Connect with us

Kerala

ശാശ്വതീകാനന്ദയുടെ മരണം: ക്രൈം ബ്രാഞ്ച് എസ് പി അന്വേഷിക്കും

Published

|

Last Updated

കൊച്ചി: ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശ്വാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ചുള്ള തുടരന്വേഷണ സാധ്യത പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം ക്രൈം ബ്രാഞ്ച് എസ് പിയെ ചുമതലപ്പെടുത്തി. ക്രൈംബ്രാഞ്ച് എസ് പി. പി കെ മധുവിനാണ് ചുമതല. എ ഡി ജി പി ആനന്ദകൃഷ്ണനാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ശ്വാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് ഉയര്‍ന്നുവരുന്ന ആരോപണങ്ങളും വിശദീകരണങ്ങളും എസ് പി പരിശോധിക്കണം. നേരത്തെ നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ചതാണോ എന്നും പരിശോധിക്കണം. സമഗ്രമായ റിപ്പോര്‍ട്ട് എത്രയുംവേഗം കൈമാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രി എ ഡി ജി പിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് നടപടി. നേരത്തെ ക്രൈം ബ്രാഞ്ച് വിഭാഗത്തിലെ ഏഴ് എസ് പിമാരുടെ കീഴില്‍ ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് അന്വേഷണം നടന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കുന്ന എട്ടാമത്തെ എസ് പിയാണ് പി കെ മധു.
സ്വാമിയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന് ബിജു രമേശ് വെളിപ്പെടുത്തിയതോടെയാണ് മരണം സംബന്ധിച്ച ചര്‍ച്ച ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും ചൂടുപിടിച്ചത്. വെള്ളാപ്പള്ളിയും മകന്‍ തുഷാറുമാണ് മരണത്തിനുത്തരവാദികള്‍ എന്നും പ്രവീണ്‍ വധക്കേസില്‍ പ്രതിയായ പള്ളുരുത്തി പ്രിയന്‍ ആണ് കൊല നടത്തിയതെന്നും ബിജു ആരോപിച്ചിരുന്നു. എന്നാല്‍ ബിജു രമേശിന് മീഡിയാ മാനിയ ആണെന്നും ചാനലില്‍ പറയുന്നതല്ലാതെ ബിജു ഒരു തെളിവും കാണിച്ചിട്ടില്ലെന്നും പ്രിയന്‍ ഫോണില്‍ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജയിലില്‍ നിന്നെഴുതിയെന്നു പറയുന്ന കത്ത് കാണിക്കാനും ബിജുവിനെ പ്രിയന്‍ വെല്ലുവിളിച്ചു. പ്രവീണ്‍ വധക്കേസില്‍ ജയിലില്‍ കിടക്കുമ്പോള്‍ മറ്റൊരാളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് താന്‍ ഏത് വാര്‍ഡനോടാണ് പറഞ്ഞതെന്ന് ബിജു രമേശ് വ്യക്തമാക്കണം. ആരോപണം ഉന്നയിച്ച ബിജു രമേശിനെ അറിയില്ല. ബിജു രമേശിന് നട്ടെല്ലുണ്ടെങ്കില്‍ ആരോപണങ്ങള്‍ക്ക് തെളിവ് ഹാജരാക്കണമെന്നും താന്‍ ഒളിവിലല്ലെന്നും ബിസിനസ് സംബന്ധമായ യാത്രയിലാണെന്നും പ്രിയന്‍ പറഞ്ഞു.
അതേസമയം, സ്വാമി ശാശ്വതീകാനന്ദയുടേത് മുങ്ങിമരണമെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ശാശ്വതീകാനന്ദയുടെ തലയില്‍ മുറിവുണ്ടായിരുന്നു. എന്നാലിത് മരണകാരണമല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പുരികത്തിനു മുകളില്‍ രണ്ടര സെന്റിമീറ്റര്‍ വലിപ്പത്തിലായിരുന്നു മുറിവ്. ശ്വാസകോശവും ഹൃദയവും തലച്ചോറും വിശദമായി പരിശോധിച്ചെന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആലുവ ഗവ. ആശുപത്രിയില്‍ അസിസ്റ്റന്റ് സര്‍ജനായിരുന്ന ഡോ. അനിലാകുമാരിയുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്.

Latest