടില്ല.
സെപ്തംബര്‍ 28ന് പ്രസിഡന്റ് സഞ്ചരിച്ച ബോട്ടില്‍ നടന്ന സ്‌ഫോടനത്തില്‍ നിന്ന് തലനാരിഴക്കാണ് അബ്ദുല്ല യമീന്‍ രക്ഷപ്പെട്ടത്. അബ്ദുല്ല യമീനിന്റെ ഭാര്യക്കും മറ്റു രണ്ട് പേര്‍ക്കും സ്‌ഫോടനത്തില്‍ ചെറിയ പരുക്കുകള്‍ പറ്റിയിരുന്നു. അബ്ദുല്ല യമീനിന്റെ ബോട്ടിലുണ്ടായിരുന്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
കഴിഞ്ഞ വര്‍ഷാവസാനം മാലിദ്വീപ് പ്രതിരോധ മന്ത്രിയായിരുന്ന മുഹമ്മദ് നാസിമിനെ ആയുധക്കടത്തിന് അറസ്റ്റ് ചെയ്ത് 11 വര്‍ഷത്തെ തടവിന് ശിക്ഷ വിധിച്ച് ജയിലിലടച്ചിരുന്നു. ഈ ഒഴിവിലേക്കാണ് കഴിഞ്ഞ ജനുവരിയില്‍ മൂസ അലി ജലീലിനെ പ്രതിരോധ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

Latest